വടകര ബസ് സ്റ്റാൻഡ് കവലയിൽ ഗതാഗതക്കുരുക്ക്

Mail This Article
വടകര ∙ ദേശീയപാത വികസന പ്രവൃത്തികളുടെ ഭാഗമായി പുതിയ ബസ് സ്റ്റാൻഡ് കവലയിൽ സർവീസ് റോഡിൽ മാറ്റം വരുത്തിയതോടെ റോഡിന്റെ നാലു ഭാഗത്തും വാഹനക്കുരുക്ക്. 3 ദിവസമായി തുടരുന്ന കുരുക്കു മൂലം ദേശീയപാതയിൽ മാത്രമല്ല പുതിയ ബസ് സ്റ്റാൻഡ് മുതൽ എടോടി വരെയും തിരുവള്ളൂർ റോഡിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. രാവിലെയും വൈകിട്ടും തുടരുന്ന കുരുക്ക് മിനിറ്റുകൾ നീളുന്നത് കാരണം നഗരഗതാഗതം തന്നെ താളം തെറ്റി.
നാലു റോഡും ചേരുന്ന ഭാഗത്തിനടുത്ത് ഉയരപ്പാതയ്ക്ക് പൈൽ അടിക്കാൻ പണി നടക്കുന്നുണ്ട്. സമീപത്ത് നേരത്തേ പൈൽ അടിച്ച ഭാഗങ്ങളും നിർമാണത്തിന്റെ വേഗം കുറഞ്ഞ് അതുപോലെ കിടക്കുകയാണ്. ഇതിനിടയിൽ വീതി കുറഞ്ഞു പണിത സർവീസ് റോഡിൽ ഗതാഗതം പലപ്പോഴും സ്തംഭിക്കുന്നു. തിരുവള്ളൂർ റോഡിൽ നിന്നു വരുന്ന ബസുകൾ ശ്രീമണി ബിൽഡിങ്ങിനു സമീപം ആളെ ഇറക്കുമ്പോൾ പിറകിലുള്ള വാഹനങ്ങൾ കുരുക്കിലാകുന്നു.
ഇവിടെ ബസ് നിർത്താൻ വേറെ ഇടമില്ല. എതിർ ഭാഗത്തെ റോഡിലും വീതി കുറവിന്റെ പ്രശ്നമുണ്ട്. ഇവിടെ കെട്ടിടങ്ങളിലേക്ക് കയറാനോ അരികിലൂടെ നടന്നു പോകാനോ ഇടമില്ല. സമീപത്തെ പല കടകളും കച്ചവടം ഒഴിയാൻ ആലോചിക്കുന്നുണ്ട്. സ്റ്റാൻഡിനോട് ചേർന്നുള്ള എല്ലാ റോഡിലും വാഹനക്കുരുക്കായതു കൊണ്ട് ബസുകൾ തോന്നിയ മട്ടിലാണു പോകുന്നത്. നാലു പ്രവേശന ഭാഗത്തു കൂടെ പല വഴിയിലാണ് ബസുകളുടെ പോക്ക്. ഇതു യാത്രക്കാർക്കും നടന്നു പോകുന്നവർക്കും പ്രശ്നമുണ്ടാക്കുന്നു.