ADVERTISEMENT

തിരുവല്ല ∙ കേരളത്തിലെ ആദ്യകാല പട്ടണങ്ങളിൽ ഒന്നായ തിരുവല്ല നഗരസഭ നൂറിന്റെ നിറവിൽ. 1910ൽ ടൗൺ ഇപ്രൂവ്മെന്റ് കമ്മിറ്റിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന നിലയിൽ തിരുവല്ല പട്ടണ സമിതിക്ക് ആദ്യ രൂപം നൽകിയത്. 1920 ൽ തിരുവല്ല നഗരസഭ രൂപികരിച്ചു. ആദ്യ പ്രസിഡന്റ് എം.ആർ.സുബ്രഹ്മണ്യ അയ്യരും വൈസ് പ്രസിഡന്റ് റാവു സാഹിബ് ജി. സഖറിയായും ആയിരുന്നു. 12 ജനപ്രതിനിധികളാണ് അന്ന് ഉണ്ടായിരുന്നത്.

വിസ്തൃതി 14.46 ചതുരശ്ര കിലോമീറ്റർ. ജനസംഖ്യ 27,000. 1943 ൽ വാർഡുകളുടെ എണ്ണം 18 ആയി . 1987 ഓഗസ്റ്റ് 1ന് കുറ്റപ്പുഴ പഞ്ചായത്ത് നഗരസഭയിൽ ലയിച്ചു. ഇതോടെ വിസ്തീർണം 27.51 ചതുരശ്ര കിലോമീറ്ററായി. ഇപ്പോൾ 39 വാർഡുകളാണ് നഗരസഭയിൽ ഉള്ളത്. ജനസംഖ്യ –52,883. പുരുഷന്മാർ –24817, സ്ത്രീകൾ –28066. 100 വർഷത്തിനുള്ളിൽ 33 നഗരസഭാ അധ്യക്ഷൻമാരും ഉണ്ടായി.

ആധ്യാത്മികത

ശ്രീവല്ലഭ ക്ഷേത്രം, ശ്രീരാമകൃഷ്ണാശ്രമം, എന്നിവ കൂടാതെ നിരവധി ക്ഷേത്രങ്ങളും പള്ളികളും ഈ നഗരത്തിലുണ്ട്. പാലിയേക്കര പള്ളി, സെന്റ് ജോൺസ് കത്തീഡ്രൽ എന്നിവ ഉൾപ്പെടെ അൻപതോളം ക്രൈസ്തവ ദേവാലയങ്ങളും 6 മുസ്‍ലിം പള്ളികളും നഗരത്തിലുണ്ട്. മാർത്തോമ്മാ സഭാ, സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്നിവയുടെ ആസ്ഥാനവും ഇവിടെ.

തിരുവല്ല നഗരസഭാ കനക ജൂബിലി ഉദ്ഘാടനം സംബന്ധിച്ച് 1970 ഡിസംബറിൽ മനോരമ പ്രസിദ്ധീകരിച്ച റിപ്പോർട്ട്.

വിദ്യാഭ്യാസം

ഇംഗ്ലിഷ് മിഷണറിമാരുടെ കാലം മുതൽ വിദ്യാഭ്യാസത്തിന് പേരുകേട്ട സ്ഥലമാണ് തിരുവല്ല. തിരുവിതാംകൂറിൽ ആദ്യമായി ഇംഗ്ലിഷ്, വിദ്യാഭ്യാസം തുടങ്ങിയത് തിരുവല്ല സിഎംഎസ് സ്കൂളിലാണ്. വിവിധ മേഖലയിൽ മികവു തെളിയിച്ച ഒട്ടേറെ പേർ ഇവിടുത്തെ വിദ്യാലയങ്ങളിൽ പഠിച്ച് ഉയർന്നവരാണ്. പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണൻ തിരുവല്ല എസ്‍സിഎസ് സ്കൂളിലെ വിദ്യാർഥിയായിരുന്നു. മഹാകവി വെണ്ണിക്കുളം ഗോപാല കുറുപ്പ് എംജിഎം സ്കൂളിൽ അധ്യാപകനായിരുന്നു.

തിരുവല്ല എസ്‍സിഎസ്, എംജിഎം, തിരുമൂലപുരം ബാലികാമഠം എന്നീ സ്കൂളുകൾ 100 വർഷം പിന്നിട്ടവയാണ്. നഗരത്തിന് തിലകക്കുറിയായ മാർത്തോമ്മാ കോളജ് സർവകലാശാല തലത്തിൽ മികച്ച നിലവാരം പുലർത്തുന്നു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് അഭിമാനമായി പുഷ്പഗിരി മെഡിക്കൽ കോളജും, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജും പ്രവർത്തിക്കുന്നു. നഗരസഭയിൽ 65 സ്കൂളുകളും 54 അങ്കണവാടികളും ഉണ്ട്.

കായിക രംഗം

മധ്യ തിരുവിതാകൂറിന്റെ ബ്രസീൽ എന്നു വിളിപ്പേരുള്ള സ്ഥലമാണ് തിരുവല്ല. ഫുട്ബോളിൽ പേരുകേട്ട ക്ലബുകളും കളിക്കാരും ഇവിടെ ഉണ്ടായിരുന്നു. ഒളിംപിക്സിൽ കളിച്ച ആദ്യ മലയാളിയായ തേൻമഠത്തിൽ പാപ്പൻ എന്ന തിരുവല്ല പാപ്പൻ ജനിച്ചത് നഗരസഭാ കാര്യാലയത്തിന് തൊട്ടു മുൻപിലുള്ള വീട്ടിലാണ്.

കല, സാഹിത്യം 

ഇ.എം.കോവൂർ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാർ, സിനിമാ രംഗത്ത് ബ്ലെസിയും  ബാബു  തിരുവല്ലയും ഉൾപ്പെടെയുള്ള സംവിധായകർ,  അഭിനയരംഗത്ത് എം.ജി.സോമനുംനയൻതാരയും കാവേരിയും മീരാ ജാസ്മിനും തിരുവല്ലയുടെ  യശസ് ഉയർത്തിയവരാണ്. ചിത്രകലാരംഗത്ത് സി. കെ രായും നേട്ടം കൈവരിച്ചു. 

ജൂബിലി

നഗരസഭയുടെ സുവർണ ജൂബിലി 1970 ൽ വി.കെ.കൃഷ്ണമേനോൻ എംപിയാണ് ഉദ്ഘാടനം ചെയ്തത്. പ്ലാറ്റിനം ജൂബിലി 1995 മാർച്ചിൽ വിവിധ പരിപാടികളോടെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടന്നു. അന്ന് നടത്തിയ കാളപ്പോര് മത്സരം ശ്രദ്ധ ആകർഷിക്കപ്പെട്ടു. പ്ലാറ്റിനം ജൂബിലി വർഷം നഗരസഭ അധ്യക്ഷനായിരുന്ന ചെറിയാൻ പോളച്ചിറയ്ക്കലാണ് ശതാബ്ദി വർഷത്തിലും നഗരസഭ അധ്യക്ഷൻ.

ശതാബ്ദി സമാപനം അഞ്ചിന് 

നഗരസഭ ശതാബ്ദി സമാപനം മാർച്ച് 1ന് വൈകിട്ട് 5ന് പബ്ലിക് സ്റ്റേഡിയത്തിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷൻ ചെറിയാൻ പോളച്ചിറയ്ക്കൽ അധ്യക്ഷത വഹിക്കും. സിനിമാ താരം ജയറാമിന്റെ കലാ പരിപാടികളും നടക്കും.

ചതുരശ്ര കിലോമീറ്റർ 

തിരുവല്ല നഗരസഭയുടെ ആകെ വിസ്തൃതി 27.51 ചതുരശ്ര കിലോമീറ്റർ. 1987 ഓഗസ്റ്റ് 1ന് കുറ്റപ്പുഴ പഞ്ചായത്ത് നഗരസഭയിൽ ലയിച്ചതോടെയാണു വിസ്തൃതി ഇരട്ടിയായത്. അന്നുവരെ 14 ചതുരശ്ര കി. മീയായിരുന്നു വിസ്തൃതി. 

തിരുവല്ല നഗരസഭയിൽ

ആകെ വാർഡുകൾ 39. 1920 ൽ നഗരസഭ രൂപീകരിക്കുമ്പോൾ  12 ജനപ്രതിനിധികളാണ് ഉണ്ടായിരുന്നത്. ആദ്യ പ്രസിഡന്റ് എം.ആർ.സുബ്രഹ്മണ്യ അയ്യരും വൈസ് പ്രസിഡന്റ് റാവു സാഹിബ് ജി. സഖറിയായും ആയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com