അന്യസംസ്ഥാന പൂച്ചകൾക്ക് 13,440 രൂപ പിഴയും ‘തടവും’; കൂടു നിർമിച്ച് ക്വാറന്റീൻ...

Mail This Article
കൊല്ലം ∙ മുംബൈയിൽ നിന്നു കൊണ്ടു വന്ന പൂച്ചകൾക്കു 13,440 രൂപ പിഴയും ‘തടവും’. പൂച്ചകൾ വഴിയും കോവിഡ് പകരാമെന്നുള്ള ഭയം മൂലമാണ് 7 പൂച്ചകളെ ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ ആക്കിയത്. വിദേശ ഇനത്തിൽ പെട്ടതാണ് ഇവ.മുംബൈ സ്വദേശികളായ 2 യുവാക്കളാണ് വിൽപനയ്ക്ക് പൂച്ചകളുമായി ട്രെയിനിൽ കൊല്ലത്ത് എത്തിയത്. പൂച്ചയെ വാങ്ങാൻ കരുനാഗപ്പള്ളി , മങ്ങാട് സ്വദേശികളും റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.
ആന്റി കൊറോണ ഹെൽപ് ഡെസ്കിലെ റവന്യു ഉദ്യോഗസ്ഥരും ട്രാക്ക് വൊളന്റിയർമാരും ചേർന്നു നടത്തിയ പരിശോധനയിൽ അനധികൃതമായാണു പൂച്ചകളെ കൊണ്ടുവന്നതെന്നു കണ്ടെത്തി. ഡപ്യൂട്ടി തഹസിൽദാർ എ.ആഞ്ചലോസ്, റെയിൽവേ പൊലീസ് എ എസ് ഐ ഷാജഹാൻ, ട്രാക്ക് സെക്രട്ടറി ജോർജ് എഫ്. സേവ്യർ വലിയവീട് എന്നിവർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് കേസെടുത്തു പിഴ ഈടാക്കി.
പൂച്ചകളെ വാങ്ങിയവർ അവരുടെ വീടുകളിൽ കൂടു നിർമിച്ച് അവയെ ക്വാറന്റീനിൽ ആക്കാൻ നിർദേശം നൽകി. മുംബൈ സ്വദേശികളെ റെയിൽവേ സ്റ്റേഷനിൽ നിന്നു പുറത്തുപോകാൻ അനുവദിച്ചില്ല. ഇന്നലെ അവർ മുംബൈയിലേക്കു മടങ്ങി.