പെൻസിൽമുന ചുരണ്ടി എ.ജിഷാൽ മോൻ കുറിച്ചതു ചരിത്രനേട്ടം!
Mail This Article
കൊല്ലം ∙ പെൻസിൽമുന ചുരണ്ടി എ.ജിഷാൽ മോൻ കുറിച്ചതു ചരിത്രനേട്ടം. 18 ഇന്ത്യൻ ആയോധന കലകളുടെ പേരു കുറിച്ചിട്ടാണു മൂന്നാംകുറ്റി സ്വദേശിയായ ഈ പതിനെട്ടുകാരൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത്. പെൻസിൽ കാർവിങ്ങിലൂടെ ഏറ്റവും കൂടുതൽ ഇന്ത്യൻ ആയോധന കലകൾ കുറിച്ചിട്ടതിനാണ് ഈ അംഗീകാരം.
കളരിപ്പയറ്റ്, മല്ലയുദ്ധം, മുഷ്ടി യുദ്ധം, സിലമ്പം, മർദനി ഖേൽ തുടങ്ങി 18 ആയോധന കലകളുടെ പേരുകളാണു ജിഷാൽ പെൻസിൽ മുനയിൽ കൊത്തിയെടുത്തത്. ഒരു സമ്മാനം കൊടുക്കാനായി ഇത്തരമൊന്നു വാങ്ങാൻ ശ്രമിച്ചപ്പോൾ അതിന്റെ ഉയർന്ന വില കാരണം നടന്നില്ല. ഇതോടെ ഈ വിദ്യ പഠിച്ചെടുക്കുകയായിരുന്നു.
195 ലോക രാജ്യങ്ങളുടെ പേര് എഴുതിയായിരുന്നു ആദ്യ ശ്രമം. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ അതു തീർക്കാനായില്ല. രണ്ടാം ശ്രമത്തിനാണ് ആയോധന കല പുറത്തെടുത്തത്. അതു ലക്ഷ്യം കണ്ടു. കിളികൊല്ലൂർ മൂന്നാംകുറ്റി മംഗലം നഗർ 64ൽ അബ്ദുൽ ജബ്ബാറിന്റെയും ഷീബയുടെയും മകനാണു ജിഷാൽ. സഹോദരൻ ജഷീൽ. കരിക്കോട് ടികെഎം ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു കഴിഞ്ഞു ബിബിഎയ്ക്കു പ്രവേശനം കാത്തിരിക്കുകയാണ്.