മോഷണക്കേസ് പ്രതിയുടെ കുത്തേറ്റ് പൊലീസുകാരന് പരുക്ക്; ആക്രമിച്ചത് പിടികൂടാൻ ശ്രമിക്കുന്നതിനിടെ
Mail This Article
ഏറ്റുമാനൂർ ∙ മോഷണക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനു കുത്തേറ്റു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുനു ഗോപിക്കാണ് കുത്തേറ്റത്. കടന്നുകളയാൻ ശ്രമിച്ച മള്ളൂശേരി പുല്ലരിക്കുന്ന് പാലക്കുഴി അരുൺ ബാബുവിനെ (34) പൊലീസ് സാഹസികമായി പിടികൂടി. ചെവിക്കു താഴെ കുത്തേറ്റ സുനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോട്ടയം എസ്എച്ച് മൗണ്ടിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം. ചുങ്കം മള്ളൂശേരിയിൽ തനിച്ചു താമസിക്കുന്ന സോമാ ജോസിനെ (65) വീട്ടിൽ കെട്ടിയിട്ടു സ്വർണവും പണവും കവർച്ച ചെയ്ത കേസിലെ പ്രതിയാണ് അരുൺ ബാബു.
സംഭവശേഷം ഒളിവിൽപോയ പ്രതി ഇന്നലെ കോട്ടയത്തെത്തിയെന്ന വിവരത്തെ തുടർന്നാണ് എസ്എച്ച്ഒ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഏഴംഗ പൊലീസ് സംഘം എസ്എച്ച് മൗണ്ടിൽ മഫ്തിയിൽ എത്തിയത്. സുനുവും സഹപ്രവർത്തകനായ അനൂപും അടങ്ങുന്ന സംഘം പോക്കറ്റ് റോഡിലൂടെയെത്തിയ പ്രതിയെ പിടികൂടാൻ ശ്രമിച്ചു. ഇതിനിടെ അരുൺ കത്തികൊണ്ട് സുനുവിനെ കുത്തുകയായിരുന്നു. കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പരുക്കേറ്റ സുനുവും അനൂപും ചേർന്നു നേരിട്ടു. ഇതിനിടെ മറ്റ് ഉദ്യോഗസ്ഥരെത്തി കീഴ്പ്പെടുത്തി.എസ്ഐ അനുരാജ്, ഉദ്യോഗസ്ഥരായ ദിലീപ്, രഞ്ജിത്ത്, ബിനു, സജിത്ത് എന്നിവരാണു പൊലീസ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
പ്രതിയുടെ കയ്യിൽ 3 കത്തികൾ
അരുൺ ബാബുവിന്റെ കയ്യിലുണ്ടായിരുന്ന 3 കത്തികൾ പൊലീസ് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതിലധികം കേസുകളുണ്ട്. കാപ്പ നിയമം ലംഘിച്ചതിനു കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. ഇന്നു രാവിലെ പ്രതിയുമായി തെളിവെടുപ്പു നടത്തും.