ADVERTISEMENT

കോഴിക്കോട്∙ വയനാട്ടിലേക്കു നിർമിക്കാനിരിക്കുന്ന ഇരട്ട തുരങ്കപ്പാതയ്ക്കായി മല തുരക്കുമ്പോൾ പുറംതള്ളുന്ന 18.79 ലക്ഷം ഘന മീറ്റർ ഖനന മാലിന്യം ശേഖരിക്കുന്നത് മൂന്നു പുഴകളുടെ ഓരങ്ങളിൽ. ഇരുവഞ്ഞിപ്പുഴ, വയനാട് കള്ളാടി, മീനാക്ഷി പുഴകളിൽ നിന്ന് 25–50 മീറ്റർ മാത്രം ദൂര പരിധിയിൽ മാലിന്യം തള്ളുന്നത് പുഴകളുടെ നാശത്തിനു വഴി വയ്ക്കുമെന്നു പ്രകൃതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 

ഇതിനായി കണ്ടെത്തിയിരിക്കുന്ന 24.7 ഏക്കർ ഭൂമി വൻ വില നൽകിയാണ് സർക്കാർ ഏറ്റെടുക്കുന്നതെന്നും സംഘടനകൾ ആരോപിക്കുന്നു. വയനാട്, കോഴിക്കോട് ജില്ലകളിലായി മാലിന്യ നിർമാർജനത്തിനു വേണ്ട ഭൂമി ഏറ്റെടുക്കുന്നതിനു മാത്രം 15.29 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. 

കോഴിക്കോട്ടെ പ്രധാന ജലസ്രോതസ്സായ ഇരുവഞ്ഞിപ്പുഴയിൽ നിന്ന് 50 മീറ്ററും വയനാട് കള്ളാടി, മീനാക്ഷി പുഴകളിൽ നിന്ന് 25 മീറ്ററും അകലത്തിലാണ് ഭൂമി. കനത്ത മഴ പെയ്യുമ്പോൾ ‌ മാലിന്യം മുഴുവൻ പുഴയിലേക്ക് ഒഴുകുകയും ‌ജല സ്രോതസ്സ് മലിനമാവുകയും ചെയ്യുമെന്നു പ്രകൃതി സംരക്ഷണ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഖനനമാലിന്യ നിർമാർജനം നദികളിൽ നിന്ന് 500 മീറ്റർ അകലെയാവണം എന്ന കോടതി നിർദേശം ഇവിടെ പാലിക്കപ്പെടുന്നില്ലെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

മാലിന്യ നിക്ഷേപത്തിന് തിരഞ്ഞെടുക്കുന്ന ഭൂമി പുനരുപയോഗത്തിനു സാധ്യതയില്ലെന്നു റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന – ദേശീയ പാതകളുമായി ബന്ധമില്ലാത്തതിനാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റ അനുമതി പദ്ധതിക്കു തേടേണ്ടതില്ല. എന്നാൽ സംസ്ഥാനം സ്വന്തം നിലയിൽ പരിസ്ഥിതി ആഘാത പഠനം ആരംഭിച്ചിട്ടുണ്ട്. കിറ്റ്കോയുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു വർഷത്തെ പഠനം അടുത്ത ജൂലൈയിൽ പൂർത്തിയാവും. 

സുരക്ഷിതം: കെആർസിഎൽ 

പുഴയോരത്ത് മതിൽ കെട്ടി തിരിച്ചും മരങ്ങൾ വച്ചു പിടിപ്പിച്ചും മാലിന്യം നദിയിലേക്ക് ഒഴുകുന്നതു തടയുമെന്നു കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (കെആർസിഎൽ) അധികൃതർ പറയുന്നു. ലോറികളിൽ കൊണ്ടുവന്ന് തള്ളേണ്ടതിനാൽ ചരിവുള്ള ഭൂമി വേണം. കൊങ്കൺ റെയിൽപാത നിർമിച്ചപ്പോഴും കശ്മീരിലെ തുരങ്കപ്പാത നിർമാണത്തിലും ഇതേ മാതൃകയാണു പിന്തുടർന്നത്. സംഘടനകൾക്കു പരാതിയുണ്ടെങ്കിൽ സംസ്ഥാന പരിസ്ഥിതി ആഘാതപഠന അതോറിറ്റിയെ സമീപിക്കാം. 

88 ഫുട്ബോൾ ഗ്രൗണ്ടുകൾ നികത്താം 

ഇരട്ട തുരങ്കപ്പാതയ്ക്കായി മലയിടിക്കുമ്പോൾ ശേഖരിക്കേണ്ടത് 18,79,865 ഘന മീറ്റർ ഖനനമാലിന്യം. 22.653 ഘന മീറ്റർ ശേഷിയുള്ള ടോറസ് ലോറിയിൽ 82,985 ട്രിപ്പ് അടിക്കേണ്ടി വരും ഇത്രയും മാലിന്യം നീക്കം ചെയ്യാൻ. 88 ഫുട്ബോൾ ഗ്രൗണ്ടുകൾ പത്ത് അടി ഉയരത്തിൽ നികത്താൻ മാത്രമുണ്ടാകും ഇത്. 10 അടി ഉയരത്തിൽ നിക്ഷേപിച്ചാൽ പോലും 156 ഏക്കർ ഭൂമി വേണ്ടി വരും ഇത്രയും മാലിന്യം ശേഖരിക്കാൻ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതായത്, ഏറ്റെടുക്കുന്ന 24.7 ഏക്കർ ഭൂമിയിൽ മാലിന്യം മുഴുവൻ േശഖരിക്കേണ്ടി വന്നാൽ ചുരുങ്ങിയത് 60 അടി പൊക്കമെങ്കിലും വരും മൺകൂനയ്ക്ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com