ADVERTISEMENT

പാലക്കാട് ∙ 16 ദിവസത്തെ ‘കൂടുവാസം’ പലതും പഠിപ്പിച്ചതോടെ, ധോണി എന്ന പി.ടി.ഏഴാമൻ പതിയ ശാന്തനായിത്തുടങ്ങി. കുറുമ്പും ദേഷ്യവും പിണക്കവുമെല്ലാം കാട്ടുന്നുണ്ടെങ്കിലും പാപ്പാൻമാരോടു ധോണി അടുത്തുകഴിഞ്ഞു. കരിമ്പ് ഏറെയിഷ്ടമാണ്. എത്ര കിട്ടിയാലും ആസ്വദിച്ചു കഴിക്കും. തീരുമ്പോൾ വീണ്ടും കിട്ടാൻ പാപ്പാൻമാർക്കു നേരെ തുമ്പിക്കൈ നീട്ടും. കിട്ടിയില്ലെങ്കിൽ തുമ്പിക്കൈ കൊണ്ടു തൂണിന്റെ അഴികളിൽ വീശിയടിക്കും.

Also read: ആളെ കൊന്ന കടുവയ്ക്ക് പേരിട്ടു, അധീര; കെജിഎഫ് 2– ലെ ക്രൂരതയുടെ പ്രതിരൂപം; ബത്തേരിയെ വിറപ്പിച്ച ആനയ്ക്

പുല്ലു മാത്രം നൽകിയിരുന്ന കാട്ടാനയ്ക്ക് ഇപ്പോൾ ചോറ്, റാഗി, ഗോതമ്പ്, ചെറുപയർ, ഉഴുന്ന്, ശർക്കര എന്നിവയും നൽകിത്തുടങ്ങി. ശരീരത്തിലെ മുറിവുണങ്ങാൻ മരുന്നു നൽകുന്നുണ്ട്. ഇടയ്ക്കിടെ കരിമ്പു കൂടി കിട്ടിത്തുടങ്ങിയതോടെ ധോണി സന്തോഷത്തിലാണ്. മതിയായ ഉറക്കവും ലഭിച്ചു തുടങ്ങി. നേരത്തെ നിന്നുകൊണ്ട് ഉറങ്ങിയിരുന്ന ധോണി ഇപ്പോൾ മുൻകാലുകൾ മടക്കി മുട്ടു കുത്തിയിരുന്നാണ് ഉറക്കം. കൂട്ടിലെ മരത്തിന്റെ അഴികളിൽ തള്ളലും കുത്തലും ചവിട്ടും തുമ്പിക്കൈ ഇട്ടു വലിക്കലുമൊക്കെ ഉണ്ടായിരുന്നതെല്ലാം മാറി. 

ഇടയ്ക്കു കൂടു തകർക്കാനുള്ള ശ്രമം നടത്തും. പക്ഷേ, പാപ്പാൻമാരായ മണികണ്ഠനും മാധവനും ചേർന്നു ശാന്തരാക്കും. പാപ്പാൻമാരോടു മാത്രമാണ് ആന ഇടപഴകുന്നത്. കഴിഞ്ഞ ദിവസം വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. ദേഹത്തെ മുറിവുകൾ ഒഴിച്ചാൽ ആന പൂർണ ആരോഗ്യ വാനാണ്.എട്ടു മാസത്തോളം നാടിനെ വിറപ്പിച്ച കാട്ടാനയെ കഴിഞ്ഞ 21നാണു മയക്കുവെടി വച്ചു പിടികൂടി കൂട്ടിലടച്ചത്.

ധോണിയിൽ വീണ്ടും കാട്ടാനകൾ, മേലേചെറാടിൽ പുലി

പാലക്കാട് ∙ ധോണിയിൽ കാട്ടാനക്കൂട്ടവും അകത്തേത്തറ മേലേചെറാടിൽ പുലിയും നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. പതിവുപോലെ ധോണിയിലെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കരുമെത്താൻപൊറ്റ, അരിമണി, ചോളോട് എന്നിവിടങ്ങളിലാണു 4 കാട്ടാനകൾ എത്തിയത്.

കരുമെത്താൻപൊറ്റയിലാണു കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ പശു ചത്തത്. ചോളോട് ഭാഗത്തെ ഒരേക്കറോളം നെൽക്കൃഷി നശിപ്പിച്ചു. മേലേചെറാടിൽ ഇന്നലെ പുലി എത്തി നായയെ പിടിക്കാൻ ശ്രമിച്ചു. അതുവഴി എത്തിയ ബൈക്ക് യാത്രക്കാർ ബഹളം വച്ചതോടെ പുലി കാട്ടിലേക്കു കടന്നു.

നായയ്ക്കു ചെറിയ പരുക്കേറ്റു. പ്രദേശത്തു പുലി ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു. കാട്ടാനകളും ഇവിടെ എത്തുന്നതു പതിവാണ്. ചെറാട് ഭാഗത്തും കഴിഞ്ഞ ദിവസം കാട്ടാന കൂട്ടമെത്തി ഒട്ടേറെ ആളുകളുടെ പറമ്പിലെ വേലി നശിപ്പിച്ചിരുന്നു. സൗരോർജവേലി സ്ഥാപിച്ചു കാട്ടുമൃഗങ്ങളുടെ ശല്യം പരിഹരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com