വിദേശ ഇറക്കുമതി; വില തകർച്ച: ആക്രി മേഖല പ്രതിസന്ധിയിൽ
Mail This Article
വൈക്കം ∙ വില തകർച്ചയെ തുടർന്നു ആക്രി മേഖല പ്രതിസന്ധിയിൽ. വൈക്കം, തലയോലപ്പറമ്പ്, തലയാഴം, വെള്ളൂർ, മൂത്തേടത്തുകാവ്, വെച്ചൂർ മേഖലകളിലുള്ള ആക്രി കടകളെല്ലാം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന വ്യാപാരമേഖല പ്രതിസന്ധിയിൽ ആയതിനെ തുടർന്ന് പലർക്കും പണിയില്ലാതായി. വിദേശത്ത് നിന്നും വൻതോതിൽ പഴയ ഇരുമ്പ് ഇറക്കുമതി ചെയ്യുന്നതു മൂലം പഴയ സാധനങ്ങളുടെ വില ഗണ്യമായി കുറഞ്ഞതായി വ്യാപാരികൾ പറയുന്നു.
പഴയ ന്യൂസ് പേപ്പറിന്റെ വില 35രൂപ ഉണ്ടായിരുന്നത് 15രൂപയായി കുറഞ്ഞു. പഴയ ഇരുമ്പ്, പിച്ചള, അലുമിനിയം, പ്ലാസ്റ്റിക് സാധന സാമഗ്രികൾ എന്നിവയുടെയെല്ലാം വില വൻതോതിൽ ഇടിഞ്ഞു. നിയോജകമണ്ഡലത്തിൽ ഏകദേശം മുപ്പതിലധികം ആക്രി കച്ചവട കേന്ദ്രങ്ങളുണ്ട്. ഓരോ കച്ചവട സ്ഥാപനത്തെയും ആശ്രയിച്ചു മുപ്പതിലധികം കുടുംബങ്ങൾ ജീവിക്കുന്നുണ്ട്. കച്ചവട സ്ഥാപനങ്ങളിൽ എത്തി ആക്രി സാധനങ്ങൾ എടുക്കാൻ പോകുന്ന ചില്ലറ കച്ചവടക്കാർക്ക് പണം നൽകാൻ കഴിയാതെ വന്നതോടെ പലർക്കും പണി ഇല്ലാതായി.കച്ചവടക്കാർ വാങ്ങി സൂക്ഷിച്ചിരിക്കുന്ന പല സാധനങ്ങൾക്കും എടുത്ത വില പോലും ഇപ്പോൾ ലഭിക്കാത്ത സാഹചര്യമാണ്. പല കച്ചവട കേന്ദ്രങ്ങളിലും സാധനങ്ങൾ കെട്ടിക്കിടക്കുകയാണ്.