കൊല്ലം–ചെങ്കോട്ട റൂട്ടിൽ ‘ചൂളംവിളി’; ചെന്നൈ എഗ്‌മൂർ-കൊല്ലം സ്പെഷൽ എക്സ്പ്രസ് സർവീസിനു തുടക്കമായി

Mail This Article
കൊല്ലം ∙ കോവിഡ് ലോക്ഡൗണിനെ തുടർന്നു നിർത്തിയ കൊല്ലം-ചെങ്കോട്ട ലൈനിൽ ട്രെയിൻ സർവീസ് ആരംഭിച്ചു. ചെന്നൈ എഗ്‌മൂർ-കൊല്ലം സ്പെഷൽ എക്സ്പ്രസ് സർവീസിനു തുടക്കമായി. എന്നാൽ, നിലവിലുണ്ടായിരുന്ന സ്റ്റോപ്പുകളായ ഇടമൺ, തെന്മല എന്നിവ റദ്ദാക്കിയതിനാൽ ഇവിടെ നിർത്തിയില്ല. ചെങ്കോട്ട കഴിഞ്ഞാൽ പുനലൂരിലാണ് സ്റ്റോപ്പുള്ളത്. പിന്നീട് ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ഞായറാഴ്ച വൈകിട്ട് 5ന് ചെന്നൈ എഗ്‌മൂർ സ്റ്റേഷനിൽ നിന്നു യാത്ര തിരിച്ച ട്രെയിൻ ഇന്നലെ രാവിലെ 7.10ന് പുനലൂർ സ്റ്റേഷനിലും രാവിലെ 8.45ന് കൊല്ലം റെയിൽവേ സ്റ്റേഷനിലും എത്തിച്ചേർന്നു. ഉച്ചയ്ക്ക് 12ന് കൊല്ലത്ത് നിന്നു പുറപ്പെട്ട ട്രെയിൻ ചൊവ്വാഴ്ച പുലർച്ചെ 3.05ന് എഗ്മൂറിൽ എത്തിച്ചേരും. പ്രതിദിന ട്രെയിനാണ്. ടിക്കറ്റ് റിസർവ് ചെയ്യുന്നവർക്കേ യാത്ര ചെയ്യാനാകൂ. പുനലൂർ സ്റ്റേഷനിലടക്കം റിസർവേഷൻ ചെയ്യാം. കൊല്ലത്തു നിന്നു ചെന്നൈയിലേക്കുള്ള സർവീസിൽ കാര്യമായ തിരക്കുണ്ടായില്ല.
യാത്രാനിരക്കിൽ ഇരുട്ടടി വരുന്നു
കൊല്ലം ∙ റെയിൽവേ ടൈംടേബിൾ പരിഷ്കരിക്കുമ്പോൾ പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ്/മെയിൽ ട്രെയിനുകൾ ആക്കിയാൽ സാധാരണക്കാരുടെ യാത്രാ നിരക്കിലും വൻ മാറ്റത്തിനു സാധ്യത. നല്ലൊരു പങ്കു യാത്രക്കാരും എക്സ്പ്രസ് നിരക്കിനൊപ്പം റിസർവേഷൻ ചാർജും നൽകേണ്ടിവരും. പാസഞ്ചർ ട്രെയിനുകളിലെ യാത്രക്കാരിൽ നല്ലൊരു ശതമാനവും സാധാരണക്കാരും ഹ്രസ്വദൂര യാത്രകൾ ചെയ്യുന്നവരുമാണ്.
ഇവർക്കായി ചുരുക്കം അൺറിസർവ്ഡ് കോച്ചുകൾ മാത്രമായിരിക്കും ഇനി ഉണ്ടാവുക. ബാക്കിയുള്ളവർ റിസർവ്ഡ് കോച്ചിൽ കയറാൻ നിർബന്ധിതരാകും. അതേസമയം ഇവയുടെ സ്റ്റോപ്പുകളുടെ എണ്ണത്തിലും കാര്യമായ കുറവു വരും. ചെറിയ സ്റ്റോപ്പുകൾ പൂർണമായി ഒഴിവാക്കാനാണു സാധ്യത. ഇതോടെ ഹ്രസ്വദൂര യാത്രക്കാർക്കു ട്രെയിൻ യാത്ര പൂർണമായും അപ്രാപ്യമാകും.