ലഹരി വാങ്ങാൻ പണം നൽകിയില്ല മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ പിടികൂടി

Mail This Article
താനൂർ ∙ ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിന് മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. എറണാകുളത്ത് ജോലി നോക്കിയിരുന്ന യുവാവ് അവിടെവച്ചാണ് ലഹരിക്കടിമപ്പെടുന്നത്. ഇതിനായി പിതാവിനോട് പണം ആവശ്യപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ അക്രമിക്കുകയായിരുന്നു. മാതാവിനെയും പ്രായം ചെന്ന പിതൃമാതാവിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതോടെ വീട്ടുകാർ അയൽവാസികളെ വിവരമറിയിച്ചു. ഓടിക്കൂടിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ സ്‌റ്റേഷനിലേക്ക് മാറ്റി. പൊലീസ് വാഹനത്തിലിരുന്ന് ഇയാൾ തനിക്ക് തെറ്റു പറ്റിയതാണെന്നും ആരും ലഹരിയുടെ വലയിൽ വീഴരുതെന്നും തന്റെ ജീവിതം നശിപ്പിച്ചതു പോലെ മറ്റുള്ളവരുടെ ഭാവി ഇല്ലാതാക്കരുതെന്നും വിലപിച്ചു. ഇതോടെ ഡിവൈഎസ്പി പി.പ്രമോദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടോണി ജെ.മറ്റവും സംഘവും മയക്കു മരുന്ന് പിടിയിൽ നിന്നും മോചിപ്പിക്കാൻ കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയിലെ ലഹരി വിമുക്തി കേന്ദ്രത്തിൽ എത്തിച്ചു.