ADVERTISEMENT

നടുവണ്ണൂർ∙  വീട്ടുമുറ്റത്തെ 50 അടി താഴ്ചയുള്ള കിണറ്റിൽ വെള്ളം കുറഞ്ഞതോടെയാണ് ഉള്ളിയേരി എംഡിറ്റ് എൻജിനീയറിങ് കോളജ് അധ്യാപകനായ വാകയാട് പാറക്കൽ  സച്ചിൻ പുതിയ രീതി പരീക്ഷിച്ചത്. പൊതുവേ ഉയർന്ന പ്രദേശമായതിനാൽ നാലഞ്ചു വർഷമായി കിണറ്റിൽ വെള്ളം കുറയാൻ തുടങ്ങിയിരുന്നു. ഈ വർഷം വേനൽ കനത്തതോടെ കൂടുതൽ പ്രയാസത്തിലായി. കാസർകോട് കുഞ്ഞമ്പുച്ചേട്ടൻ തുരങ്കം തീർത്ത് വെള്ളം കണ്ടെത്തുന്ന വിഡിയോ സമൂഹമാധ്യമത്തിൽ കാണാനിടയായ സച്ചിൻ പിന്നെ ഒന്നും ആലോചിച്ചില്ല.

കഴിഞ്ഞ മാസം 28ന് രാത്രി കുഞ്ഞമ്പുച്ചേട്ടന്റെ നമ്പർ തപ്പിയെടുത്തു വിളിച്ചു. പക്ഷേ, ഒരു വർഷം മുൻപ് അദ്ദേഹം മരിച്ചിരുന്നു. കോൾ എടുത്തതു മകൻ രതീഷ്. അടുത്ത ദിവസം രതീഷെത്തി പറമ്പിൽ തുരങ്കത്തിനു സ്ഥാനം കണ്ടെത്തി. പണി തുടങ്ങി 2 ദിവസത്തിനകം ആറടി താഴ്ചയിൽ വെള്ളം കിട്ടി. തുടർന്ന്, പതിനഞ്ചു ദിവസമായി സച്ചിന്റെ കുടുംബത്തിനു വിശ്രമമില്ലായിരുന്നു. കുഴിയെടുക്കാനും മണ്ണു കരയ്ക്കെത്തിക്കാനും വീട്ടുകാർ തന്നെ.

സച്ചിന്റെ ഭാര്യ വെസ്റ്റ് ഹിൽ പോളിടെക്നിക് ഗെസ്റ്റ് അധ്യാപിക അനാമിക, അമ്മ ചന്ദ്രിക, മുത്തച്ഛൻ 80 വയസ്സു കഴിഞ്ഞ കുഞ്ഞിക്കണാരൻ എന്നിവരായിരുന്നു ‘സഹപണിക്കാർ’. രാവിലെ 5ന് കുടുംബത്തോടെ പണിക്കിറങ്ങും. ഉച്ചയോടെ വെയിൽ കനക്കുമ്പോൾ‌ കയറും. വീണ്ടും വൈകിട്ട് 3  മുതൽ 6 വരെ. ഇവരുടെ ആവേശം കണ്ട് കാസർകോട്ടു നിന്ന് രതീഷും എത്തി. 

ഉയർന്ന പ്രദേശമായ ഇവിടെ ഈ കടുത്ത വേനലിലും അരയാൾ പൊക്കത്തിൽ വെള്ളമുണ്ട്. ഉയർന്ന പ്രദേശത്തു വെള്ളം കിട്ടാതെ വരുമ്പോൾ ഭൂമിക്കടിയിലൂടെ തുരന്ന് ഉറവ കാണുന്ന ഭാഗത്തു നിന്നു വെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്തുന്നതാണ് കുഞ്ഞമ്പുച്ചേട്ടന്റെ തുരങ്ക നിർമാണ രീതി. ശുദ്ധജലം കിട്ടുന്നതിന് കാസർകോട് ഭാഗത്തു പ്രചാരത്തിലുള്ള സമ്പ്രദായമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com