ഷാബാ ഷരീഫ് വധക്കേസ്: അന്വേഷണ സംഘത്തിന് അനുമോദനം

Mail This Article
നിലമ്പൂർ ∙മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസ് തെളിയിച്ച അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് അനുമോദിച്ചു.നിലമ്പൂർ ഡിവൈഎസ്പി ഓഫിസിൽ നടത്തിയ ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അധ്യക്ഷത വഹിച്ചു.2019 ഓഗസ്റ്റ് ഒന്നിനാണ് ഒന്നാം പ്രതി ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുവന്നത്.തടവിൽ പാർപ്പിച്ചു 2020 ഒക്ടോബർ 8ന് കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി ചാലിയാറിൽ ഒഴുക്കി.
3 വർഷം കഴിഞ്ഞു സംഭവം പുറത്തറിഞ്ഞപ്പോൾ പ്രധാന തെളിവുകൾ നഷ്ടപ്പെട്ടിരുന്നു. അതിസൂക്ഷ്മമായി കേസന്വേഷിച്ച് അവശേഷിച്ച തെളിവുകൾ ശേഖരിക്കാനും ഇതു കോടതിയെ ബോധ്യപ്പെടുത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞതാണ് ഷൈബിൻ അഷ്റഫ് ഉൾപ്പെടെ 3 പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ കാരണമായതെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എം.കൃഷ്ണൻ നമ്പൂതിരി പറഞ്ഞു.അന്വേഷണ മികവിനെ അദ്ദേഹം അഭിനന്ദിച്ചു.
കേസ് തലനാരിഴ കീറി പഠിച്ച് പ്രതിഭാഗം വാദം ഖണ്ഡിക്കുന്നതിൽ ഇ.എം.കൃഷ്ണൻ നമ്പൂതിരി പുലർത്തിയ മികവ് അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നുവെന്നു ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഡിവൈഎസ്പി സാജു കെ. ഏബ്രഹാം, ഇൻസ്പെക്ടർമാരായ പി.വിഷ്ന്നു, പി.അബ്ദുൽ ബഷീർ എന്നിവർ ഉൾപ്പെടെ അന്വേഷണ സംഘത്തിലെ മുഴുവൻ പേരെയും അദ്ദേഹം അഭിനന്ദിച്ചു. എല്ലാവരും ചേർന്നു ഫോട്ടോ എടുത്തു. ഇഫ്താർ വിരുന്നിലും പങ്കെടുത്തു. തടവുശിക്ഷ വിധിക്കപ്പെട്ട ഷൈബിൻ അഷ്റഫ്, ഷിഹാബുദ്ദീൻ, നിഷാദ് എന്നിവർ തവനൂർ സെൻട്രൽ ജയിലിലാണ്.