ജനസാഗരം സാക്ഷി; ഷാഫി പറമ്പിലിന് ആവേശോജ്വല വരവേൽപ്
Mail This Article
വടകര∙ പാലക്കാട്ടുനിന്ന് കടത്തനാടൻ മണ്ണിൽ യുഡിഎഫ് ലോക്സഭാ മണ്ഡലം സ്ഥാനാർഥിയായി എത്തിയ ഷാഫി പറമ്പിലിന് ആവേശോജ്വല സ്വീകരണം. പുതിയ ബസ് സ്റ്റാൻഡിനു സമീപം എത്തിയ സ്ഥാനാർഥിയെ പതിനായിരങ്ങളാണ് ആർപ്പു വിളികളുമായി വരവേറ്റത്. പുതിയ ബസ് സ്റ്റാൻഡിൽ നിന്നു യുഡിഎഫ് കൺവൻഷൻ നടക്കുന്ന 400 മീറ്റർ അകലെയുള്ള കോട്ടപ്പറമ്പിലെ വേദിയിൽ എത്താൻ ഒന്നര മണിക്കൂറാണ് എടുത്തത്. പ്രവർത്തകരുടെ ആവേശം പലപ്പോഴും അണപൊട്ടി. വാഹനത്തിൽ കയറി കെട്ടിപ്പിടിച്ചും മുത്തം നൽകിയുമാണ് സ്ഥാനാർഥിയെ ആനയിച്ചത്.പാലക്കാട് നിന്ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട ഷാഫി 5.30ന് വടകരയിൽ എത്തി. ചുറ്റും കൂടി നിന്ന പ്രവർത്തകരുടെ സ്നേഹവായ്പിൽ 20 മിനിറ്റോളം കാറിൽ നിന്ന് ഇറങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
കാറിൽ നിന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം തുറന്ന വാഹനത്തിലാണ് കോട്ടപ്പറമ്പിലേക്ക് റോഡ്ഷോ നടത്തിയത്. ഏറെ പ്രയാസപ്പെട്ടാണ് വാഹനം മുന്നോട്ട് നീങ്ങിയത്. പതാകകളുമായി പ്രവർത്തകർ മുന്നിൽ അണിനിരന്നു. ബാൻഡ് സംഘവും മുത്തുക്കുടയും അകമ്പടിയേകി. കെട്ടിടത്തിനും ബസുകൾക്കും ലോറികൾക്കും മുകളിൽ സ്ഥാനം പിടിച്ച് പ്രവർത്തകരെ മുഴുവൻ അഭിവാദ്യം ചെയ്ത് സ്ഥാനാർഥി എടോടി വഴി കോട്ടപ്പറമ്പിൽ എത്തുമ്പോഴേക്കും സമയം 7 കഴിഞ്ഞിരുന്നു. എം.കെ.രാഘവൻ എംപി, കെ.കെ.രമ എംഎൽഎ, പാറക്കൽ അബ്ദുല്ല, ടി.സിദ്ദിഖ്, പി.സി.വിഷ്ണുനാഥ്, വി.ടി.ബൽറാം, പി.കെ.ഫിറോസ്, കെ.പ്രവീൺകുമാർ എന്നിവർ തുറന്ന വാഹനത്തിൽ ഷാഫി പറമ്പിലിനൊപ്പം ഉണ്ടായിരുന്നു. വഴി നീളെ പടക്കം പൊട്ടിച്ചും വടകര വിട്ടു തരില്ലെന്ന് മുദ്രാവാക്യം മുഴക്കിയുമാണ് കോട്ടപ്പറമ്പിൽ എത്തിയത്. അപ്പോഴേക്കും പൊതുസമ്മേളനം ആരംഭിച്ചിരുന്നു.