ADVERTISEMENT

ചവറ∙ പാലത്തിൽ ‘വിമാനം ’കുടുങ്ങി, ദേശീയപാതയിൽ വാഹനങ്ങളും! പൊലീസിന് പെടാപ്പാട്., നാട്ടുകാർക്കും വഴിയാത്രക്കാർക്കും കൗതുകക്കാഴ്ച. ദേശീയപാതയിൽ ചവറ പാലത്തിലാണു മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെടുത്തി വിമാനവുമായെത്തിയ ട്രെയിലർ ലോറി കുടുങ്ങിയത്. തിരുവനന്തപുരത്ത് നിന്നു ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു പഴയ വിമാനത്തിന്റെ  ചിറക് ഒഴികെയുള്ള ഭാഗം. കൊല്ലം ബൈപാസിൽ ടോൾ പ്ലാസയ്ക്ക് സമീപം  നിർത്തിയിട്ടിരുന്ന ലോറി രാവിലെ പുറപ്പെട്ടു ഉച്ചയ്ക്ക് 12.30ന് ചവറ പാലത്തിലെത്തുകയും മുകളിലെ ക്രോസ് ബാറിൽ  തടഞ്ഞ് കുടുങ്ങുകയുമായായിരുന്നു.

തുടർന്ന് ചവറ പൊലീസ് എത്തി നിർദേശം നൽകിയതനുസരിച്ചു ലോറിയുടെ ടയറുകളുടെ കാറ്റഴിച്ചു വിട്ട് പാലം കടത്തി വിടുകയായിരുന്നു. കാറ്റില്ലാത്ത ടയറിൽ യാത്ര തുടർന്നാൽ അപകടമുണ്ടാകുമെന്നതിനാൽ പൊലീസ് നിർദേശപ്രകാരം ടയറുകൾ മാറ്റി ചവറ ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ടു. ലോറി പാലത്തിൽ നിന്നു മാറ്റിയെങ്കിലും ടയർ മാറ്റി ഒതുക്കി നിർത്തുന്നത് വരെയുള്ള സമയം ദേശീയപാത ഗതാഗതക്കുരുക്കിലമർന്നു. ആംബുലൻസുകളുൾപ്പെടെയുള്ള വാഹനങ്ങൾ ഏറെനേരം ഇടറോഡുകളിലൂടെ കടത്തിവിട്ടു.

റോഡിലെ വിമാനക്കാഴ്ച കുട്ടികളുൾപ്പെടെയുള്ള യാത്രക്കാർക്ക് കൗതുകം പകർന്നു. ചിത്രങ്ങളും വിഡിയോയും പകർത്താൻ യാത്രക്കാരും നാട്ടുകാരും തിക്കിത്തിരക്കി. പൊരിവെയിലിൽ ഉച്ചഭക്ഷണം ഉപേക്ഷിച്ച് ഗതാഗതം പുനഃസ്ഥാപിക്കാൻ യത്നിച്ച പൊലീസിനെ നാട്ടുകാർ പ്രശംസിച്ചു. ചവറ പാലത്തിൽ കുടുങ്ങി പിന്നീട് ചവറ ജംക്‌ഷനിലേക്ക് മാറ്റിയ വിമാനവുമായി ലോറി രാത്രി ഒൻപതോടെ പുറപ്പെട്ടു.  എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർബസ് 320 ആണിത്. ഹൈദരാബാദിൽ എത്തിച്ചു ഹോട്ടലാക്കി മാറ്റുകയാണ് ലക്ഷ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com