ചക്കിട്ടപാറയിൽ കുരങ്ങുശല്യം രൂക്ഷം; കർഷകർക്കു ദുരിതം

Mail This Article
ചക്കിട്ടപാറ ∙ പഞ്ചായത്തിലെ, 2,3, 7 വാർഡുകളിൽ വനാതിർത്തിയിലും മൂത്തേട്ടുപുഴ, ഓനിപ്പുഴകളുടെ തീരങ്ങളിലുമുള്ള മരങ്ങളിൽ നിന്നു കൃഷി ഭൂമികളിലെ തെങ്ങുകളിലേക്കും മരങ്ങളിലേക്കും കുരങ്ങുകൂട്ടം എത്തുന്നത് കർഷകർക്ക് ദുരിതമാകുന്നു. വനഭൂമിയിലെ മരങ്ങളിൽ നിന്നു കൃഷിയിടങ്ങളിലെ മരങ്ങളിലേക്കു ചാടിയാണ് കുരങ്ങുകൾ എത്തുന്നത്.കൃഷിയിടങ്ങളിൽ കരിക്ക്, വാഴ, കൊക്കോ, ഇടവിള കൃഷികൾ ഉൾപ്പെടെ കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുകയാണ്. തെങ്ങിൽ നിന്നു കരിക്ക് പിഴുതെടുത്ത് നശിപ്പിക്കുന്നതിനാൽ കർഷകർക്ക് തേങ്ങ വിളവെടുക്കാൻ ലഭിക്കുന്നില്ല. കുരങ്ങുകൾ കൂട്ടത്തോടെ എത്തി ആക്രമിക്കാൻ ശ്രമിക്കുന്നതും പ്രശ്നമാകുന്നുണ്ട്.

വനാതിർത്തിയിലെ മൂത്തേട്ടുപുഴയോരത്ത് താമസിക്കുന്ന കർഷകരാണ് പ്രധാനമായും 1കുരങ്ങുകളുടെ പ്രശ്നം നേരിടുന്നത്. ആലമ്പാറ, കാട്ടിക്കുളം, ഉണ്ടംമൂല, വലിയകൊല്ലി, അമ്പാട്ട്പടി, വട്ടക്കയം എന്നീ മേഖലകളിലെ ഒട്ടേറെ കർഷകർ വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ല.പെരുവണ്ണാമൂഴി വട്ടക്കയത്തെ ഭിന്നശേഷിക്കാരനായ മഠത്തിനകത്ത് എം.എ.ജോൺസൺ വീടിന്റെ മുറ്റത്തെ തെങ്ങ്, കുരങ്ങന്മാരുടെ ശല്യം കാരണം മുറിച്ചു മാറ്റി. തെങ്ങിൽ കയറുന്ന കുരങ്ങ് നിരന്തരം കരിക്ക് ജോൺസന്റെ വീടിനു മുകളിലേക്ക് പിഴുതെറിഞ്ഞു നാശം വരുത്തുന്നത് തുടർന്നപ്പോൾ കായ്ഫലമുള്ള തെങ്ങ് മുറിച്ചു മാറ്റാൻ നിർബന്ധിതനായി.
അമ്പാട്ട് ഷാജു, മൂഴയിൽ തോമസ്, സരിൻ കാഞ്ഞിക്കാട്ടുതൊട്ടിയിൽ, എലവുംകുന്നേൽ ജോയി, പെരുവേലിൽ അനിൽ, എലവുംകുന്നേൽ പ്രദീപ് എന്നിവരുടെ കൃഷി ഭൂമിയിലും കുരങ്ങ് നാശം വിതയ്ക്കുന്നുണ്ട്. കൃഷിഭൂമിയിലേക്ക് ചെരിഞ്ഞു നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ മുറിച്ചു മാറ്റിയാൽ പ്രശ്ന പരിഹാരമാകും. എന്നാൽ വനം വകുപ്പിന് മരം മുറിക്കാൻ അനുമതി ലഭിക്കാത്തതും ഫണ്ട് ഇല്ലാത്തതുമാണ് പ്രശ്നമെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു.കൃഷി ഭൂമിയിലേക്ക് ചെരിഞ്ഞു നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നു കൃഷി ഭൂമി സന്ദർശിച്ച പഞ്ചായത്ത് മെംബർ കെ.എ.ജോസുകുട്ടി ആവശ്യപ്പെട്ടു.