ADVERTISEMENT

പുനലൂർ ∙ കൊല്ലം – പുനലൂർ റെയിൽവേ പാതയിൽ ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ പാതയിൽ ഇപ്പോൾ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 70 കിലോമീറ്ററാണ്. ഇതു വർധിപ്പിച്ച് 80 കിലോമീറ്ററോ 90 കിലോമീറ്ററോ ആക്കാനുള്ള നടപടികളാണ് ഇപ്പോൾ റെയിൽവേ ആരംഭിച്ചിരിക്കുന്നത്. ഈ വേഗ വർധനയിലൂടെ കൊല്ലം - ചെന്നൈ റെയിൽവേ പാതയിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തുവാൻ സാധിക്കും.

യാത്രക്കാർക്ക് കൂടുതൽ വേഗത്തിൽ യാത്രയും സാധ്യമാകും. കൊല്ലത്തു നിന്നു ചെന്നൈയിലേക്ക് പോകാനുള്ള എളുപ്പ പാതയാണ് പുനലൂർ, ചെങ്കോട്ട വഴിയുള്ളത്. ഈ പാതയിലൂടെ ഇപ്പോൾ കൊല്ലത്തു നിന്നു ചെന്നൈയിലേക്ക് ക്വയിലോൺ മെയിൽ (എഗ്മൂർ എക്സ്പ്രസ്) തിരുനെൽവേലിയിൽ നിന്ന് പാലക്കാട്ടേക്ക് പാലരുവി എക്സ്പ്രസ്, ആഴ്ചയിൽ രണ്ടുദിവസം എറണാകുളത്ത് നിന്നു വേളാങ്കണ്ണിയിലേക്ക് എക്സ്പ്രസ്, മധുരയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന എക്സ്പ്രസ് ഇങ്ങനെ 4 സർവീസുകളാണ് നിലവിലുള്ളത്.

പുനലൂർ - കൊല്ലം റെയിൽവേ പാതയിൽ ഇതു കൂടാതെ പുനലൂർ - മധുര എക്സ്പ്രസ്, രാവിലെയും വൈകിട്ടും കൊല്ലം - പുനലൂർ മെമു സർവീസ്, പുനലൂർ - കന്യാകുമാരി എക്സ്പ്രസ് സ്പെഷൽ എന്നിവ സർവീസ് നടത്തുന്നുണ്ട്.ചെങ്കോട്ട മുതൽ പുനലൂർ വരെയുള്ള റെയിൽവേ പാത ഗാട്ട് സെക്‌ഷൻ ആയതിനാൽ ഇപ്പോൾ അവിടെ വേഗം വർധിപ്പിക്കുന്നത് സാധ്യമല്ലാത്ത കാര്യമാണ്.

ഭഗവതിപുരം മുതൽ പുനലൂർ വരെയുള്ള ഭാഗത്ത് ഇപ്പോൾ 30 കിലോമീറ്റർ വേഗത്തിലാണ് ട്രെയിനുകൾ ഓടുന്നത്. വളവുകളും, കയറ്റിറക്കങ്ങളും ഉള്ള സ്ഥലമായതിനാൽ വേഗം വർധിപ്പിക്കുന്നതിന് പരിമിതികളുണ്ട്. തെങ്കാശിയിൽ നിന്നു ചെങ്കോട്ട, ഭഗവതിപുരം വരെ വരുന്ന ലൈനിൽ 60 കിലോമീറ്റർ ആണ് ഇപ്പോഴുള്ള വേഗം. അത് വർധിപ്പിച്ച് 100 അല്ലെങ്കിൽ 110 ആക്കുവാൻ സാധിക്കും. ചെങ്കോട്ട മുതൽ കൊല്ലം വരെയുള്ള റെയിൽവേ പാതയിലെ റെയിൽവേ സ്റ്റേഷനുകളിൽ ലൂപ്പ് ലൈനുകളുടെ വേഗം 15 നിന്നു 30 ആയി ഇതിനകം തന്നെ വർധിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. 

കോച്ചുകളുടെ എണ്ണം 22 ആക്കും
ഈ മാസം ആദ്യവാരം മുതൽ എൽഎച്ച്ബി കോച്ചുകളുടെ ട്രയൽ റൺ ചെങ്കോട്ട - പുനലൂർ പാതയിൽ നടന്നിരുന്നു. ഇപ്പോൾ  ട്രെയിൻ സർവീസുകൾക്ക് 14 കോച്ചുകൾ മാത്രമാണുള്ളത്. ഇത് വർധിപ്പിച്ച് 22 ആക്കാനുള്ള ട്രയൽ ആണ് നടന്നത്. എൽഎച്ച്ബി ട്രയൽ 16ന് പൂർത്തീകരിക്കുകയും 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ആർഡിഎസ്ഒ റെയിൽവേ ബോർഡിന് സമർപ്പിക്കുകയും ചെയ്യും. ഫെബ്രുവരിയിൽ ഐസിഎഫ് കോച്ചുകൾ ഉപയോഗിച്ചുള്ള ട്രയൽ നടത്തുന്നതിന് ഓർഡർ ഇറക്കിയിട്ടുണ്ട്.

ഐസിഎഫ് കോച്ചുകൾ ഉപയോഗിച്ച് മൂന്ന് ദിവസത്തേക്കും ഗരീബ് രഥ് കോച്ചുകൾ ഉപയോഗിച്ചുകൊണ്ട് അടുത്ത മൂന്ന് ദിവസത്തേക്കുമാണു ട്രയൽ. പരീക്ഷണ ഓട്ടങ്ങളെല്ലാം വിജയിച്ചാൽ കൂടുതൽ കോച്ചുകൾ കൂട്ടിച്ചേർത്ത് ട്രെയിൻ സർവീസുകൾ നടത്തുവാൻ സാധിക്കും. മാർച്ചിൽ കൊല്ലം മുതൽ ചെന്നൈ വരെയുള്ള റെയിൽവേ ലൈൻ പൂർണമായും വൈദ്യുതീകരിക്കപ്പെടുമെന്ന പ്രതീക്ഷയാണുള്ളത്. ശബരിമല സീസണിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുവാൻ സാധിക്കും 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com