ADVERTISEMENT

കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ‘ദുര്‍ഭൂതം’ പരാമര്‍ശത്തില്‍ കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കൾ. സമൂഹമാധ്യമങ്ങളിൽ കെ.സി.വേണുഗോപാലിനെതിരെ രൂക്ഷമായ ആക്രമണം നടക്കുമ്പോഴാണ് കോൺഗ്രസ് നേതാക്കൾ പിന്തുണയുമായി രംഗത്തെത്തിയത്. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ജനകീയ നേതാവുമായ കെ.സി.വേണുഗോപാലിനെ സിപിഎം സൈബർ പ്രവർത്തകർ വിചാരിച്ചാൽ ഇല്ലാതാക്കാമെന്ന വ്യാമോഹമൊന്നും വേണ്ടെന്ന് ടി.സിദ്ദിഖ് സമൂഹമാധ്യമത്തിൽ കുറിച്ചു.

‘‘നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, ഈ വാക്കുകളൊക്കെ കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യമെത്തുന്ന മുഖം മുഖ്യമന്ത്രി പിണറായി വിജയന്റേത് തന്നെയാണ്. ഈ വാക്കുകൾ അദ്ദേഹം മലയാള സാഹിത്യ സാംസ്കാരിക മേഖലയ്ക്ക് നൽകിയ കനത്ത സംഭാവനയാണ് എന്നൊക്കെ വിശ്വസിക്കുന്നവർ ഉണ്ടാകാം. അവർക്ക് ദുർഭൂതം എന്ന് ആലങ്കാരികമായി പറഞ്ഞ വാക്ക് കേട്ട് വല്ലാതെ വിറളി പിടിച്ചിട്ടുണ്ട്. ദുർഭരണത്തെ വിശേഷിപ്പിക്കുമ്പോൾ ദുർഭൂതം എന്ന പ്രയോഗം സ്വാഭാവികമായി കടന്നുവരും. ആലങ്കാരികമായി പറഞ്ഞ് പോയ ആ വാക്ക് പിടിച്ച് ഇത്രയൊന്നും കരയേണ്ടതില്ല. അതിനെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് അറിയാം’’– സിദ്ദിഖ് കുറിച്ചു.

‘കാരണഭൂത’മെന്ന് കേള്‍ക്കുമ്പോള്‍ തിളയ്ക്കാത്തതൊന്നും ദുര്‍ഭൂതമെന്ന് കേള്‍ക്കുമ്പോഴും വേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ കുറിച്ചു. പഴയ സഹപ്രവര്‍ത്തകനെ കൊന്നിട്ടും കുലംകുത്തിയെന്ന് വിളിച്ച മുഖ്യമന്ത്രിയെ വാഴ്ത്താന്‍ കെ.സി.വേണുഗോപാല്‍ നിങ്ങളുടെ വാഴ്ത്തുപാട്ട് സംഘത്തിലെ സംഘാംഗമല്ല, കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറിയാണ്. മോദിയെയും മോദി മീഡിയയെയും വകവെക്കാത്തൊരാളെയാണ് നിങ്ങള്‍ ഉടുക്കുകൊട്ടിക്കാട്ടുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അരുംകൊലയ്ക്ക് ന്യായം ചമയ്ക്കാന്‍ ശ്രമിച്ചിട്ടുള്ള പിണറായി വിജയനെ കെ.സി.വേണുഗോപാല്‍ ‘ദൈവം തമ്പുരാന്‍’ എന്ന് വിളിക്കണോ എന്നാണ് ഷാഫി പറമ്പില്‍ എംപി ചോദിച്ചത്. ആശാവര്‍ക്കര്‍മാരെ പട്ടിണിക്കിടുന്ന ‘ദുര്‍ഭരണം’ ജനങ്ങള്‍ അവസാനിപ്പിക്കുക തന്നെ ചെയ്യുമെന്നും ഷാഫി കുറിച്ചു. ദുർഭൂതം... ഓഹോ, കാരണഭൂതം... ആഹാ എന്ന് വി.ടി.ബൽറാമും സമൂഹമാധ്യമത്തിൽ പരിഹാസത്തോടെ കുറിച്ചു. മൂന്നാമതും ദുര്‍ഭൂതം വരാന്‍ പോകുന്നുവെന്ന പ്രചാരണം നടക്കുന്നു എന്നാണ് കെ.സി. വേണുഗോപാല്‍ കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനെതിരെ സൈബർ സഖാക്കൾ ശക്തമായ ആക്രമണമാണ് നടത്തുന്നത്.‌

English Summary:

K.C. Venugopal faces a social media onslaught after referring to Kerala CM Pinarayi Vijayan as "Dhurbhutam". Congress leaders strongly defend Venugopal, highlighting the CPM's aggressive cyber tactics and the context of the criticism.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com