പുനലൂർ താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്ധനെത്തി

Mail This Article
പുനലൂർ ∙ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ നീണ്ട കാത്തിരിപ്പിനൊടുവിൽ ജോലി ക്രമീകരണ വ്യവസ്ഥയിൽ കൊല്ലം ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്റെ യോഗ്യതയുള്ള ജനറൽ മെഡിസിൻ വിഭാഗം കൺസൾറ്റന്റ് ഡോ. ടി.എസ്.ഗിരീഷിനെ ഹൃദ്രോഗ വിദഗ്ധനായി നിയമിച്ചു. അച്ചൻകോവിൽ അടക്കമുള്ള ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നെത്തുന്നവരെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി, തിരുവനന്തപുരം തുടങ്ങിയ മെഡിക്കൽ കോളജുകളിലേക്ക് അയയ്ക്കേണ്ട സ്ഥിതി ആയായിരുന്നു. നേരത്തെ ഇവിടേക്കു ഹൃദ്രോഗ വിദഗ്ധനെ നിയമിച്ചിട്ടുണ്ടെങ്കിലും തസ്തികയിലെ സീനിയോറിറ്റി സംബന്ധിച്ച സാങ്കേതിക വിഷയങ്ങൾ കാരണം ഡോക്ടർ എത്തിയിരുന്നില്ല.
2022ലാണു ഹൃദ്രോഗ വിദഗ്ധൻ തസ്തിക അനുവദിച്ച് ആദ്യ ഉത്തരവ് ഇറങ്ങിയത്. ജൂനിയർ കൺസൾറ്റന്റ് തസ്തിക ആയിരുന്നു അനുവദിച്ചത്. താമസിയാതെ ഈ തസ്തിക ഇല്ലാതായി. പകരം കൺസൾറ്റന്റ് തസ്തികയായി. ഇതോടെ ആദ്യത്തെ ഉത്തരവ് പ്രകാരം ഡോക്ടറെ നിയമിക്കാൻ സാധിക്കാതെ ആയി. പിഎസ്‌സി ലിസ്റ്റിൽ നിന്ന് നിയമനം നടത്താനുള്ള ശ്രമവും നടന്നില്ല. അന്നു മുതൽ ഇവിടെ ഡോക്ടർമാർ ചുമതല ഏൽക്കുന്നതു കാത്തിരിക്കുകയാണ് രോഗികളും അധികൃതരും.
രണ്ടര വർഷം മുൻപ് ഇവിടെ അനുവദിച്ച ഹൃദ്രോഗ വിദഗ്ധന്റെ തസ്തികയിൽ ഒരിക്കൽ പോലും ഡോക്ടറെ ലഭ്യമാക്കാൻ സാധിച്ചിരുന്നില്ല. വകുപ്പു മന്ത്രി സ്ഥലത്തെത്തി ഉറപ്പു നൽകിയിട്ടും ഡോക്ടർ എത്തിയില്ല. കാത്ത്‌ലാബ് കൂടി ഇവിടെ സജ്ജമാക്കാനുണ്ട്. ഇത് ഇല്ലെങ്കിൽ ഹൃദ്രോഗ വിദഗ്ധൻ എത്തിയാലും കൂടുതൽ പ്രയോജനം ഇല്ലെന്നാണ് ആക്ഷേപം. പി.എസ്.സുപാൽ എംഎൽഎയുടെ ഇടപെടലിലൂടെ ബജറ്റിൽ ടോക്കൺ തുക വകയിരുത്തിയതു പ്രതീക്ഷയ്ക്കു വക നൽകുന്നുണ്ട്.