വികസനം ലക്ഷ്യമിട്ട് കോടികളുടെ നിർമാണം; ഫലം കാണാതെ പുനലൂർ കെഎസ്ആർടിസി സ്റ്റാൻഡ്

Mail This Article
പുനലൂർ ∙ വികസനം ലക്ഷ്യമിട്ട് കോടികളുടെ നിർമാണം നടത്തിയിട്ടും ഫലം കാണാതെ പുനലൂർ കെഎസ്ആർടിസി സ്റ്റാൻഡ് .100 ലധികം സർവീസുകൾ വിജയകരമായി നടത്തിയിരുന്ന സ്റ്റാൻഡിൽ നിന്ന് 50 ൽ താഴെ സർവീസുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ദിനം പ്രതി സർവീസ് നടത്തുന്നവയുടെ എണ്ണം 35 ൽ താഴെ മാത്രം. ബസുകളുടെ കുറവും ഡ്രൈവർ,കണ്ടക്ടർ ഒഴിവുകൾ നികത്താത്തതും കാരണങ്ങളായി ചൂണ്ടിക്കാണിക്കുമ്പോൾ അതിൽ മാത്രം ഒതുങ്ങുന്ന പ്രശ്നങ്ങൾ അല്ല നിലനിൽക്കുന്നത്. കോവിഡ് വ്യാപന കാലത്ത് സ്റ്റാൻഡിൽ നിന്ന് 35 ഓളം ഓർഡിനറി സർവീസുകൾ മറ്റിടങ്ങളിലേക്ക് കൊണ്ടു പോയിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അയവു വരുന്ന മുറയ്ക്ക് കൂടുതൽ സർവീസുകൾക്കായി ഇവ തിരികെ നൽകാമെന്നു വാഗ്ദാനം നൽകിയെങ്കിലും നാളിതുവരെ പാലിക്കപ്പെട്ടില്ല.
ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും പുനർ വിന്യാസം കഴിയുമ്പോൾ ജീവനക്കാരുടെ കുറവ് നികത്തപ്പെടും എന്ന പ്രതീക്ഷയും ഇപ്പോൾ അസ്ഥാനത്തായിരിക്കുകയാണ്. നിലവിലെ ബസുകൾ കൃത്യമായി ഷെഡ്യൂൾ ചെയ്ത് സർവീസ് ക്രമീകരിക്കുന്നതിനുള്ള ശ്രമത്തിന് പകരം ഡ്യൂട്ടി തികയ്ക്കുക എന്ന ഉദ്ദേശത്തോടു കൂടി മാത്രം ഓപ്പറേഷൻ തുടരുന്നതാണ് പ്രശ്നമെന്നാണ് യാത്രക്കാർ പറയുന്നത്. ഡീസൽ വിഷയത്തിൽ ജില്ലയിലെ മറ്റു സ്റ്റാൻഡുകളിൽ ഒന്നും രണ്ടും സർവീസുകൾ മാത്രം വെട്ടിക്കുറച്ചപ്പോൾ പുനലൂരിൽ ദിനം പ്രതി 15 മുതൽ 20 വരെ സർവീസുകൾ വെട്ടിക്കുറച്ചെന്നും ആരോപണം ഉണ്ട്. ചെയിൻ സർവീസുകൾക്ക് മികച്ച സാധ്യതയുള്ള സ്ഥലമാണ് പുനലൂർ.
ഇവിടെ നിന്ന് അടിയന്തിരമായി ആരംഭിക്കേണ്ടതായ പ്രാദേശിക സർവീസുകൾക്കും ചെയിൻ സർവീസുകൾക്കും ധാരാളം പ്രൊപ്പോസലുകളാണ് നൽകിയിട്ടുള്ളത്. അവയൊന്നും പരിഗണിക്കാൻ കോർപറേഷൻ തയാറായിട്ടില്ല. നിലവിലുള്ള ചെയിൻ സർവീസുകളുടെ നടത്തിപ്പിലും അലംഭാവം മൂലം കൊല്ലം, കായംകുളം, പത്തനംതിട്ട,പുനലൂരിന്റെ കിഴക്കൻ മേഖല ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്കുള്ള യാത്രക്കാരുടെ ദുരിതം വർധിച്ചിരിക്കുകയാണ്. പുനലൂർ,ചടയമംഗലം, പത്തനാപുരം,കുളത്തുപ്പുഴ,ആര്യങ്കാവ് എന്നീ ഡിപ്പോകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു റൂറൽ മേഖലയിൽ അനുവദിച്ച ജില്ലയിലെ രണ്ടാമത്തെ ക്ലസ്റ്റർ പുനലൂരിൽ അനുവദിക്കും എന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അനുവദിച്ചത് കൊല്ലം ക്ലസ്റ്ററിനോട് ചേർന്ന് കിടക്കുന്ന കൊട്ടാരക്കരയിൽ ആണ്.