കാരയ്ക്കൽ കുളം നവീകരണം പകുതിയിൽ നിലച്ചു
Mail This Article
പാറശാല∙കുളം നവീകരണത്തിൽ പുലിവാല് പിടിച്ച് ഗ്രാമ പഞ്ചായത്ത് അധികൃതർ. പാറശാല പഞ്ചായത്ത് കരുമാനൂർ വാർഡിലെ കാരയ്ക്കൽ കുളം നവീകരണം ആണ് പഞ്ചായത്തിനും പ്രദേശവാസികൾക്കും ഒരുപോലെ തിരിച്ചടിയായിരിക്കുന്നത്. കുളത്തിലെ ചെളി മാറ്റുന്ന ജോലികൾ പാതിയിൽ നിലച്ചതോടെ ഏഴുപത്തിയഞ്ച് ഏക്കറോളം വരുന്ന ഏലായിൽ ജല ലഭ്യത നിലച്ചത് കർഷക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. നെയ്യാർ ഇടതുകര കനാലിലെ വെള്ളം കാരയ്ക്കൽ കുളത്തിൽ സംഭരിച്ചാണ് കരുമാനൂർ, നെടുവാൻവിള വാർഡുകളിൽ പെട്ട ഏലായിൽ കൃഷിക്കു ഉപയോഗിച്ചു വരുന്നത്. കാർഷിക മേഖല ആയ പ്രദേശത്തെ ഏക ജലസ്രോതസ്സായ കുളത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് ഒന്നര പതിറ്റാണ്ട് പിന്നിട്ടതോടെ ചെളിയും കാടും നിറഞ്ഞു സംഭരണ ശേഷി ഗണ്യമായി കുറഞ്ഞിരുന്നു.
കുളം നവീകരണത്തിനു ജനപ്രതിനിധികൾ ഒട്ടേറെ തവണ അപേക്ഷ നൽകി എങ്കിലും പഞ്ചായത്ത് പരിഗണിച്ചില്ല. അടുത്തിടെ തൊഴിലുറപ്പ് പദ്ധതിയിൽ 2.70 ലക്ഷം വകയിരുത്തി കാടു മാറ്റി ചെളി കോരുന്ന ജോലികൾ ആരംഭിച്ചിരുന്നു. വൻതോതിൽ നിറഞ്ഞ ചെളി പൂർണമായി കോരി മാറ്റുന്നതിനു മാനുഷിക അധ്വാനം കൊണ്ട് സാധ്യമാകാത്തതിനാൽ മണ്ണുമാന്തി കൊണ്ട് ജോലി നടത്തിയതിൽ പരാതി ഉയർന്നതോടെ പഞ്ചായത്ത് അധികൃതർ പണി നിർത്തി വയ്പിച്ചു.
ഇതോടെ കോരിയതിൽ പകുതിയോളം ചെളി കുളത്തിൽ തന്നെ കൂട്ടിയിട്ട നിലയിൽ ആണ്. നിലവിലെ സാഹചര്യത്തിൽ ചെളി മാറ്റാതെ കുളത്തിൽ വെള്ളം സംഭരിക്കാൻ കഴിയില്ലെന്ന് കർഷകർ പറയുന്നു. വേനൽ കടുത്തതോടെ നനയ്ക്കാൻ വെള്ളം ഇല്ലാതെ വാഴ, പച്ചക്കറി അടക്കം വിളകൾ വെള്ളം കിട്ടാതെ കരിഞ്ഞ് തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ ചാനലിൽ വെള്ളം എത്തുന്നതോടെ സംഭരിക്കാൻ സ്ഥലം ഇല്ലെങ്കിൽ ലക്ഷക്കണക്കിനു രൂപയുടെ കൃഷി നാശത്തിനു ഇടയാക്കും.
പൊതു സ്ഥലങ്ങളിൽ നിന്നു ചെളി കോരി മാറ്റുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും കാരയ്ക്കൽ കുളത്തിൽ നിന്നു ചെളി മാറ്റുന്നതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്. കോരി മാറ്റുന്ന ചെളിയുടെ അളവ് നിശ്ചയിച്ചു നൽകേണ്ട എൻജിനീയർ അടക്കമുള്ള ജീവനക്കാർ ഇവിടെ തിരിഞ്ഞു നോക്കിയിട്ടില്ല. ഉദ്യോഗസ്ഥ അനാസ്ഥ വ്യക്തമായ സംഭവത്തിൽ ഉന്നതർക്ക് പരാതി എത്തിയാൽ പഞ്ചായത്ത് അധികൃതർക്ക് ഒഴിഞ്ഞു മാറാൻ കഴിയാത്ത സ്ഥിതി ആണ്. വിളകൾ കരിഞ്ഞു തുടങ്ങിയ സാഹചര്യത്തിൽ കുളത്തിലെ ചെളി ഉടൻ മാറ്റി ജലസംഭരണത്തിനു സംവിധാനം ഒരുക്കണം എന്ന ആവശ്യത്തിൽ ആണ് പ്രദേശവാസികളും കർഷകരും.