ഉത്സവത്തിനിടെ സംഘർഷം: യുവാവിനു വെടിയേറ്റു

Mail This Article
പാണ്ടിക്കാട് ∙ ചെമ്പ്രശ്ശേരി ഈസ്റ്റിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് എയർ ഗണ്ണിൽനിന്നു വെടിയേറ്റു. ചേരിതിരിഞ്ഞുണ്ടായ അടിയിലും കല്ലേറിലും മറ്റു പത്തോളം പേർക്കു പരുക്കേറ്റു. വീടുകൾക്കും നാശനഷ്ടമുണ്ടായി. ചെമ്പ്രശേരി ഈസ്റ്റിലെ നല്ലേങ്ങര ലുഖ്മാനുൽ ഹക്കീമിന് (32) ആണ് കഴുത്തിൽ വെടിയേറ്റത്.
ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചെമ്പ്രശ്ശേരി ഈസ്റ്റ് കൊറത്തിത്തൊടിക തേലക്കാട്ടുകുന്നിൽ ഒരു കുടുംബക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രി പത്തിനു ശേഷമാണ് സംഭവം.
കൊടശ്ശേരി പ്രദേശവാസികളായ ചിലരും ചെമ്പ്രശ്ശേരി ഈസ്റ്റ് നിവാസികളായ ചിലരും തമ്മിലായിരുന്നു സംഘർഷം. കഴിഞ്ഞ ആഴ്ച സമീപപ്രദേശത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസത്തെ സംഘർഷമെന്നു പറയുന്നു.
ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന സംഘർഷത്തിനിടെ ഒരാൾ എയർ ഗൺ ഉപയോഗിച്ചു വെടിയുതിർക്കുകയായിരുന്നു. വെടിയുതിർത്തയാളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. കുരുമുളകു സ്പ്രേ അടക്കം സംഘർഷത്തിനിടെ ഉപയോഗിച്ചതായി പറയുന്നു. പരുക്കേറ്റ മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.