ADVERTISEMENT

കോട്ടയം ∙ ഒച്ചിന്റെ ശരീരത്തിലെ വിരകൾ മനുഷ്യശരീരത്തിൽ എത്തി തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അപൂർവ മെനിഞ്ചൈറ്റിസ് രോഗം അതിരമ്പുഴ സ്വദേശിയായ അറുപത്തിനാലുകാരനിൽ കണ്ടെത്തി. എസ്എച്ച് മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിനു കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞു ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞതിനാൽ ആരോഗ്യനില മെച്ചപ്പെട്ടു. ഇന്ന് വിട്ടയയ്ക്കാനാകുമെന്നും ചികിത്സകൾക്ക് നേതൃത്വം നൽകുന്ന ഡോ. സുജിത് ചന്ദ്രൻ അറിയിച്ചു. 

സംസ്ഥാനത്ത് ഇതിനു മുൻപ് 2 പേരിലാണ് ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ഡോക്ടർമാർ പറയുന്നു. ഒച്ചിന്റെ ശരീരത്തിൽ കാണുന്ന സൂക്ഷ്മമായ വിരവർഗത്തിൽപെട്ട (ആൻജിയോസ്ട്രോൻജൈലസ്‌ കന്റൊനെൻസിസ് ) ജീവി ആണ് ഇസ്നോഫിലിക്ക്‌ മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്. എലികളിൽ നിന്നാണ് ഈ വിരകൾ ഒച്ചുകളിൽ എത്തുന്നത്. ഒച്ച് വീണതും ഒച്ചിന്റെ സാന്നിധ്യം ഉള്ളതുമായ ജലം ഉപയോഗിക്കുന്നവരിൽ ആണ് ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

വെള്ളത്തിലൂടെ ശരീരത്തിൽ എത്തുന്ന വിരകൾ രക്തത്തിൽ പ്രവേശിക്കുകയും പിന്നീട് ഇവ തലച്ചോറിനുള്ളിലെ ആവരണത്തിൽ എത്തി അണുബാധ ഉണ്ടാക്കുകയുമാണ്.. അതിരമ്പുഴ സ്വദേശിയുടെ വീട്ടിൽ ഒച്ചിന്റെ ശല്യം രൂക്ഷമാണെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. അങ്ങനെയാകാം വിരകൾ ശരീരത്തിൽ പ്രവേശിച്ചതെന്നു കരുതുന്നു. കടുത്ത തലവേദനയോടെയാണ് രോഗി ചികിത്സ തേടിയത്. പനി ഇല്ലാതെ ഉണ്ടായ തലവേദനയുടെ കാരണം കണ്ടെത്തുന്നതിനു സിടി സ്കാൻ, എംആർഐ, എആർവി സ്കാൻ പരിശോധനകൾ നടത്തിയെങ്കിലും രോഗനിർണയം സാധ്യമായില്ല.

തുടർന്നു നട്ടെല്ല് കുത്തി സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ ഇസ്‌നോഫിലിയ 70 ശതമാനം ആണെന്നു കണ്ടെത്തി. ഇത്രയും ഇസ്‌നോഫോലിയ സ്രവത്തിൽ കാണുന്നത് അപൂർവമാണ്. കൂടുതൽ പരിശോധനകൾക്കായി സ്രവ സാംപിൾ വെല്ലൂർ മെഡിക്കൽ കോളജിലേക്ക് അയച്ചിരിക്കുകയാണ്. 2 ദിവസത്തിനുള്ളിൽ രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റി. ഡോ. സുജിത്ത് ചന്ദ്രൻ, ഡോ. അരുൺ ജോർജ്, ഡോ. സന്തോഷ്‌ സ്കറിയ എന്നിവരാണ് ചികിത്സകൾക്ക് നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com