സ്വന്തം അധ്വാനത്തിൽ സ്വിമ്മിങ് പൂൾ, മെഡൽ, ഹാർലി... തുള്ളിച്ചാടി ഡോഗ് സ്ക്വാഡ്

Mail This Article
പാലക്കാട് ∙ കേരള പൊലീസ് ഡോഗ് സ്ക്വാഡിന് സന്തോഷത്തിന്റെ ദിനങ്ങളാണിത്. കല്ലേക്കാട് എആർ ക്യാംപിലെ 8 നായകൾക്കായി സ്വിമ്മിങ് പൂൾ സ്വന്തം അധ്വാനത്തിൽ പരിശീലകർ നിർമിച്ചതാണ് ഒന്നാമത്തെ സന്തോഷം. അടുത്തിടെ പരിശീലനം കഴിഞ്ഞ് ബെൽജിയം മാൽനോയിസ് എന്ന ഇനത്തിൽപെട്ട ഹാർലി എത്തിയതാണ് മറ്റൊന്ന്. ഇന്ത്യൻ റിസർവ് പൊലീസ് ബറ്റാലിയനിൽനിന്ന് എത്തി ജില്ലാ ഡോഗ് സ്ക്വാഡിൽ ജോലി ചെയ്യുന്ന റോക്കിക്ക് മികച്ച സേവനത്തിനുള്ള മെഡൽ ലഭിച്ചതാണ് മൂന്നാമത്തെ സന്തോഷ വാർത്ത.
കല്ലേക്കാട് എആർ ക്യാംപിലെ നായപരിശീലന കേന്ദ്രത്തിനു സമീപം മുൻപുണ്ടായിരുന്ന ചെറിയ കുളത്തെ സ്വിമ്മിങ് പൂളാക്കി മാറ്റുകയായിരുന്നു പരിശീലകരും മറ്റു പൊലീസുകാരും. ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയുടെ, തകർന്ന കെട്ടിടങ്ങളുടെ ഭാഗങ്ങൾ ഉപയോഗിച്ചാണു സ്വിമ്മിങ് പൂൾ ഇവർ സ്വന്തമായി നിർമിച്ചത്. വെൽഡിങ്ങിനും അവസാന ഘട്ട മിനുക്കു പണികൾക്കും മാത്രമാണു പുറത്തുനിന്ന് ആളെ വിളിച്ചത്. സ്വന്തമായി നിർമിച്ചതോടെ ചെലവ് തീരെ കുറവായിരുന്നെന്ന് എആർ ക്യാംപിലെ ഡോഗ് സ്ക്വാഡിന്റെ ചുമതലയുള്ള ടി.എൻ.വിനോദ് പറഞ്ഞു.

കേരള പൊലീസ് അക്കാദമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിലെ (എസ്ഡിടിഎസ്) 9 മാസത്തെ പരിശീലനത്തിനു ശേഷം കഴിഞ്ഞ ദിവസമാണു ഹാർലി ജില്ലയിലെത്തിയത്. 12ാം ബാച്ചിലായിരുന്നു ഹാർലിയുടെ പരിശീലനം. പരിശീലകരായ എസ്.നിഷാൻ, ആർ.ആദർശ് എന്നിവരാണ് ഹാർലിക്കൊപ്പം ഉള്ളത്. മികച്ച രീതിയിൽ കുറ്റാന്വേഷണം നടത്താൻ ശേഷിയുള്ള ട്രാക്കർ ഡോഗ് ആണു ഹാർലി. ഒരു വർഷവും 2 മാസവുമാണു പ്രായം. കഴിഞ്ഞ വർഷം 11ാം ബാച്ചിൽ നിന്നു ബെൽജിയം മാൽനോയിസ് എന്ന ഇനത്തിൽപെട്ട മാക്സ് എന്ന നായയും ജില്ലയിൽ എത്തിയിരുന്നു.
ജില്ലയിൽ ട്രാക്കർ വിഭാഗത്തിലാണു റോക്കി ജോലി ചെയ്യുന്നത്. കുറ്റാന്വേഷണ രംഗത്തെ കഴിഞ്ഞ 3 വർഷത്തെ മികവിനാണു പൊലീസ് മേധാവിയുടെ മെഡൽ ഓഫ് എക്സലൻസ് ലഭിച്ചത്. മോഷണം, കൊലപാതകം, കാണാതാകൽ തുടങ്ങിയ കേസുകളിലാണു റോക്കി മികവുകാട്ടിയത്. മാവോയിസ്റ്റ് ഡ്യൂട്ടികൾക്കായി 2016ലാണ് ഇന്ത്യ റിസർവ് ബറ്റാലിയനിൽനിന്ന് ജില്ലയിലെത്തിയത്. സി.സുനൂപ് രാജാണു റോക്കിയെ പരിശീലിപ്പിക്കുന്നത്. ഒരു നായയ്ക്കു രണ്ടു പരിശീലകരാണ് ഉണ്ടാകാറ്. 8 വർഷത്തോളം സുനൂപിന്റെ ഒപ്പം റോക്കിയുടെ പരിശീലകനായിരുന്ന അരുൺ പ്രകാശിനെ അടുത്തിടെ മറ്റു ഡ്യൂട്ടികളിലേക്കു മാറ്റിയിരുന്നു.
ഇത് സങ്കടം
പാലക്കാട് ∙ കേരള പൊലീസ് ഡോഗ് സ്ക്വാഡിലെ പൊലീസുകാരെ മറ്റു ഡ്യൂട്ടികളിലേക്കു മാറ്റുന്നതിനാൽ പ്രവർത്തനം താളം തെറ്റുന്നതായി പൊലീസുകാർ. ഓരോ പൊലീസ് നായയ്ക്കും രണ്ടു പരിശീലകരാണുണ്ടാകുക. 3 മാസം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ വാങ്ങുന്നതു മുതൽ സർവീസിലുള്ള കാലമത്രയും ഇവർ ഒപ്പമുണ്ടാകും. സ്ഥിരം പരിശീലകരില്ലാതെ നായകളെ പരിശീലിപ്പിക്കാനോ, കേസന്വേഷണത്തിന് ഉപയോഗിക്കാനോ കഴിയില്ല.

പരിശീലകരെ പെട്ടെന്നു മറ്റു ഡ്യൂട്ടികളിലേക്കു മാറ്റുന്നതോടെ നായകളുടെ കാര്യം അവതാളത്തിലാകുമെന്നാണു പരാതി. നായകൾക്കു പുതിയ പരിശീലകരെ പരിചയമാകാൻ കാലതാമസമെടുക്കുമെന്നതാണു വെല്ലുവിളി. മറ്റുള്ളവരുമായി ഇണങ്ങാത്ത നായകളുമുണ്ട്. അടുത്തിടെ പരിശീലനം കഴിഞ്ഞ 12–ാമത് ബാച്ചിലെ രണ്ടു പരിശീലകരെ പരിശീലന കാലയളവ് കഴിയാറായപ്പോൾ സ്ഥലംമാറ്റി ഉത്തരവെത്തി.
ഡോഗ് സ്ക്വാഡിലെ പരിശീലകരെ വ്യക്തമായ കാരണമില്ലാതെ മാറ്റരുതെന്നു പൊലീസ് മേധാവിയുടെ ഉത്തരവുണ്ടായിരിക്കെ 18 പരിശീലകരെ ഇത്തരത്തിൽ മറ്റു ഡ്യുട്ടികളിലേക്കു നിയോഗിച്ചെന്നാണ് ആരോപണം. നായയുടെ സർവീസ് കാലാവധി കഴിയുകയോ, മരിക്കുകയോ പരിശീലകന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്താൽ മാത്രമേ മാറ്റേണ്ടതുള്ളു എന്നാണ് ഉത്തരവിലുള്ളത്. പരിശീലകരെ തിരഞ്ഞെടുത്തവർ തന്നെയാണു സ്ഥലം മാറ്റിയതെന്ന ആരോപണവുമുണ്ട്.
ഇനി ബ്രീഡിങ് ഡോഗും
നായ്ക്കുഞ്ഞുങ്ങൾക്കായി വൻതുക ചെലവഴിക്കുന്നത് ഒഴിവാക്കാനായി ഇപ്പോൾ പരിശീലനം നടക്കുന്ന 13ാമത് ബാച്ചിൽ രണ്ടു ബ്രീഡിങ് നായകളെയും ഉൾപ്പെടുത്തി. ബെൽജിയം മാൽനോയിസ് ഇനത്തിൽപെട്ട രണ്ടു പെൺ നായ്ക്കളാണു പരിശീലനം നേടുന്നത്. ഇവയ്ക്കു കുഞ്ഞുങ്ങളുണ്ടാകുന്നതോടെ പൊലീസിന് ആവശ്യമായ നായകളെ പുറത്തുനിന്നു വാങ്ങേണ്ടി വരില്ലെന്നാണു പ്രതീക്ഷ. മറ്റു സംസ്ഥാനങ്ങൾക്കുൾപ്പെടെ വിൽക്കാം.