ചാല, എന്ത് ചേല് ! ചരിത്രമാണ് ചാല കമ്പോളം; പറയാനുള്ളത് ഒട്ടേറെ കഥകളും

Mail This Article
ദേശീയ പ്രസ്ഥാനത്തിന്റെ ആവേശം തീവ്രമായ കാലം. ഗാന്ധിജി ഒരു വികാരമായി പടർന്നു കഴിഞ്ഞിരുന്നു. അദ്ദേഹം വൈക്കത്ത് ഒരു യോഗത്തിൽ പങ്കെടുക്കാനെത്തിയ സമയം. തിരുവനന്തപുരം ചാല മാർക്കറ്റിലെ പലചരക്കു കടയിൽ സാധനങ്ങൾ എടുത്തു കൊടുത്തിരുന്ന കറുത്തു മെലിഞ്ഞ ഒരു ചെറുപ്പക്കാരന് ഗാന്ധിജിയെ കാണണമെന്നു തോന്നി, അവൻ കാൽനടയായി പുറപ്പെട്ടു. ആ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അകത്തളങ്ങളിലേക്കായെന്നതു ചരിത്രം. ‘കാമാക്ഷി രാജ്’ എന്ന ആ ചെറുപ്പക്കാരനാണ് പിന്നീട് തമിഴ്നാട് മുഖ്യമന്ത്രിയും കോൺഗ്രസ് ദേശീയ അധ്യക്ഷനുമൊക്കെയായി മാറിയ കാമരാജ്. ഇത്തരത്തിലുള്ള ഒട്ടനേകം സംഭവകഥകൾ നിറഞ്ഞതാണ് ചാലക്കമ്പോളത്തിന്റെ ചരിത്രം. ഉപ്പു തൊട്ടു കർപ്പൂരം വരെ കിട്ടുന്ന പുരാതനമായ ഈ കമ്പോളത്തിലെ തെരുവുകളിലൂടെ ഒരു യാത്ര.

ചാല മാർക്കറ്റിന്റെ ഉദയം
ചാല മാർക്കറ്റിന് പുതിയ മുഖം ലഭിക്കുന്നത് ദിവാൻ രാജാകേശവദാസിന്റെ കാലത്താണ്. പത്മനാഭപുരത്തുനിന്ന് ഭരണം തിരുവനന്തപുരത്തേക്ക് മാറിയ സമയമായിരുന്നു അത്. ധർമരാജയെന്ന് അറിയപ്പെട്ട കാർത്തിക തിരുനാൾ രാമവർമയുടെ കാലം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയ്ക്ക് അഭിമുഖമായ പുത്തരിക്കണ്ടത്തിനു സമീപത്തെ സ്ഥലം കമ്പോളമായി മാറ്റാൻ അദ്ദേഹം തീരുമാനിച്ചു. കരുവാരക്കുളം പോറ്റി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഇതിനായി വിലയ്ക്കു വാങ്ങി. പോറ്റി തന്റെ സ്ഥലത്തിന്റെ ഒരു ഭാഗം ചുടലച്ചെട്ടി എന്ന ഒരാൾക്കു 450 പണത്തിന് എഴുതി നൽകിയിരുന്നു. ചുടലച്ചെട്ടിക്ക് ഈ പണം തിരികെ നൽകിയും കരുവാരക്കുളം പോറ്റിക്ക് അതേ അളവിൽ പുരയിടവും വയലും തിരികെ നൽകാൻ കൽപന പുറപ്പെടുവിച്ചുമാണ് ദിവാൻ രാജാ കേശവദാസ് ചാലക്കമ്പോളത്തിനു രൂപം നൽകിയതെന്ന് മതിലകം രേഖകളിൽ പറയുന്നു. കിഴക്കേനടയ്ക്കു നേരെ എതിരെയുള്ള പാത ഒരു നേർരേഖയായി നാഞ്ചിനാട്ടിലേക്ക് (ഇപ്പോഴത്തെ കന്യാകുമാരി ജില്ല). അതിന് ഒരു അഗ്രഹാരത്തിന്റെ ഘടനയുണ്ട്. ഇവിടത്തെ കച്ചവടക്കാരിൽ അധികവും നാഞ്ചിനാട്ടിലുൾപ്പെട്ടവരായിരുന്നു. പ്രത്യേകിച്ച് തിരുവിതാംകോട്, തക്കല പ്രദേശങ്ങളിലുള്ളവർ.

മുൻപ് കച്ചവടം അട്ടക്കുളങ്ങരയിൽ
ചാലക്കമ്പോളം വരുന്നതിനു മുൻപ് ഇപ്പോഴത്തെ അട്ടക്കുളങ്ങര ബൈപാസ് നിലനിൽക്കുന്ന സ്ഥലത്തായിരുന്നു പല കച്ചവടകേന്ദ്രങ്ങളുംപ്രവർത്തിച്ചിരുന്നത്. ഈ തെരുവിൽ ധാരാളം മുസ്‌ലിം സമുദായക്കാർ ഉണ്ടായിരുന്നു. മുകിലന്മാരുടെ ആക്രമണത്തിൽ നിന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ രക്ഷിച്ചവരുടെ പിന്മുറക്കാരായിരുന്നു പലരും. സൈന്യത്തിലെ കുതിരകളെ പരിപാലിച്ചിരുന്ന പഠാണികൾ, റാവുത്തർമാർ, ഗുജറാത്തിലെ കച്ചിമേമന്മാർ എന്നിവരൊക്കെ ഇതിലുൾപ്പെടും. ഇവർക്കായി നിർമിച്ച പുരാതനമായ മുസ്‌ലിം പള്ളി അട്ടക്കുളങ്ങരയിലുണ്ട്. ഈ പള്ളിക്കു സമീപത്തെ സ്ഥലമാണ് ഇപ്പോഴത്തെ പള്ളിമുടുക്ക്.

ചാല പ്രധാന മാർക്കറ്റ്
തുണിക്കടകൾ, പച്ചക്കറി മാർക്കറ്റ്, മത്സ്യമാർക്കറ്റ്, പാത്രക്കടകൾ, പൂജാ സാധനം വിൽക്കുന്ന കടകൾ, പൂക്കടകൾ, ഹോട്ടലുകൾ, മത്സ്യമാർക്കറ്റ് എന്നിവയൊക്കെ ചാലയുടെ പ്രധാന തെരുവിന് ഇരുവശവും കാണാം. പലതിനും വർഷങ്ങളുടെ പഴക്കമുണ്ട്. മല്ലിയും കൊളുന്തും മണക്കുന്ന ചാലക്കമ്പോളത്തെപ്പറ്റി തമിഴ് മലയാളം നോവലിസ്റ്റ് നീല പത്മനാഭൻ എഴുതിയിട്ടുണ്ട്. ആദ്യമൊക്കെ തോവാളയിൽനിന്ന് കാളവണ്ടിയിലും തലച്ചുമടായും പൂക്കൾ എത്തിയിരുന്നു. ഇപ്പോൾ ഹൊസൂർ, ബെംഗളൂരു, സേലം, ഡിണ്ടിഗൽ. മധുര എന്നിവിടങ്ങളിൽ നിന്നൊക്കെ പൂക്കളെത്തുന്നു. നാൽപതോളം സ്ഥാപനങ്ങളിലായി മുന്നൂറോളം പേർ പണിയെടുക്കുന്നു. വീടുകളിൽ പൂകെട്ടി കൊടുക്കുന്നവർ ഇരുനൂറിലേറെ വരും. പല സ്ഥാപനങ്ങൾക്കും പൂക്കളെത്തിക്കാൻ സ്വന്തം വാഹനങ്ങളുണ്ട്. പി.മാധവൻ തമ്പി, തങ്കപ്പൻതമ്പി എന്നിവരായിരുന്നു ഇവിടത്തെ പ്രധാന പാത്രവ്യാപാരികൾ. എംആർടിയും പ്രമുഖപാത്ര വ്യാപാര സ്ഥാപനമാണ്.

സഭാപതി തെരുവും വാണിയംകുളവും
ചാല തെരുവുകളുടെ കേന്ദ്രം കൂടിയാണ്. അതിലൊന്നാണ് സഭാപതി തെരുവ്. സഭാപതി ദക്ഷിണാമൂർത്തി ക്ഷേത്രത്തിന്റെ സാന്നിധ്യമാണ് ഇതിനു പിന്നിൽ. നടരാജമൂർത്തിയാണ് പ്രതിഷ്ഠ. തമിഴ്നാട്ടിലെ ചിദംബരത്തെ സങ്കൽപമാണ് ഇവിടെയുള്ളത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂക്കൾ ഒരുകാലത്ത് ഇവിടെനിന്ന് എത്തിച്ചു കൊടുക്കുമായിരുന്നു. പൂക്കൾ നനയ്ക്കാനുള്ള വിശാലമായ കുളവും ഉണ്ടായിരുന്നു. അരിക്കടമുക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ഥലം കണക്കെഴുത്തുകാരുടെ കേന്ദ്രമായിരുന്നു. അരിക്കച്ചവടത്തിനായിരുന്നു പ്രസിദ്ധി. ഇപ്പോൾ ഇത് അതിഥിത്തൊഴിലാളികളുടെ കേന്ദ്രമാണ്. ചാലയിലേക്ക് ചരക്കുമായി വരുന്ന കാളവണ്ടികൾ നിർത്തിയിട്ടിരുന്ന സ്ഥലമായിരുന്നു വാണിയംകുളം. കാളകൾക്ക് തീറ്റയ്ക്കും വെള്ളത്തിനുമുള്ള ക്രമീകരണം ഇവിടെ ഉണ്ടായിരുന്നു. റെയിൽവേ പവർഹൗസ് ഗേറ്റിന് എതിർവശത്തെ ഈസ്ഥലത്ത് ഇപ്പോൾ എഫ്സിഐ ഗോഡൗണിലേക്കു വരുന്ന ലോറികൾ പാർക്ക് ചെയ്യുന്നു.

അധികാരത്തിന്റെ കൊത്തുവാൾ തെരുവ്
കൊത്തുവാൾ എന്നത് ഉദ്യോഗപ്പേരാണ്. സൈനിക ഉദ്യോഗസ്ഥനെന്നാണ് അതിന്റെ അർഥം. പണ്ടുകാലത്ത് ഇവിടെ സൈനിക താവളമോ പൊലീസ് സ്റ്റേഷനോ പ്രവർത്തിച്ചിരിക്കണം. ഈ പേരിലാണ് തെരുവ് അറിയപ്പെടുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആവശ്യമായ ഇലയും മൺപാത്രങ്ങളും എത്തിക്കുന്ന വിഭാഗക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. വീടും കച്ചവടവുമൊക്കെ ഒന്നിച്ചായിരുന്നു. ഇല നാഞ്ചിനാട്ടിൽ നിന്നെത്തും. ഇപ്പോൾ ഈ തെരുവിന് സുഗന്ധവ്യഞ്ജനങ്ങളുടെയും മസാലയുടെയും ഗന്ധമാണ്. പലവ്യഞ്ജനങ്ങൾ വിൽക്കുന്ന ധാരാളം സ്ഥാപനങ്ങളുണ്ടിവിടെ. ഇലയും മൺപാത്രങ്ങളും വിൽക്കുന്ന സമുദായത്തിന്റെ ആരാധനാ മൂർത്തിയായ മുത്താരമ്മനെ പ്രതിഷ്ഠിച്ച ക്ഷേത്രവും ഇവിടെയുണ്ട്. ആദ്യകാലത്തെത്തിയവരുടെ തലമുറക്കാർ പലരും ഇല്ല, പാത്രങ്ങൾ ഈയം പൂശുന്നവരുടെ കേന്ദ്രമായിരുന്നു ആര്യശേരി. കൊത്തുവാൾ തെരുവിന് സമീപത്താണിത്. പിൽക്കാലത്ത് ഇത് സ്വർണപ്പണിക്കാരുടെ കേന്ദ്രമായി.
രുചിഭേദങ്ങൾ, പിന്നെ പാട്ടും
ഗാന്ധി ഹോട്ടലായിരുന്നു ഇവിടത്തെ പഴയകാല ഹോട്ടൽ. അവിടത്തെ കാരാവട പ്രസിദ്ധമാണ്. വീടുകളിലും ഭക്ഷണം ഉണ്ടായിരുന്നു. ഗാന്ധി ഹോട്ടൽ ഇന്നില്ല. ഇളം കോഴിയിറച്ചി പരിചയപ്പെടുത്തിയ ഖേത്തൽസ്, ഹോട്ടൽ ആസാദ്, ബാലാജി, മുബാറക് എന്നിവയൊക്കെ പിൽക്കാലത്ത് ചുവടുറപ്പിച്ചു. നാട്ടിൽ നടക്കുന്ന സംഭവങ്ങൾ പാട്ടു പുസ്തകമായി അച്ചടിച്ചിറക്കുന്നവർ ധാരാളമുണ്ടായിരുന്നു ചാലയിൽ. ചന്ദ്രാ ബുക്ക് ഡിപ്പോയിലാണ് ഇവ അച്ചടിച്ചിരുന്നത്. അവർ തെരുവിൽ നിന്ന് ചപ്ലാംകട്ട ഉപയോഗിച്ച് പാട്ടു പാടും. അത് കേൾക്കാൻ ആളുകൾ തടിച്ചുകൂടും. പലതും അപസർപ്പകഥകളാണ്. കൊച്ചുപുസ്തകം എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. പാട്ടിനു ശേഷം പുസ്തകങ്ങൾക്ക് ആളു കൂടും. മല്ലൻപിള്ളയെ ആന ചവിട്ടിക്കൊന്ന കഥയൊക്കെ അതിലുണ്ടാകും. ഇത്തരം കാഥികരിൽ പ്രമുഖനായിരുന്നു നെല്ലുവേലി നീലകണ്ഠപ്പിള്ള. ധാരാളം ചെറുകിട പ്രസിദ്ധീകരണശാലകളും ചാല കേന്ദ്രീകരിച്ചുണ്ടായിരുന്നു. മഹാകവി ഉള്ളൂർ, ശൂരനാട് കുഞ്ഞൻപിള്ള എന്നിവരൊക്കെ ഇവയിലെ സ്ഥിരം സന്ദർശകരായിരുന്നു.

ചാല കലാപം, പുലി ഇറങ്ങിയ കഥ
1908ലായിരുന്നു സംഭവം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഞ്ചഗവ്യമെടുക്കുന്ന ‘കിണ്ണങ്ങൾ’ കുഞ്ചി ഈച്ചി എന്നു പേരുള്ള ജീവനക്കാരൻ മോഷ്ടിച്ച് ചാലയിലെ ഒരു വാണിയന് വിൽക്കാൻ ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പൊലീസ് എത്തിയപ്പോൾ തിക്കും തിരക്കുമായി. ഇതിൽ കച്ചവടക്കാർ പ്രതിഷേധിച്ചു. അതിനിടെ ഒരു ബ്രാഹ്മണ ബാലനെ അറസ്റ്റ് ചെയ്തു. ഇതിനെതിരെയും ശക്തമായ പ്രതിഷേധമുണ്ടായി. അത് ചാല പൊലീസ് സ്റ്റേഷൻ തീവയ്പ്പിലും കടയടപ്പു സമരത്തിലുമാണ് കലാശിച്ചത്. ഇന്നത്തെ ഗാന്ധി പാർക്കിനു സമീപമായിരുന്നു ചാല പൊലീസ് സ്റ്റേഷൻ. ചാല മാർക്കറ്റിൽ പുലി ഇറങ്ങിയ കഥ ഇന്നും വിവാദമാണ്. പുലിയല്ല കാട്ടുപൂച്ചയാണെന്ന ഒരു വാദമുണ്ട്. സ്വാതി തിരുനാളിന്റെ ഇളയമ്മ ഗൗരി പാർവതിബായി റീജന്റായി ഭരിക്കുന്ന കാലമായിരുന്നു അത്. പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾക്ക് നഷ്ടപരിഹാരം കൊടുത്തതും പുലിയെ പിടിക്കാനെത്തിയയാൾക്ക് പ്രതിഫലവും നൽകിയതിനുമുള്ള രേഖ മതിലകം രേഖയിലുണ്ടെന്ന് ചരിത്രകാരൻ പ്രതാപൻ കിഴക്കേമഠം പറയുന്നു.
എഴുത്തുകാർ മുതൽ, ആരാച്ചാർമാർ വരെ
പണ്ട് തൂക്കിക്കൊല്ലാൻ വിധിക്കുന്നവരുടെ ശിക്ഷ നടപ്പിലാക്കിയിരുന്ന ആരാച്ചാർമാരും ഇവിടെ താമസിച്ചിട്ടുണ്ട്. തൂക്കുകയർ പൂജിച്ചിരുന്നത് പത്മനാഭാ തിയറ്ററിന്റെ പുറകുവശത്തെ മുറിപ്പാലത്തടി മാടൻ കോവിലിലാണ് അ.മാധവൻ, നീല പത്മനാഭൻ, എസ്.രാമകൃഷ്ണൻ, തോപ്പിൽ മുഹമ്മദ് മീരാൻ എന്നിവരൊക്കെ ചാലയുമായി ബന്ധപ്പെട്ട എഴുത്തുകാരാണ്. ഉത്തരേന്ത്യയിൽ നിന്നു വരുന്ന തീർഥാടകരെയാണ് ഗോസായിമാർ എന്നു വിളിച്ചിരുന്നത്. ഇവരെ താമസിപ്പിച്ചിരുന്നത് കിള്ളിപ്പാലത്തിനു സമീപത്തെ ചാവടിയിലാണ്. ഇന്നത് ക്ഷേത്രമാണ്, ഇവിടെ താമസിച്ചിരുന്നവരിൽ ഒരാൾ ഗുരുനാനാക്കാണെന്ന് ചരിത്രകാരൻ ഡോ. എം.ജി.ശശിഭൂഷൺ സാക്ഷ്യപ്പെടുത്തുന്നു.
ചാലയിലേക്കുള്ള ഇടവഴികൾ
∙ പുത്തരിക്കണ്ടത്തിനു സമീപത്തെ കടുവാത്തോപ്പ്
∙ ശ്രീപത്മനാഭ തിയറ്ററിനു പിന്നിലത്തെ മൈലാടും തോപ്പ് (ഇപ്പോൾ വൃന്ദാവൻ ഗാർഡൻസ്)
∙ മഞ്ചാടി മൂട്, പാട്ടുവിളാകം, കമുകറ വിളാകം, മരക്കട റോഡ്, കരിക്കട റോഡ്,
∙ കരുപ്പട്ടിക്കട റോഡ്