ഒരുകാര്യം പറയാനുണ്ടെന്നു പറഞ്ഞ് വിളിച്ചിറക്കി ബാങ്ക് ജീവനക്കാരിയെ വെട്ടി; ഭർത്താവ് അറസ്റ്റിൽ

Mail This Article
തളിപ്പറമ്പ് ∙ ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ബാങ്കിൽനിന്ന് വിളിച്ചിറക്കി കൊടുവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എസ്ബിഐ പൂവം ശാഖയിൽ വ്യാഴം ഉച്ചകഴിഞ്ഞ് 3.45ന് ആണ് സംഭവം. കാഷ്യർ ആലക്കോട് അരങ്ങം വട്ടക്കയത്തെ എം.എം.അനുപമയ്ക്ക് (39) ആണ് വെട്ടേറ്റത്. ഭർത്താവ് കാർത്തികപുരം സ്വദേശി, ഏഴാംമൈലിൽ വാടകയ്ക്ക് താമസിക്കുന്ന അനുരൂപിനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി.

ഒരുകാര്യം പറയാനുണ്ടെന്നു പറഞ്ഞാണ് അനുരൂപ് അനുപമയെ വിളിച്ചിറക്കിയത്. പുറത്തിറങ്ങിയ ഉടൻ വെട്ടുകയായിരുന്നു. നിലവിളിച്ച് ബാങ്കിലേക്ക് ഓടിക്കയറിയ അനുപമയെ പിന്നാലെചെന്ന് വെട്ടി. പുറത്തും തലയിലുമാണ് വെട്ടേറ്റത്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ കൊടുവാൾ പിടിച്ചുവാങ്ങിയശേഷം ഇയാളെ കെട്ടിയിട്ടു. സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനുപമയുടെ പരുക്കുകൾ ഗുരുതരമല്ല.
കുടുംബപ്രശ്നങ്ങൾ കാരണം അനുപമ ആറു മാസമായി 6 വയസ്സുള്ള മകൾക്കൊപ്പം അരങ്ങത്ത് മാതാപിതാക്കൾക്കൊപ്പമാണ് താമസം. മുൻപും ഇയാൾ മദ്യപിച്ചെത്തി അനുപമയെ ആക്രമിച്ചിരുന്നത്രെ. ഇതുസംബന്ധിച്ച് ആലക്കോട് പൊലീസിൽ പരാതിയും നൽകിയിരുന്നു. ബാങ്കിൽ കയറി വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. വധശ്രമത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. തളിപ്പറമ്പ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിലാണ് അനുരൂപിനെ കസ്റ്റഡിയിലെടുത്തത്.