സമ്പൂർണ മാലിന്യ നിർമാർജനം ഒറ്റൂരിന്റെ പരീക്ഷണങ്ങൾ

Mail This Article
കല്ലമ്പലം∙ വീട്,ഓഫിസ്,പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള അജൈവമാലിന്യം എല്ലാ മാസവും പത്താം തീയതിക്ക് മുന്നോടിയായി ശേഖരിക്കുകയും ശാസ്ത്രീയമായി തരം തിരിച്ച് അംഗീകൃത ഏജൻസിക്ക് കൃത്യമായി കൈമാറുകയും ചെയ്യുന്ന സംസ്ഥാനത്തെ രണ്ട് പഞ്ചായത്തുകളിൽ ഒന്നിൽ ഇടം നേടി ഒറ്റൂർ. രണ്ടാമത്തേത് കണ്ണൂരിലെ ചപ്പാരക്കടവ് പഞ്ചായത്താണ്. 30ന് സമ്പൂർണ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നവകേരള മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജനകീയ ക്യാംപ് പ്രവർത്തനങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
13 വാർഡുകളുള്ള പഞ്ചായത്തിൽ 26 ഹരിത കർമ സേന അംഗങ്ങൾ ഉണ്ട്. വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫിൽ നിന്നുള്ള മാലിന്യം ഒൻപത് ഇനങ്ങളിലായി തരംതിരിച്ചാണ് അംഗീകൃത ഏജൻസികൾക്കു കൈമാറുന്നത്. പ്രതിമാസം 3000 മുതൽ 3500 കിലോ വരെ അജൈവ പാഴ് വസ്തുക്കൾ തരംതിരിച്ച് അംഗീകൃത ഏജൻസിക്ക് കൈമാറുന്നു. 2023 മാർച്ച് മാസം ആരംഭിച്ച ജനകീയ ക്യാംപ് തുടരുന്നു. ഹരിതം എന്ന പേരിലുള്ള എൽഇഡി ബൾബ് നിർമാണത്തിലൂടെ വലിച്ചെറിയുന്ന നൂറ് കണക്കിന് ബൾബുകൾ പുനരുപയോഗിക്കാൻ സാധിച്ചു. പഞ്ചായത്തിന് ആവശ്യമായ പുതിയ ബൾബുകളും നിർമിക്കുന്നു.
വ്യാവസായിക അടിസ്ഥാനത്തിൽ ഇനാക്കുലം (ജീവാണു വളം) നിർമിക്കാനും പദ്ധതിയുണ്ട്. വീ ഹെൽപ് എന്ന പേരിൽ ആരംഭിച്ച ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് നിരോധിത പ്ലാസ്റ്റിക് ഗ്ലാസുകൾ,പാത്രങ്ങൾ എന്നിവ ഒറ്റൂരിന്റെ മണ്ണിൽ വീഴാതെ പ്രതിരോധം തീർക്കുന്നു. എല്ലാ വീടുകളിലും അജൈവ മാലിന്യ പരിപാലന സംവിധാനം ഉറപ്പാക്കുന്ന പദ്ധതികളും വിജയകരമായി നടപ്പാക്കി വരുന്നു. നടപ്പു പദ്ധതിയിലും, 2025-26 പദ്ധതിയിലും ഇതിനായി തുക വകയിരുത്തിയിട്ടുണ്ട്. ഞെക്കാട് ഗവ.വിഎച്ച്എസ്എസിൽ ജൈവമാലിന്യം ശേഖരിക്കുന്നതിന്റെ ഭാഗമായുള്ള തുമ്പൂർമുഴി നിർമാണം അന്ത്യ ഘട്ടത്തിലാണ്. പ്രധാന ജംക്‌ഷനുകളിൽ ബോട്ടിൽ ബൂത്ത്,അറിയിപ്പ് ബോർഡ് എന്നിവ സ്ഥാപിച്ചു. മാലിന്യ പരിപാലനത്തിന് സമൂഹത്തിന്റെ ജാഗ്രതയും പിന്തുണയും നിരന്തരം ആവശ്യമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ബീന പറഞ്ഞു.