ഒരുക്കങ്ങൾ തുടങ്ങി; ആലംതുരുത്തി ഭഗവതി ക്ഷേത്രം ഉത്സവലഹരിയിൽ

Mail This Article
തിരുവല്ല ∙ ദേശോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് നാന്ദി കുറിച്ച് ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ വാഹനപൂജ നടന്നു. വിധിപ്രകാരമുള്ള പൂജ ചെയ്തതിനു ശേഷമാണ് ജിവത എഴുന്നള്ളിക്കാൻ ഉപയോഗിക്കുന്നത്. ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്നോടിയായ ചടങ്ങ് ക്ഷേത്രം രക്ഷാധികാരികളായ ഞാഴപ്പള്ളി ഇല്ലത്തെ മൂത്തതുമാർ നിർവഹിച്ചു.മുഹൂർത്തം നോക്കി വിധിപ്രകാരം ജിവത പൂജ നടത്തിയതിനു ശേഷമാണ് ജിവത തുന്നൽ ആരംഭിക്കുന്നത്. പൂജയ്ക്കു ശേഷം 10 ദിവസത്തോളം എടുത്താണ് ജിവതയുടെ പണികൾ പൂർത്തീകരിച്ച് ഭഗവതിയെ എഴുന്നള്ളിക്കാൻ പാകത്തിന് ഒരുക്കുന്നത്.
ജീവതയ്ക്ക് തണ്ട് കൂടാരം രണ്ടു ഭാഗങ്ങളാണ് അടിസ്ഥാനം. ഇതിനു മുകളിലായി കമുകിന്റെ വാരി ഉപയോഗിച്ച് ചട്ടം തയാറാക്കുന്നു. പരുത്തി നാരുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനു ശേഷം പട്ട് തുന്നിച്ചേർത്ത് അഷ്ടലക്ഷ്മി ഗജലക്ഷ്മി മുതലായ 18 കണ്ണാടികൾ ചേർത്തു കെട്ടുന്നു. ദളധാര, കുമിളകൾ, ചന്ദ്രക്കല എന്നിവ ഉപയോഗിച്ച് അലങ്കരിക്കുന്നു. അതിനു ശേഷം കൂടാരത്തിന്റെ പണികൾ തുടങ്ങും. അലക്കിയ വെളുത്ത ഉടയാടകൾ കൂടി വയ്ക്കുന്നതോടെ ജീവതയുടെ പണികൾ അവസാനഘട്ടത്തിൽ എത്തും.
മീനമാസത്തിലെ മകയിരം നാളായ ഏപ്രിൽ 3 നാണ് കൊടിയേറ്റ്. എട്ടു ദിവസത്തെ ഉത്സവത്തിന് ഓരോ ദിവസവും ഓരോ കരകളിലായി 8 കരകളിലാണ് ആറാട്ടു നടക്കുന്നത്. എട്ടാം ദിവസത്തെ ആറാട്ടിന് പോകുന്ന വഴിയാണ് ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്ര ശീവേലി നടക്കുന്നത്.ആലംതുരുത്തിയിൽ കൊടിയേറുന്ന ദിവസമാണ് പടപ്പാട്, കാവിൽ ഭഗവതി ക്ഷേത്രങ്ങളിലും കൊടിയേറുന്നത്. ഈ 3 ദേവിമാരും ആറാട്ടിനു പോകുമ്പോൾ ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തുമ്പോഴാണ് ഉത്രശീവേലിയും ശ്രീവല്ലഭനും സുദർശന മൂർത്തിയും ചേർന്ന് അഞ്ചീശ്വര സംഗമം നടക്കുന്നതും. ഏപ്രിൽ 10, 11 തീയതികളിലാണിത്.