തേനിടുക്കില്‍ പാടം നികത്തൽ: പരാതിയുമായി ജനങ്ങള്‍ പഞ്ചായത്തിൽ
Mail This Article
വടക്കഞ്ചേരി ∙ പഞ്ചായത്തിലെ മാണിക്കപ്പാടം കരിങ്കുന്നില്‍ വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തുന്നു. ദിവസേന 200 ലോഡ് മണ്ണ് ഇവിടെ നിന്ന് പോകുന്നതായി നാട്ടുകാര്‍ വടക്കഞ്ചേരി പഞ്ചായത്തില്‍ പരാതി നല്‍കി. വീട് വയ്ക്കാന്‍ മണ്ണ് എടുത്തുമാറ്റുന്നതിനായി അനുമതി വാങ്ങിയാണ് വന്‍ തോതില്‍ മണ്ണ് കടത്തുന്നത്. തേനിടുക്ക് എരേശന്‍ കുളത്ത് വ്യാപകമായി പാടം നികച്ചുന്നതായും പരാതിയുണ്ട‌്. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണത്തിനെന്ന പേരില്‍ വടക്കഞ്ചേരി, തേനിടുക്ക്, പന്നിയങ്കര, ചുവട്ടുപാടം മേഖലകളിൽ നിന്ന് വ്യാപകമായി മണ്ണും കല്ലും കടത്തിയിരുന്നു.
നാട്ടുകാരുടെ പരാതിയില്‍ ദേശീയപാത നിര്‍മാണ കമ്പനിയായ കെഎംസിയില്‍ നിന്ന് റവന്യൂ അധികൃതര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 22 ലക്ഷം രൂപയുടെ പിഴ ഈടാക്കി. ജിയോളജിക്കൽ വകുപ്പ് പരിശോധന നടത്തുന്നുണ്ടെങ്കിലും രാത്രിയുടെ മറവില്‍ വ്യാപകമായി മണ്ണ് കടത്തുകയാണ്. ഇതിന് പൊലീസ് പിന്തുണ നല്‍കുന്നതായും ആക്ഷേപമുണ്ട്.
മണ്ണാംപറമ്പ് വയറംകോട് മറ്റൊരു കുന്നും ഇടിച്ചുനിരത്തി തുടങ്ങി. അനുമതി രേഖകള്‍ ഉള്ളവര്‍ നിശ്ചിത സമയത്തിനുള്ളിൽ നിബന്ധനകൾക്ക് വിധേയമായി മണ്ണ് എടുക്കൽ പൂർത്തിയാക്കണമെന്നാണ് നിയമം. അതിന് സാധിച്ചില്ലെങ്കിൽ വീണ്ടും അനുമതി തേടണം. ഇതൊന്നും പാലിക്കാതെയാണ് മണ്ണ് കടത്ത്.
അനുമതിയില്ലാതെ മണ്ണ് കടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പരിശോധന നടക്കുന്നുണ്ടെന്നും വില്ലേജ് അധികൃതർ അറിയിച്ചു. കൃത്യമായ രേഖകൾ ഇല്ലാതെ മണ്ണ് കടത്തുന്നത് അവസാനിപ്പിക്കാൻ പഞ്ചായത്തും പൊലീസും റവന്യു വകുപ്പും പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വില്ലേജ് അധികൃതരെത്തി സ്റ്റോപ്പ് മെമ്മോ നല്‍കിയ സ്ഥലങ്ങളില്‍ പോലും ആഴ്ചകൾക്ക് ശേഷം മണ്ണെടുക്കല്‍ നടക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.