കേരളത്തിലെ വാഹനങ്ങൾക്ക് ‘കെഎൽ’ സീരീസിൽ ഏകീകൃത റജിസ്ട്രേഷൻ വരുന്നു; പഠിക്കാൻ കമ്മിറ്റി
Mail This Article
കോട്ടയം ∙ സംസ്ഥാനത്തു റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കെല്ലാം കെഎൽ എന്ന സീരീസിൽ ഏകീകൃത റജിസ്ട്രേഷൻ വരുന്നു. ഇതു സംബന്ധിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ എറണാകുളം ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ അനൂപ് വർക്കിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു. തൃശൂർ ആർടിഒ ജയേഷ് കുമാർ, ഇടുക്കി ആർടിഒ ഷബീർ, പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർടിഒ വി.ആർ.ജോയി, തിരൂരങ്ങാടി ജോയിന്റ് ആർടിഒ വേണുകുമാർ, മൂവാറ്റുപുഴ ആർടിഒ ഓഫിസിലെ ജൂനിയർ സൂപ്രണ്ട് പ്രകാശ് എന്നിവരാണു കമ്മിറ്റി അംഗങ്ങൾ.
യൂണിഫൈഡ് റജിസ്ട്രേഷന്റെ ഗുണദോഷങ്ങളും നിർദേശങ്ങളും സഹിതം മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണു കമ്മിറ്റിക്കു ട്രാൻസ്പോർട്ട് കമ്മിഷണർ നൽകിയിരിക്കുന്ന നിർദേശം. സ്വകാര്യ വാഹനങ്ങൾക്കുള്ള സംസ്ഥാനാന്തര റജിസ്ട്രേഷൻ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ രാജ്യത്ത് ‘ഭാരത് സീരീസ്’ (ബിഎച്ച് സീരീസ്) എന്ന പേരിൽ ഏകീകൃത റജിസ്ട്രേഷൻ സംവിധാനം കൊണ്ടുവന്നിരുന്നെങ്കിലും കേരളം നടപ്പാക്കിയിട്ടില്ല. റജിസ്റ്റർ ചെയ്ത സംസ്ഥാനത്തിനു പുറത്ത് വാഹനം ഒരു വർഷത്തിലേറെ ഉപയോഗിക്കുമ്പോൾ റീ–റജിസ്ട്രേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കുന്നതാണ് ഇത്.
മറ്റൊരു സംസ്ഥാനത്തെ മോട്ടർ വാഹന വകുപ്പിന്റെ അനുമതി വാങ്ങുന്നതും ഒഴിവാകും. നിലവിൽ മറ്റു സംസ്ഥാനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ, സൈനികർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഇൻഷുറൻസ് കമ്പനി ജീവനക്കാർ, രാജ്യത്ത് 6 സംസ്ഥാനങ്ങളിലെങ്കിലും ശാഖകളുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കു മാത്രമാണ് ബിഎച്ച് റജിസ്ട്രേഷൻ സൗകര്യമുള്ളത്.
ബിഎച്ച് റജിസ്ട്രേഷനുള്ള വാഹനം മുകളിൽ പറഞ്ഞ ഗണത്തിൽപെടാത്ത വ്യക്തിക്കു വിറ്റാൽ അതതു സംസ്ഥാനത്തിന്റെ റജിസ്ട്രേഷനിലേക്കു മാറേണ്ടി വരും. അടുത്ത ഘട്ടത്തിൽ ബിഎച്ച് സീരീസ് എല്ലാ വാഹനങ്ങൾക്കും നൽകുമെന്നാണു കേന്ദ്ര മോട്ടർ വാഹന വകുപ്പ് പറയുന്നത്. എന്നാൽ ബിഎച്ച് റജിസ്ട്രേഷനിലേക്കു മാറുന്നതു സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ കുറവു വരുത്തുമെന്നു കണ്ടാണു സ്വന്തമായി കെഎൽ സീരീസ് എന്ന ആശയത്തിലേക്കു കേരളം മാറാൻ ആലോചിക്കുന്നത്.