ബസ് സ്റ്റാൻഡിലെ കൈവരി ബസുകൾ ഇടിച്ചു തകർത്തു; കുറ്റ്യാടിയിൽ ജനം ദുരിതത്തിൽ

Mail This Article
കുറ്റ്യാടി ∙ പുതിയ ബസ് സ്റ്റാൻഡിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച കൈവരികൾ തകർന്ന നിലയിൽ. 3 വർഷം മുൻപ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് യാർഡും ബസ് സ്റ്റാൻഡിന് ചുറ്റുമുള്ള നടപ്പാതയിൽ സംരക്ഷണ കൈവരികളും സ്ഥാപിച്ചത്. സ്റ്റാൻഡിൽ ബസുകൾ പിന്നോട്ടു പോകുമ്പോഴാണു കൈവരികൾ പലതും തകർന്നത്. കൈവരികൾ മിക്ക സ്ഥലത്തും നടപ്പാതയിലേക്കു വളഞ്ഞു കിടക്കുകയാണ്.
ഇതു കാരണം യാത്രക്കാർക്ക് നടപ്പാതയിലൂടെ പോകാൻ പറ്റാത്ത അവസ്ഥയാണ്. യാത്രക്കാർ യാർഡിൽ ഇറങ്ങി നടക്കുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റും വാഹനമിടിച്ചു തകർന്നിട്ടുണ്ട്. വെളിച്ചമില്ലാത്തതു കാരണം സന്ധ്യ മയങ്ങിയാൽ സ്റ്റാൻഡും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമാകുകയാണ്. കൈവരിയും ഹൈമാസ്റ്റ് ലൈറ്റും പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.