‘ഗൾഫിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നില്ല; മക്കൾക്കു വേണ്ടിയാണല്ലോ ജീവിക്കുന്നത്, ഇപ്പോൾ അവരില്ല’: അഫാന്റെ പിതാവ്

Mail This Article
തിരുവനന്തപുരം∙ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയും മൂത്ത മകനുമായ അഫാനെ കാണാൻ ആഗ്രഹിക്കുന്നില്ലെന്നു പിതാവ് അബ്ദുൽ റഹീം. ‘അഫാൻ കാരണം കുടുംബത്തിനുണ്ടായ നഷ്ടം വലുതാണ്. അവൻ കാരണം ഇളയമകൻ, ഉമ്മ, ചേട്ടൻ, ചേട്ടന്റെ ഭാര്യ എല്ലാവരെയും നഷ്ടമായി. അഫാനോട് ഉമ്മയ്ക്കു വലിയ സ്‌നേഹമായിരുന്നു. അവൻ ചെല്ലുമ്പോൾ പണം കൊടുക്കുമായിരുന്നു. എന്റെ രണ്ടു മക്കളെയും വലിയ സ്‌നേഹത്തോടെയാണ് ഉമ്മ വളർത്തിയത്’. അബ്ദുൽ റഹീം പറഞ്ഞു.
സംഭവം ഉണ്ടാകുന്നതിനു മുൻപുള്ള ദിവസങ്ങളിലും താൻ അഫാനോട് സംസാരിച്ചിരുന്നതായി അബ്ദുൽ റഹീം പറഞ്ഞു. ‘വസ്തു വിറ്റ് ബാധ്യത തീർക്കാമെന്നു പറഞ്ഞിരുന്നു. അവന്റെ സുഹൃത്ത് ഫർസാനയെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് ചോദിച്ചിരുന്നു. ഒന്നുമില്ലെന്നാണ് ആദ്യം പറഞ്ഞത്. ഇഷ്ടമാണെങ്കിൽ എന്തെങ്കിലും വരുമാനം ആയിക്കഴിയുമ്പോൾ വിവാഹം നടത്താമെന്നു പറഞ്ഞു. ഇളയ മകനാണ് ഫർസാനയുടെ ഫോട്ടോ അയച്ചുതന്നത്. ഫർസാനയുടെ വീട്ടിൽപോയി മാതാപിതാക്കളെ കാണണമെന്നുണ്ട്. തെറ്റ് ചെയ്തത് എന്റെ മകനാണ്.

പക്ഷേ, അവർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുകൊണ്ടാണ് മടിക്കുന്നത്. അഫാന് അനുജൻ അഹ്സാനോട് വലിയ സ്‌നേഹമായിരുന്നു. ഞാൻ 6 വർഷം കഴിഞ്ഞാണു മടങ്ങിവരുന്നത്. അതിന്റെ കുറവൊന്നും വരുത്താതെയാണ് അഫാൻ അഹ്സാനെ നോക്കിയിരുന്നത്. എപ്പോഴും ബൈക്കിൽ കൊണ്ടുപോകുകയും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. എന്ത് മനസ്സിൽ തോന്നിയിട്ടാണ് അഫാൻ ഇങ്ങനെയൊക്കെ ചെയ്തതെന്ന് പറയാൻ കഴിയുന്നില്ല’– അബ്ദുൽ റഹീം പറഞ്ഞു.
ഭാര്യ ഷെമിയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. ഇളയമകൻ കൊല്ലപ്പെട്ടതുൾപ്പെടെയുള്ള കാര്യങ്ങൾ ഐസിയുവിൽ ഷെമിയെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് ഷെമി പൊട്ടിക്കരഞ്ഞു. രണ്ടു ദിവസം കഴിഞ്ഞാണ് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ബാക്കി മരണങ്ങളെക്കുറിച്ച് പറഞ്ഞത്. അഫാനാണ് അതൊക്കെ ചെയ്തതെന്നു പറഞ്ഞപ്പോൾ അവൻ അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് ഷെമി പറഞ്ഞത്. ഒരു പാറ്റയെ പോലും പേടിയായിരുന്ന അവൻ എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നതെന്നാണു ചോദിച്ചത്.

തനിക്കു പരുക്കു പറ്റിയത് കട്ടിലിൽനിന്നു വീണാണെന്നാണ് ഷെമി ഇപ്പോഴും പറയുന്നതെന്നും അബ്ദുൽ റഹീം പറഞ്ഞു. സാമ്പത്തികപ്രതിസന്ധി മൂലം എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാത്ത അവസ്ഥയാണെന്ന് റഹീം പറഞ്ഞു. സൗദിയിൽ രണ്ടു ദിവസം ജയിലിൽ കഴിഞ്ഞതിനു ശേഷമാണ് കയ്യിൽ ഒരു പൈസ പോലുമില്ലാതെ നാട്ടിലേക്കു മടങ്ങാൻ കഴിഞ്ഞത്. ഇവിടത്തെ സാമ്പത്തിക ബാധ്യതകളും ഉണ്ട്.
ഗൾഫിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നില്ല. മക്കൾക്കു വേണ്ടിയാണല്ലോ ജീവിക്കുന്നത്. ഇപ്പോൾ അവരില്ല. സൗദിയിൽ 10 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നു. നാട്ടിൽ തന്റെ അറിവിൽ 10 ലക്ഷം രൂപയുടെ ബാധ്യതയാണുള്ളത്. 60 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നു പറയുന്നതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അബ്ദുൽ റഹീം പറഞ്ഞു.
അവസാനഘട്ട തെളിവെടുപ്പ്: കോടതി തീരുമാനം ഇന്ന്
വെഞ്ഞാറമൂട്∙ കൂട്ടക്കൊലക്കേസിൽ അവസാനഘട്ട തെളിവെടുപ്പിനായി പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകുന്നതിനുള്ള അപേക്ഷയിൽ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്നു തീരുമാനമെടുക്കും. അഫാനെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് ഇന്നലെ വെഞ്ഞാറമൂട് എസ്എച്ച്ഒ ആർ.പി.അനൂപ് കൃഷ്ണ നെടുമങ്ങാട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
അഫാന്റെ സഹോദരൻ അഹ്സാൻ, സുഹൃത്ത് ഫർസാന എന്നിവരുടെ കൊലപാതകങ്ങൾ സംബന്ധിച്ച തെളിവെടുപ്പും മാതാവ് ഷെമിയെ ആക്രമിച്ചതിനെക്കുറിച്ചുള്ള അന്വേഷണവും എത്രയും വേഗം പൂർത്തിയാക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. പാങ്ങോട്, പുല്ലമ്പാറ എസ്എൻപുരം എന്നിവിടങ്ങളിൽ നടത്തിയ 3 കൊലപാതകങ്ങളുടെ തെളിവെടുപ്പു പൂർത്തിയായതിനെത്തുടർന്ന് അഫാൻ നിലവിൽ ജയിലിലാണ്.
ഇതുവരെ നടന്ന തെളിവെടുപ്പിൽ അഫാൻ പൊലീസിനു നൽകിയ മൊഴികളും പൊലീസ് ശേഖരിച്ച അഫാന്റെ പിതാവ്, മാതാവ്, ബന്ധുക്കൾ എന്നിവരുടെ മൊഴികളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പണം ലഭിക്കാനുണ്ട് എന്നു ചൂണ്ടിക്കാട്ടി ആരും ഇതുവരെ രംഗത്തു വന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, വൻതുക പലിശ ലഭിക്കുന്ന തരത്തിൽ പണം നൽകിയവർ ഉണ്ടെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ടത്രെ.