പൊതുവിതരണം: ഇ-വെരിഫിക്കേഷൻ കർശനമാക്കും; അനർഹരുടെ റേഷൻ വെട്ടും

Mail This Article
ന്യൂഡൽഹി ∙ അനധികൃതമായി റേഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നവരെ കണ്ടെത്താൻ ‘ഇ-വെരിഫിക്കേഷൻ’ സംവിധാനം സംസ്ഥാന സർക്കാർ കർശനമാക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഗുണഭോക്താക്കൾക്ക് പൊതുവിതരണ സംവിധാനത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ, അനധികൃതമായി വാങ്ങുന്ന സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു.
കഴിഞ്ഞ ഒരുമാസമായി തലസ്ഥാനത്ത് പുരോഗമിക്കുന്ന ഇ-വെരിഫിക്കേഷൻ (റേഷൻ കാർഡിലെ വിവരങ്ങൾ പുതുക്കൽ) 31ന് അവസാനിക്കും. സർക്കാർ ഓഫിസുകളിലെത്താതെ 'മേരാ ഇ-കെവൈസി' മൊബൈൽ ആപ്പ് വഴി ഗുണഭോക്താക്കൾക്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. പുതിയ കാർഡിന് അപേക്ഷിക്കുകയും ചെയ്യാം. വിവരങ്ങൾ പൊതുവിതരണ വകുപ്പ് പരിശോധിച്ച് ഉറപ്പാക്കുകയും അർഹരായവർക്ക് കാർഡ് ലഭ്യമാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
3 ലക്ഷത്തിലധികം അപേക്ഷകൾ
2024 ഡിസംബർ 30 വരെ ഡൽഹിയിൽ 3 ലക്ഷത്തിലേറെ റേഷൻ കാർഡ് അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അംഗീകരിച്ചത് ആകെ 84,692 അപേക്ഷകളാണെന്നും വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി ഡൽഹി സർക്കാർ അറിയിച്ചു. പുതിയ റേഷൻ കാർഡ് അപേക്ഷകൾ പരിഗണിക്കുന്നില്ലെന്ന് ഒരു വർഷമായി പരാതിയുണ്ട്.