എൻജിൻ തകരാർമൂലം കടലിൽ കുടുങ്ങിയ ബോട്ട് കരയ്ക്കടുപ്പിച്ചു

Mail This Article
താനൂർ ∙ എൻജിൻ തകരാറായ കാരണം ആഴക്കടലിൽ കുടുങ്ങിയ ബോട്ടും 11 മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കൽ പടിഞ്ഞാറേ വീട് രമ്യയുടെ പേരിലുള്ള ‘അമ്മേ നാരായണ’ ബോട്ടാണ് 22 നോട്ടിക്കൽ മൈൽ അകലെ ഹാർബറിന് പടിഞ്ഞാറുവശം അപകടാവസ്ഥയിൽപെട്ടത്. മറൈൻ എൻഫോഴ്സ്മെന്റിന്റെയും ഫിഷറീസ് വകുപ്പിന്റെയും കഠിനശ്രമത്തിൽ ആഴക്കടലിൽ 10 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് ബോട്ടും ജീവനക്കാരെയും ഹാർബറിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് മീൻപിടിത്തത്തിനിടെ ബോട്ടിന്റെ എൻജിൻ കേടായി കടലിൽ നിശ്ചലമായത്. പൊന്നാനി ഫിഷറീസ് അധികൃതർക്ക് കിട്ടിയ വിവരത്തെത്തുടർന്നാണ് രക്ഷാപ്രവർത്തനം നടന്നത്. മറൈൻ എൻഫോഴ്സ്മെന്റ് പൊലീസ് ശരൺകുമാർ, ഫിഷറീസ് റസ്ക്യൂ ഗാർഡ് സവാദ്, ഗ്രൗണ്ട് റെസ്ക്യൂ ജീവനക്കാരൻ നാസർ, ബോട്ട് സ്രാങ്ക് റാസിക് എന്നിവരും സമീപത്ത് മീൻപിടിത്തത്തിലേർപ്പെട്ടിരുന്ന യാനങ്ങളുമാണ് രക്ഷപ്പെടുത്തൽ നടത്തിയത്. പൊലീസ് ബോട്ടിന്റെ സഹായത്താൽ കെട്ടിവലിച്ചാണ് ഇവിടത്തെ ഹാർബറിൽ എത്തിച്ചത്.