പ്രദേശവാസികളിൽ നിന്ന് ടോൾ പിരിവ് തുടങ്ങുന്നു; പന്നിയങ്കര സംഘർഷഭരിതം

Mail This Article
വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് മുതൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കുമെന്ന് ടോൾ കമ്പനി; ഒരു കാരണവശാലും ടോൾ നൽകില്ലെന്ന് നാട്ടുകാർ. പന്നിയങ്കര ടോൾ പ്ലാസയും സമീപ പ്രദേശങ്ങളും ഇന്നലെ വൈകിട്ട് മുതൽ സംഘർഷഭരിതമാണ്. ഇന്ന് ടോൾ പ്ലാസയിലേക്ക് കോൺഗ്രസ്, ബിജെപി, കേരള കോൺഗ്രസ് എന്നിവയുടെ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.ഇന്ന് പുലർച്ചെ മുതൽ ടോൾ പ്ലാസ ഉപരോധ സമരവുമായി സിപിഎമ്മും ജനകീയവേദിയും സംയുക്ത സമരസമിതിയും വ്യാപാരി സംരക്ഷണ സമിതിയും രംഗത്തുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.
ടോൾ പ്ലാസയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായി ടോൾ പ്ലാസ അധികൃതർ വ്യക്തമാക്കി. പ്രദേശവാസികളിൽ നിന്ന് ടോൾ പിരിവ് ആരംഭിച്ചാൽ ടോൾ പ്ലാസ ഉപരോധിക്കുമെന്നും വാഹനങ്ങൾ തടയുമെന്നും വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകി. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്കാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ഇത് നിർത്തലാക്കാൻ അനുവദിക്കില്ലെന്നും ടോൾ കമ്പനിയുടെ നീക്കം തടയുമെന്നും പി.പി.സുമോദ് എംഎൽഎ പറഞ്ഞു. ജനപ്രതിനിധികളുമായി നടത്തിയ ചർച്ച ഏകപക്ഷീയമായി ടോൾ കമ്പനി അട്ടിമറിച്ചതായി എംഎൽഎ പറഞ്ഞു.

∙ കോൺഗ്രസ് പ്രതിഷേധ മാർച്ച്
പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ പന്നിയങ്കര ടോൾ പ്ലാസയിലേക്ക് വടക്കഞ്ചേരി, പാണഞ്ചേരി, ആലത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ടോൾ പ്ലാസയ്ക്ക് മുൻപിൽ പൊലീസ് മാർച്ച് തടഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ദിലീപ് അധ്യക്ഷത വഹിച്ചു.കെപിസിസി അംഗങ്ങളായ എ.പ്രകാശ്, പാളയം പ്രദീപ്, ഡിസിസി സെക്രട്ടറി ഡോ.അർസലൻ നിസാം, ആലത്തൂർ ബ്ലോക്ക് പ്രസിഡന്റ് കെ.വി. കണ്ണൻ, പാണഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് വിജയകുമാർ, മണ്ഡലം പ്രസിഡന്റുമാരായ ഇല്യാസ് പടിഞ്ഞാറേക്കളം, സി.ചന്ദ്രൻ, ഉദയകുമാർ, ശശീന്ദ്രൻ വണ്ടാഴി, ജോസ് രക്കാണ്ടി, ടി.സി.ഗീവർഗീസ എന്നിവർ പ്രസംഗിച്ചു. പ്രദേശത്തെ എംപിമാരായ കെ.രാധാകൃഷ്ണൻ, സുരേഷ് ഗോപി എന്നിവരുടെ കുറ്റകരമായ മൗനത്തിനെതിരെയും സംസ്ഥാന സർക്കാർ ടോൾ പിരിവിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തതിനെതിരെയും മാർച്ചിൽ പ്രതിഷേധം ഉയർന്നു. ടോൾ പിരിവുമായി മുന്നോട്ടു പോയാൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ മുന്നറിയിപ്പ് നൽകി.
കേരള കോൺഗ്രസ് (എം)
പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കും നൽകി വന്നിരുന്ന സൗജന്യയാത്ര നിഷേധിക്കാനുള്ള ടോൾ കമ്പനിയുടെ നീക്കത്തിനെതിരെ, ടോൾ പ്ലാസയിലേക്ക് കേരള കോൺഗ്രസ് (എം) തരൂർ നിയോജകമണ്ഡലം കമ്മിറ്റി മാർച്ചും ധർണയും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി തോമസ് ജോൺ കാരുവള്ളിൽ ഉദ്ഘാടനം ചെയ്തു. തരൂർ നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി നടയത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ ബിജു പുലിക്കുന്നേൽ, ജോസ് വടക്കേക്കര, ആലത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണൻ, കൃഷ്ണ മോഹൻ, ആർ.സുരേഷ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ രാജു, വിൽസൺ കണ്ണാടൻ, ജോയ് കുന്നത്തേടത്ത്, രാജു.സി.പാറപ്പുറം, രാമചന്ദ്രൻ വണ്ടാഴി എന്നിവർ പ്രസംഗിച്ചു. ടോൾ പിരിക്കാൻ ഉള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകി.

ബിജെപി
പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് മുതൽ ടോൾ പിരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി വടക്കഞ്ചേരി മണ്ഡലം കമ്മിറ്റി ടോൾ പ്ലാസയിൽ കുത്തിയിരുപ്പ് സമരം നടത്തി. ജില്ലാ കമ്മിറ്റി അംഗം എൻ.വി.വാസുദേവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.ഗുരു അധ്യക്ഷനായി. എൻ.കൃഷ്ണകുമാർ, കെ.ശ്രീകണ്ഠൻ, എം.കോമളം , ഡി.ധനിത, കെ.മഞ്ജുഷ, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീരാജ് വള്ളിയോട്, കെ.അജിത്ത് എന്നിവർ പ്രസംഗിച്ചു.