ADVERTISEMENT

പള്ളൂർ ∙ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. തലശ്ശേരി–മാഹി ബൈപാസിലെ ഈസ്റ്റ് പള്ളൂർ സിഗ്നൽ ജംക്‌ഷൻ ചോരവീണ് ചുവന്നു. ഒരാഴ്ചയ്ക്കിടെ സംഭവിച്ചത് രണ്ട് മരണങ്ങൾ. പരുക്കേറ്റത് അഞ്ചുപേർക്ക്. രണ്ടര മാസത്തിനിടെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ നടന്നതിനാൽ സിഗ്നൽ ജംക്‌ഷനും പരിസരത്തുമെല്ലാം വാഹനങ്ങളുടെ ഭാഗങ്ങൾ ചിതറിക്കിടക്കുന്നതു കാണാം. സിഗ്നൽ കാത്തുകിടന്ന ലോറിക്കു പിന്നിൽ കാറിടിച്ച് കഴിഞ്ഞ ആഴ്ച ആലപ്പുഴ സ്വദേശി കൊല്ലപ്പെട്ട സാഹചര്യത്തിൽ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ ഇന്നലെ രാത്രി മുതൽ നടപ്പാക്കാനിരിക്കെയാണ് രാവിലെ വീണ്ടും അപകടങ്ങൾ സംഭവിച്ചത്.

സിഗ്നലുകളോ വീതിയേറിയ മീഡിയനുകളോ ഇല്ലാതെ തടസ്സരഹിതമായ യാത്രയാണ് ദേശീയപാത 66 ഉറപ്പു നൽകുന്നത്. ഇക്കാര്യം ബന്ധപ്പെട്ടവർ പലവട്ടം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ പ്രതീക്ഷയിൽ ആറുവരിപ്പാതയിൽ അതിവേഗം വാഹനം ഓടിച്ചുവരുന്നവർക്കു മുന്നിൽ പൊടുന്നനെ സിഗ്നൽ പ്രത്യക്ഷപ്പെടുന്ന സ്ഥിതിയാണ്. ടോൾ ബൂത്തിന് ഇരുവശത്തും ഏതാണ്ട് ഒരു കിലോമീറ്റർ അകലെ മുതൽ സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മുന്നിൽ സിഗ്നലുണ്ടെന്നു സൂചിപ്പിക്കാൻ ബോർഡുകൾ സ്ഥാപിക്കാത്തതും അപകടസാധ്യതയേറ്റുന്നു. 

പലപ്പോഴും സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങളെ മറികടന്ന് കുതിക്കുമ്പോൾ ബൈപാസിനു കുറുകെ ചൊക്ലി– പെരിങ്ങാടി റോഡിലുള്ള വാഹനങ്ങൾ കടന്നുപോകുകയായിരിക്കും. അഴിയൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ സർവീസ് റോഡിൽ നിന്നും ബൈപാസിൽ നിന്നും പലപ്പോഴും സിഗ്നൽ അവഗണിച്ചാണ് ചൊക്ലി, പള്ളൂർ ഭാഗത്തേക്ക് പോകാൻ ശ്രമിക്കുന്നത്. ചൊക്ലി, പന്തക്കൽ, പള്ളൂർ മേഖലയിൽ ഉള്ളവർക്ക് മാഹി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാൻ എളുപ്പം നിലവിൽ ബൈപാസ് റോഡാണ്. ഇന്നലെ ഓട്ടോറിക്ഷ ഡ്രൈവർ അപകടത്തിൽപ്പെട്ടതും റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കി വരുമ്പോഴാണ്.പെരിങ്ങാടി റോഡിൽ നിന്നു സിഗ്നൽ ജംക്‌ഷനിൽ പ്രവേശിക്കാതെ തലശ്ശേരി ഭാഗത്തെ സർവീസ് റോഡിനെ ആശ്രയിക്കാൻ നിലവിൽ സാധിക്കില്ല. സിഗ്നൽ മുതൽ പള്ളൂർ ശ്രീനാരായണ സ്കൂൾ അടിപ്പാത വരെ സർവീസ് റോഡ് ഇല്ല. ഇവിടെ സർവീസ് റോഡിനുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകാത്തതാണ് തടസ്സം. 

ടോൾ ബൂത്ത് പരിസരത്തു മാത്രമാണ് തെരുവു വിളക്കുകളുള്ളത്. ഇതും രാത്രിയിൽ അപകട സാധ്യത വർധിപ്പിക്കുന്നു. ക്യാമറകൾ സ്ഥാപിക്കാത്തത് ഗതാഗത നിയമ ലംഘകർക്ക് ധൈര്യമേകുന്നുണ്ട്. വേഗപരിധി ലംഘിച്ചും സിഗ്നൽ പാലിക്കാതെയും സർവീസ് റോഡുകളിൽ ദിശ തെറ്റിച്ചും വാഹനം ഓടിക്കാൻ ചിലർ മുതിരുന്നത് ക്യാമറക്കണ്ണിൽ പെടില്ലെന്ന ധൈര്യത്തിലാണ്. കവിയൂർ ഭാഗത്ത് ഉൾപ്പെടെ സർവീസ് റോഡുകൾ തുടങ്ങുന്ന ഭാഗത്ത് ലോറികൾ നിരനിരയായി നിർത്തിയിടുന്നതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. കഴിഞ്ഞ ദിവസം രമേശ് പറമ്പത്ത് എംഎൽഎയുടെ സാന്നിധ്യത്തിൽ മാഹി അഡ്മിനിസ്ട്രേറ്റർ വിളിച്ചു യോഗത്തിൽ രാത്രി ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇന്നലെ മുതൽ രാത്രി 10നും രാവിലെ 6നും ഇടയിൽ സിഗ്നൽ ജംക്‌ഷനിലെ പെരിങ്ങാടി – ചൊക്ലി റോഡ് അടച്ചിടാൻ തുടങ്ങി. ഇതിനു മുൻപാണ് രാവിലെ രണ്ട് അപകടങ്ങളിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com