തിരുനക്കര ഉത്സവം സമാപന ദിനങ്ങളിലേക്ക്; ഇന്ന് പള്ളിവേട്ട

Mail This Article
കോട്ടയം ∙ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം സമാപന ദിനങ്ങളിലേക്ക്. ഇന്നു പള്ളിവേട്ട. നാളെ ആറാട്ട്. ഇന്നു രാവിലെ 7.15നു ശ്രീബലി എഴുന്നള്ളിപ്പിനു തുറവൂർ നാരായണ പണിക്കർ, വൈക്കം വേണു ചെട്ടിയാർ എന്നിവർ നാഗസ്വരവും ചേർത്തല എസ്.പി.ശ്രീകുമാർ, എസ്.പി.ഹരികുമാർ എന്നിവർ തകിലും മേളം ഒരുക്കും. ഇളമ്പള്ളി രാധേഷ് പഞ്ചവാദ്യവും തിരുമറയൂർ രാജേഷ് മാരാർ സ്പെഷൽ പഞ്ചാരിമേളവും ഒരുക്കും. വൈകിട്ട് 5.30നു പ്രദോഷപൂജ. തുടർന്നു ഋഷഭ വാഹന എഴുന്നള്ളിപ്പും ഉണ്ടായിരിക്കും.
പാർവതി ദേവിയെ സന്തോഷിപ്പിക്കുന്നതിനു ശിവൻ നടരാജ ഭാവത്തിൽ നൃത്തം ചെയ്യുന്ന സമയമാണു പ്രദോഷസന്ധ്യ. എല്ലാ ദോഷങ്ങളിൽ നിന്നും മുക്തി നേടുന്നതിനു പ്രദോഷ പൂജ കണ്ടു തൊഴുന്നതും ധാര, കൂവളമാല, പിൻ വിളക്ക് തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും ശ്രേഷ്ഠകരമാണെന്നാണു വിശ്വാസം. നാളെ രാവിലെ 7നു ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്. 11നു ആറാട്ട് സദ്യ. വൈകിട്ട് 6നു കാരാപ്പുഴ അമ്പലക്കടവ് ദേവീ ക്ഷേത്രത്തിൽ ആറാട്ട്. 6.30നു ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്.
∙ ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് സ്വീകരണ കേന്ദ്രങ്ങൾ: കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രം, മാളികപ്പീടിക, കാരാപ്പുഴ കൊച്ചുപാലം, കാരാപ്പുഴ കവല, തെക്കുംഗോപുരം, കുഞ്ഞാച്ചിവളവ്, വയസ്ക്കരക്കുന്ന്, വയസ്ക്കര കൊട്ടാരം, പുളിമൂട് കവല, പാലാമ്പടം കവല, ടാക്സി സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ക്ഷേത്ര മൈതാനിയിൽ പ്രവേശിക്കും.
∙ ഭക്തിസാന്ദ്രമായി ദേശവിളക്ക്
കോട്ടയം ∙ ‘മനസ്സിൽ ആദ്യ ദീപം, പിന്നെ ദേശവിളക്ക്.’– അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു. വലിയ വിളക്കിനോടനുബന്ധിച്ചു കിഴക്കേനടയിൽ ഒരുക്കിയ ദേശവിളക്കിനു ദീപം തെളിയിച്ച ശേഷം സന്ദേശം നൽകുകയായിരുന്നു അവർ. ആദ്യമായാണ് ഉത്സവത്തിനു കിഴക്കേനടയിൽ ദേശവിളക്ക് ഒരുക്കുന്നത്. നാലു നടകളിലും വിളക്കുകൾ തെളിയിച്ച് ഭക്തർ ദേശവിളക്ക് ആഘോഷിച്ചു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേഷ്, ജനറൽ സെക്രട്ടറി അജയ് ടി.നായർ, കോ ഓർഡിനേറ്റർ ടി.സി.രാമാനുജം, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.കെ.ലീന, ഡോ.വിനോദ് വിശ്വനാഥൻ, ജി. സുഭാഷ് എന്നിവർ നേതൃത്വം നൽകി. ശബരിമല അയ്യപ്പ സേവാ സമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥൻ മുഖ്യ സന്ദേശം നൽകി. പടിഞ്ഞാറേനട ഭക്തജനസമിതി ചൈതന്യ റസിഡന്റ്സ് അസോസിയേഷൻ, തിരുനക്കരക്കുന്ന് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ദേശവിളക്ക്.
∙ ക്ഷേത്രത്തിൽ ഇന്ന്
ക്ഷേത്രസന്നിധിയിൽ : ശ്രീബലി എഴുന്നള്ളിപ്പ് – 7.15, ഊട്ടുപുര: ആറാട്ടു സദ്യയ്ക്ക് കറിക്കുവെട്ട്– 11.00, ഉത്സവബലി ദർശനം – 2.00, പ്രദോഷപൂജ– 5.30, ദീപക്കാഴ്ച, ഋഷഭ വാഹന എഴുന്നള്ളിപ്പ് – 6.00. പള്ളിവേട്ട എഴുന്നള്ളിപ്പ് – 12.00. ശിവശക്തി കലാവേദിയിൽ: തിരുവാതിരക്കളി– 9.30, 1.30, 5.30. സംഗീത സദസ്സ് – മീര എസ്.അരുൺ– 10.00, ഓട്ടൻ തുള്ളൽ– പാലാ കെ.ആർ.മണി– 11.30, ഭക്തി ഗാനങ്ങൾ– ഭൈരവി മ്യൂസിക്– 12.30, വീണക്കച്ചേരി –അയ്മനം ഗിരിജ പ്രസാദ്– 2.00, പ്രഭാഷണം– രാജാ ശ്രീകുമാര വർമ –3.00, സംഘനൃത്തം– 4.00, സംഗീത സദസ്സ്– ശാർമിള ശിവകുമാർ– 4.30, കാഴ്ചശ്രീബലി– 6.00, ഗാനമേള – പിന്നണി ഗായിക അഖില ആനന്ദ്, ദേവ നാരായണൻ ( പാലാ സൂപ്പർ ബീറ്റസ്)– 8.30, സംഗീത സദസ്സ്– വി. മീനാക്ഷി –10.30.
∙ പുരാണ ക്വിസ് മത്സരം
ഉത്സവത്തോടനുബന്ധിച്ചു ക്ഷേത്ര മൈതാനത്തു പ്രവർത്തിക്കുന്ന മലയാള മനോരമയുടെ സ്റ്റാളിൽ പുരാണ പ്രശ്നോത്തരി മത്സരം ഉണ്ട്. സ്റ്റാളിനു മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡിലെ ചോദ്യത്തിനു ശരിയുത്തരം എഴുതി ബോക്സിൽ നിക്ഷേപിക്കണം. ഓരോ ദിവസവും വിജയികളാവുന്ന 5 പേർക്കു പുളിമൂട്ടിൽ സിൽക്ക് ഹൗസ് നൽകുന്ന ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും. ഇന്നലത്തെ മത്സര വിജയികൾ :സി.കെ.സോമിനി (വേളൂർ), അമൃത ജിമോൻ (ചെങ്ങളം), കെ.ജി.വിശ്വൻ (നട്ടാശേരി), ഓമന (കോട്ടയം), പി.എസ്.ഗായത്രി (നാട്ടകം). തിരിച്ചറിയൽ രേഖയുടെ പകർപ്പുമായി മൈതാനത്തെ മനോരമയുടെ സ്റ്റാളിൽ എത്തി സമ്മാനം കൈപ്പറ്റാം.