മുംബൈ നഗരയാത്രയ്ക്ക് ഇനി എഐ സഹായം; ഗൂഗിൾ മാപ്പിൽ നോക്കാം, ‘ബെസ്റ്റ് ’ റൂട്ടും ബസും

Mail This Article
മുംബൈ∙ ബസ് സർവീസുകളെ ഗൂഗിൾ മാപ്പുമായി കൂട്ടിയോജിപ്പിച്ച് ഗതാഗത രംഗത്ത് പരിഷ്കാരത്തിന് ‘ബെസ്റ്റ്’ ഒരുങ്ങുന്നു. മുംബൈ കോർപറേഷന്റെ ഗതാഗത വിഭാഗമായ ബെസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന 2900 ബസുകളും 402 ബസ് റൂട്ടുകളും ഇനി മുതൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്രക്കാർക്ക് കണ്ടെത്താം. ബസിനു പുറമേ മെട്രോ, ലോക്കൽ ട്രെയിൻ, ടാക്സി സർവീസുകളെയും ഇതുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ക്രമീകരണം.ഒരു മാസത്തിനുള്ളിൽ പുതിയ സാങ്കേതിക സൗകര്യം പ്രവർത്തന സജ്ജമായിത്തുടങ്ങുമെന്ന് ബെസ്റ്റ് ജനറൽ മാനേജർ എസ്.വി.ആർ. ശ്രീനിവാസ് പറഞ്ഞു. ബസുകൾ ഏത് റൂട്ടിലൂടെയാണ് സർവീസ് നടത്തുന്നത്, ഏത് സ്റ്റോപ്പിൽ എത്തി തുടങ്ങിയ കാര്യങ്ങൾ അറിയാൻ നിലവിൽ സംവിധാനങ്ങൾ ഇല്ല.
പൊതുഗതാഗത രംഗത്ത് എഐ (നിർമിത ബുദ്ധി) സാങ്കേതിക സൗകര്യങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് സംസ്ഥാന സർക്കാർ ഗൂഗിളുമായി ധാരണാപത്രം ഒപ്പിട്ടത്. പദ്ധതി യാഥാർഥ്യമായി കഴിഞ്ഞാൽ യാത്ര തുടങ്ങുന്ന സ്ഥലവും യാത്ര അവസാനിക്കുന്ന സ്ഥലവും മൊബൈലിൽ ടൈപ്പ് ചെയ്യുന്നതിന് പിന്നാലെ ബസ് മുഖേന ലഭിക്കുന്ന മികച്ച യാത്രാറൂട്ട്, മെട്രോ, ലോക്കൽ, ഓട്ടോറിക്ഷാ, ടാക്സി മാർഗങ്ങളും തെളിഞ്ഞുവരും. ഏറ്റവും എളുപ്പമുള്ള യാത്രാ മാർഗം സ്വീകരിക്കാം. നഗരത്തിൽ ആദ്യമായെത്തുന്നയാൾക്ക് ഇത് ഏറെ ഉപകാരപ്പെടും. മിനിമം 6 രൂപ നൽകിയാൽ ബെസ്റ്റിന്റെ എസി ബസിൽ നഗരത്തിൽ യാത്ര ചെയ്യാമെന്നിരിക്കെ ഇത് അറിയാതെ എത്തുന്ന പലരെയും ടാക്സി ഡ്രൈവർമാർ കബളിപ്പിക്കുന്നതും പതിവാണ്.
ബെസ്റ്റിനെയും സഹായിക്കും
ഒരേ റൂട്ടിൽ ഓടുന്ന രണ്ട് ബസുകൾ തമ്മിലുള്ള സമയപരിധി കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനോടൊപ്പം ആളുകളുടെ യാത്രാമാർഗങ്ങൾ തിരഞ്ഞെടുക്കാനും, ഏറ്റവും തിരക്കുള്ള റൂട്ടുകൾ, തിരക്ക് കുറഞ്ഞ റൂട്ടുകൾ, യാത്രാസമയം, തിരക്ക് കൂടിയ സമയങ്ങൾ, കുറഞ്ഞ സമയങ്ങൾ തുടങ്ങി ഒട്ടേറെ വിവരങ്ങൾ ഗൂഗിൾ അനലിറ്റിക്സിന്റെ സഹായത്തോടെ ശേഖരിക്കാനും കഴിയും. ഏതെങ്കിലും റൂട്ടിൽ പുതിയ ബസുകൾ വേണമെങ്കിൽ ലഭ്യമാക്കാനും അത്യാവശ്യമില്ലാത്തവ നീക്കം ചെയ്യാനും സാധിക്കുമെന്നതാണ് മറ്റൊരു ഗുണം.പുതിയ റോഡുകൾ തുറക്കുകയും പുതിയ മെട്രോ, ലോക്കൽ പാതകളുടെ നിർമാണം പൂർത്തീകരിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നഗരവാസികളുടെ യാത്രാ തിരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത്.നിലവിൽ ദിവസവും ശരാശരി 70 ലക്ഷത്തിലേറെ പേർ ലോക്കൽ ട്രെയിനുകളെയും 30 ലക്ഷത്തിലേറെ പേർ ബെസ്റ്റ് ബസ് സർവീസുകളെയും ആശ്രയിക്കുന്നുണ്ട്.
മാർഗം കാണിച്ചുതരും സാങ്കേതികവിദ്യ
ബോറിവ്‌ലിയിൽ നിന്ന് ലോവർ പരേലിലേക്ക് യാത്ര ചെയ്യേണ്ടതുണ്ടെന്ന് സങ്കൽപിക്കുക, ഈ രണ്ട് സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ നൽകിക്കഴിഞ്ഞാൽ യാത്ര ചെയ്യേണ്ട ഓരോ മാർഗവും ഗൂഗിൾ മാപ്പ് പറഞ്ഞുതരും. ആദ്യം ബോറിവ്‌ലിയിൽനിന്ന് ബെസ്റ്റ് ബസിൽ അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് ബസിൽ യാത്ര ചെയ്യാനാകും നിർദേശം. പിന്നീട് മെട്രോയിൽ കയറി ശേഷം ലോക്കൽ ട്രെയിൻ ഉപയോഗിച്ച് അടുത്തുള്ള ബസ് സ്റ്റേഷനിൽ എത്തി വീണ്ടും ബെസ്റ്റ് ബസിൽ കയറാൻ പറയും. ശേഷം ആവശ്യമെങ്കിൽ ഓട്ടോറിക്ഷയും നിർദേശിച്ചേക്കാം. വിവിധ ഗതാഗത സൗകര്യങ്ങളെ സംയോജിപ്പിച്ച് എളുപ്പത്തിൽ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന രൂപം.