കൊട്ടിയത്ത് വാഹന പാർക്കിങ് തോന്നുംപടി; കാൽനട യാത്രക്കാർ പെരുവഴിയിൽ

Mail This Article
കൊല്ലം∙ കൊട്ടിയത്ത് റോഡുകൾ വികസിപ്പിച്ചപ്പോൾ കാൽനടയാത്രക്കാർ പെരുവഴിയിൽ. വാഹനങ്ങൾ തോന്നും പോലെ പാർക്ക് ചെയ്യുന്നത് മൂലം ഗതാഗതക്കുരുക്കും രൂക്ഷം. ദേശീയ പാത വീതി കൂട്ടുന്നതിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനാൽ അങ്ങനെയുള്ള തടസ്സങ്ങൾ വേറെ. സ്വകാര്യ വാഹനങ്ങളും ബസുകളും ജംക്‌ഷനിൽ നിർത്തിയിട്ടിരിക്കുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.നടപ്പാതകളുടെ നിർമാണം പൂർത്തിയായ കൊട്ടിയം–കണ്ണനല്ലൂർ റോഡിൽ നടപ്പാത കയ്യേറിയുള്ള വാഹന പാർക്കിങ്ങും രൂക്ഷമാണ്.
ഇതു മൂലം കാൽനടക്കാർ തിരക്കേറിയ റോഡിലേക്ക് ഇറങ്ങിയാണു സഞ്ചാരം. ചില സ്ഥലങ്ങളിൽ തട്ടു കടക്കാരും നടപ്പാത കയ്യേറിയിട്ടുണ്ട് . ദേശീയ പാതയിലെ സർവീസ് റോഡരികിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവു കാഴ്ചയാണ്. ഇവിടെയും കാൽനടയാത്രക്കാർ സർവീസ് റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. വാഹനപ്പെരുപ്പം മൂലം ശ്വാസം മുട്ടുന്ന കൊട്ടിയം ജംക്‌ഷനിൽ കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി നടക്കാനോ റോഡ് മറികടക്കാനോ സാധിക്കില്ല. സർവീസ് റോഡിലൂടെ രോഗികളുമായി എത്തുന്ന ആംബുലൻസുകളും കുരുക്കിൽപ്പെട്ടുക പതിവാണ്.
അനധികൃത പാർക്കിങ് തടയാൻ നടപടി വേണം
ദേശീയ പാതയിൽ സർവീസ് റോഡുകളിലെ അനധികൃത വാഹന പാർക്കിങ് ഒഴിവാക്കാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൊട്ടിയം പൗരവേദി ആവശ്യപ്പെട്ടു. പ്രധാനമായും ഇരു ചക്ര വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്തിരിക്കുന്നത്. കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ ചെറിയ വാഹനങ്ങളെങ്കിലും മറ്റ് വഴികളിലൂടെ തിരിച്ചു വിടണം. ജംക്‌ഷനിലെ പാലത്തിന്റെ നിർമാണം എത്രയും പെട്ടെന്നു പൂർത്തിയാക്കി പാലത്തിന് അടിയിലൂടെ ഗതാഗതത്തിനായി തുറന്നു നൽകണം.
വാഹന നിയന്ത്രണത്തിന് കൂടുതൽ ഹോം ഗാർഡുകളെയും ട്രാഫിക് വാർഡന്മാരെയും നിയോഗിക്കണമെന്ന് പൗരവേദി പ്രസിഡന്റ് കൊട്ടിയം എൻ.അജിത്കുമാർ, സെക്രട്ടറി സാജൻ കവറാട്ടിൽ, ട്രഷറർ ജോൺ മോത്ത, നൗഷാദ് പാട്ടത്തിൽ എന്നിവർ ആവശ്യപ്പെട്ടു.കൊട്ടിയം∙ കാൽനടയാത്രക്കാർക്കു ഒരു പരിഗണനയും കൊട്ടിയത്ത് നൽകുന്നില്ലെന്ന് റൈസിങ് കൊട്ടിയം ആരോപിച്ചു. കണ്ണനല്ലൂർ റോഡിലെ നടപ്പാത കൈയേറിയുള്ള വാഹന പാർക്കിങിന് എതിരെ ശക്തമായ നടപടി സ്വീകരിക്കണം. ജംക്‌ഷനിലെ തിരക്ക് ഒഴിവാക്കാനായി പകരം സംവിധാനം ഏർപ്പെടുത്തണമെന്നും റൈസിങ് കൊട്ടിയം പ്രസിഡന്റ് അലോഷ്യസ് റൊസാരിയോ, സെക്രട്ടറി രാജേഷ് ആധാരം, റോയൽ സമീർ എന്നിവർ ആവശ്യപ്പെട്ടു.