സമരം ഒത്തുതീർന്നു; മിൽമ പാൽ വിതരണം പുനരാരംഭിച്ചു
Mail This Article
കൊല്ലം ∙ മിൽമയിൽ പാൽവിതരണം നടത്തുന്ന കരാർ വാഹനങ്ങളിലെ തൊഴിലാളികളുടെ സമരം ഒത്തുതീർന്നു. ജില്ലാ ലേബർ ഓഫിസറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഒത്തുതീർപ്പായത്. ഇതേ തുടർന്നു പാൽവിതരണം പുനരാരംഭിച്ചു. ഏജൻസികളിൽ നിന്നു പാൽ ബുക്കിങ് ഇനത്തിൽ കൊടുത്തു വിട്ടതിൽ അടയ്ക്കാതിരുന്ന തുക പിഴ സഹിതം അടയ്ക്കാമെന്ന് ഉറപ്പു നൽകി. പണാപഹരണത്തിന് പൊലീസിൽ നൽകിയ പരാതി മിൽമ അധികൃതർ പിൻവലിക്കും.പണാപഹരണത്തിനു നേരത്തെ പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം 28ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് പങ്കെടുക്കുന്ന യോഗത്തിൽ ചർച്ച ചെയ്യാമെന്നും തീരുമാനമായി.
കലക്ടർ എൽ.ദേവിദാസിന്റെ നിർദേശപ്രകാരമാണ് ജില്ലാ ലേബർ ഓഫിസറുടെ അധ്യക്ഷതയിൽ ഒത്തുതീർപ്പു ചർച്ച നടന്നത്. മിൽമയിൽ അടയ്ക്കുന്നതിന് ഏജൻസി നൽകിയ 27,000 രൂപ അപഹരിച്ചതിനെ തുടർന്നു പാൽ വിതരണം നടത്തുന്ന കരാർ വാഹനത്തിലെ 2 ജീവനക്കാർക്കെതിരെ പൊലീസിൽ പരാതി നൽകിയതാണ് പണിമുടക്കിന് കാരണമായത്. സിഐടിയു, ബിഎംഎസ് യൂണിയനുകളായിരുന്നു സമരത്തിൽ. പണം പിഴ സഹിതം അടച്ചാൽ പരാതി പിൻവലിക്കാമെന്നു മിൽമ മാനേജ്മെന്റ് പറഞ്ഞെങ്കിലും സമാനകുറ്റത്തിനു നേരത്തെ പുറത്താക്കിയവരെയും തിരിച്ചെടുക്കണമെന്നു പറഞ്ഞു സമരം തുടരുകയായിരുന്നു. തുടർന്നാണ് ജില്ലാ ലേബർ ഓഫിസറുടെ അധ്യക്ഷതയിൽ ഒത്തുതീർപ്പു ചർച്ച നടന്നത്.
അടിക്കടി സമരം മിൽമയെ തകർക്കാൻ: ഏജന്റ് അസോസിയേഷൻ
കൊല്ലം∙ മിൽമയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിക്കടി സമരം നടത്തുന്നതെന്ന് മിൽമ ഏജന്റ് അസോസിയേഷൻ. സ്വകാര്യ കമ്പനികളുടെ പാൽ വിതരണം സുഗമമാക്കുന്നതിന് കൂട്ടു നിന്ന്, മുന്നറിയിപ്പ് ഇല്ലാതെ നടത്തുന്ന സമരങ്ങൾ ഏജന്റുമാരെയും ഉപഭോക്താക്കളെയും ബുദ്ധിമുട്ടിലാക്കുന്നതിനുള്ള സാഹചര്യം ഒരുക്കലാണ് മിൽമ അധികൃതരും സർക്കാരും നടത്തുന്നതെന്ന് അസോസിയേഷൻ പറഞ്ഞു. ജനറൽ സെക്രട്ടറി കിടങ്ങിൽ സന്തോഷ് ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് ഗോപീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുണ്ടറ നിസാമുദ്ദീൻ, അൻസർ ചകിരിക്കട, അനിൽ ചവറ, നിസാമുദ്ദീൻ മൂലങ്കര, ബാബുരാജ് കടപ്പാക്കട, സേവ്യർ മോറിസ് എന്നിവർ പ്രസംഗിച്ചു.