ആരോഗ്യ പ്രശ്നങ്ങളിൽ വലഞ്ഞ് മലയാളി വിദ്യാർഥികൾ; മരുന്ന് വേണം സർക്കാരേ

Mail This Article
ന്യൂഡൽഹി∙ ‘ആദ്യം നേരിയ പനിയും ശരീര വേദനയുമായിരുന്നു. പാരസെറ്റമോൾ കഴിച്ചും സ്വയം ചികിത്സയുമായി ആദ്യ ദിനങ്ങൾ. പിന്നെ, സർവകലാശാലയിലെ ഡേ ക്ലിനിക് പരീക്ഷിച്ചു. പ്ലേറ്റ്ലറ്റ് അളവു കുറഞ്ഞ്, അബോധാവസ്ഥയിൽ ആശുപത്രിയിലെത്തുമ്പോഴേക്കും ആന്തരിക അവയവങ്ങളിൽ പലതും നിലച്ചിരുന്നു’– 2023 ഡിസംബറിന്റെ തീരാവേദനയായ ജാമിയ വിദ്യാർഥി അസറു എന്ന അസ്ഹറുദീൻ പാലോടിന്റെ (24) അനുഭവവും വേർപാടും ഇന്നും സുഹൃത്തുക്കളുടെ കണ്ണുകളെ ഈറനണിയിക്കും.
അസറുവിന്റെ മരണത്തിനു പിന്നാലെ, ഡൽഹിയിലെ മലയാളി വിദ്യാർഥികളുടെ ആരോഗ്യപ്രശ്നങ്ങളും ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയും ചെലവുമൊക്കെ ചർച്ചചെയ്യപ്പെട്ടിരുന്നു. വെള്ളത്തിലെ വരപോലെ അവ മെല്ലെ ഇല്ലാതായി. ജെഎൻയു, ഡൽഹി, ജാമിയ തുടങ്ങിയ പ്രധാന സർവകലാശാലകളിൽ മാത്രം അയ്യായിരത്തിലേറെ മലയാളി വിദ്യാർഥികളുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ചികിത്സയ്ക്ക് പലർക്കും പരിമിതികളുണ്ട്. ഇവരെങ്ങനെ മആരോഗ്യപ്രശ്നങ്ങളെ അതിജീവിക്കുന്നുവെന്ന് പ്രവാസി വകുപ്പെങ്കിലും അന്വേഷിക്കേണ്ടതാണ്.
അസുഖങ്ങൾ പലത്
ചൂടും തണുപ്പും മഴയും മാറിമാറിവരുമ്പോൾ അസുഖങ്ങളും വിട്ടുമാറാതെ പിടികൂടുന്നതായി വിദ്യാർഥികൾ പറയുന്നു. ഡെങ്കി, ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം... അസുഖങ്ങൾക്ക് പഞ്ഞമില്ല. ചിലർക്ക് നായകടി ഏൽക്കുന്നുമുണ്ട്. പല കോളജുകളിലും ഹോസ്റ്റൽ സൗകര്യമില്ല; പേയിങ് ഗസ്റ്റായും പലർ ചേർന്ന് വീടു വാടകയ്ക്കെടുത്തുമൊക്കെയാണ് താമസം. ഒരാൾക്ക് അസുഖം വന്നാൽ പകർച്ചയുടെ തുടക്കമായി. മലിനീകരണത്തിനൊപ്പം ശുദ്ധജല ദൗർലഭ്യവും അസുഖത്തിന്റെ തീവ്രത കൂട്ടുന്നു.
പാരസെറ്റാമോൾ – പ്രിയപ്പെട്ട ഡോക്ടർ
എന്തു രോഗത്തിനും ആദ്യ പ്രയോഗം പാരസെറ്റാമോളാണ്. കോളജിനടുത്തുള്ള മരുന്നുകടയിൽ രോഗം പറഞ്ഞ് മരുന്നുവാങ്ങുന്നവരുമുണ്ട്. അടുത്ത അഭയം ചെറിയ ക്ലിനിക്കുകളാണ്. ജാമിയയിലെ ഹെൽത്ത് സെന്റർ അവിടത്തെ വിദ്യാർഥികൾക്ക് ആശ്വാസമാണ്. പക്ഷേ, അവിടെ ചികിത്സ ദിവസവും 10 മുതൽ 4 വരെ മാത്രം; അടിസ്ഥാന പരിശോധനാ സംവിധാനങ്ങളേയുള്ളു.ജെഎൻയുവിലും ചെറിയൊരു ഹെൽത്ത് ഡെസ്ക്കുണ്ട്. പരിശോധനയ്ക്കും മരുന്നിനുമൊക്കെ സ്വയം പരിഹാരം കണ്ടെത്തണം. ഡിയുവിലെ സൗത്ത് ക്യാംപസിൽ മലയാളി വിദ്യാർഥി സംഘടന ‘സർഗ’ ടെലിമെഡിസിൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ഗുണകരമെന്ന് വിദ്യാർഥികൾ പറയുന്നു.
പോക്കറ്റ് കീറുന്ന സ്വകാര്യ ആശുപത്രി ബിൽ
സ്വകാര്യ ആശുപത്രി ബിൽ താങ്ങാനാവാതെ സഫ്ദർജങ് ഉൾപ്പെടെ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുമുണ്ട്. അത്യാഹിതമാണെങ്കിൽ നേരെ എയിംസിലേക്ക്, ആശുപത്രികളിൽ ജോലിചെയ്യുന്ന ബന്ധുക്കളും സുഹൃത്തുക്കളും സഹായിക്കുന്നു.കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്നു തോന്നിയാൽ ഉടൻ വിമാന ടിക്കറ്റെടുത്ത് കേരളത്തിലേക്ക്. ഉയർന്ന ടിക്കറ്റ് നിരക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും, ഹാജരും നഷ്ടമാകും. വർഷത്തിൽ 7 വിഷയങ്ങളിൽ കൂടുതൽ പേപ്പർ പോയാൽ ആ വർഷം വീണ്ടും പഠിക്കണം. ഇങ്ങനെ ഇയർബാക്ക് ആയവരും പഠിത്തം പാതിവഴിയിൽ നിർത്തിയവർ ഏറെ. അസുഖമാണ് പ്രധാനവില്ലൻ.
ഹിന്ദി ‘മാലൂ’
ഹിന്ദിയറിയാമോ? അറിയാം. പക്ഷേ, അസുഖം എങ്ങനെ ഹിന്ദിയിലും ഇംഗ്ലിഷിലും പറഞ്ഞു ഫലിപ്പിക്കും? ആശുപത്രിയിലോ ക്ലിനിക്കിലോ പോകുന്ന മിക്ക മലയാളി വിദ്യാർഥികളുടെയും അനുഭവമാണിത്. അത് കൃത്യമായ ചികിത്സ ലഭിക്കാൻ തടസ്സമാകുന്നു.