ദേശീയപാത വികസനം: വേങ്ങേരിക്കാട് നിവാസികൾക്ക് തീരാത്ത യാത്രാദുരിതം

Mail This Article
കോഴിക്കോട് ∙ ദേശീയപാത 6 വരിയായി നവീകരിക്കുന്നതിന്റെ ഭാഗമായി വേങ്ങേരിക്കാട് പ്രദേശത്തെ ആയിരക്കണക്കിനു കുടുംബങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിനു പരിഹാരമായില്ല. വേങ്ങേരി ഓവർപാസ് നിർമാണത്തിനൊപ്പം അടഞ്ഞതാണ് വേങ്ങേരി ജംക്‌ഷനിൽ വന്നുചേരുന്ന വേങ്ങേരിക്കാട് റോഡ്.
ഇന്നു തുറക്കും, നാളെ തുറക്കും എന്ന പ്രതീക്ഷയോടെ ഇവർ കാത്തിരിക്കാൻ തുടങ്ങിയിട്ടു 2 വർഷമായി. പല തവണ നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. ഓവർ പാസ് നിർമാണം ഇപ്പോൾ പൂർത്തിയായിട്ടും വേങ്ങേരിക്കാട് റോഡ് എന്നു തുറക്കുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.വേങ്ങേരി ജംക്‌ഷനിലെ പ്രവൃത്തിയുടെ ഭാഗമായാണു വേങ്ങേരിക്കാട് റോഡ് അടച്ചത്. 4 കിലോമീറ്ററോളം വരുന്ന റോഡിന് ഇരുഭാഗത്തും സമീപപ്രദേശങ്ങളിലുമായി ആയിരക്കണക്കിനു കുടുംബങ്ങൾ താമസിക്കുന്നു.
ഇവർക്കെല്ലാം മലാപ്പറമ്പ്, കാരപ്പറമ്പ് ഭാഗങ്ങളിലേക്കു പോകാൻ പറമ്പിൽ ബസാർ റോഡിലേക്ക് ഇറങ്ങി കറങ്ങിത്തിരിഞ്ഞു പോകേണ്ട അവസ്ഥയാണ്. വീതി കുറഞ്ഞ ഇടറോഡുകളിൽ ബദൽ മാർഗം തേടുമ്പോൾ അനുഭവപ്പെടുന്ന കുരുക്കഴിക്കാൻ മണിക്കൂറുകൾ കാത്തിരിക്കണം. വേങ്ങേരി സർവീസ് റോഡിലെ അഴുക്കുചാൽ നിർമാണം പൂർത്തിയായാൽ റോഡ് തുറക്കാമെന്നാണു വാഗ്ദാനം. അതിനായി ഇനിയെത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണു പ്രദേശവാസികൾ.