ADVERTISEMENT

വടക്കാഞ്ചേരി ∙ ആനപ്പുറത്തു കുടകൾ വിരിഞ്ഞപ്പോൾ പുരുഷാരം ദേശം മറന്ന് ഒരു കുടക്കീഴിലായി; ആവേശക്കുടക്കീഴിൽ. ഒരാണ്ടിലേക്ക് ഉള്ളിൽ സൂക്ഷിക്കാനുള്ള ആവേശമാണ് ഇന്നലെ ഊത്രാളിക്കാവ് പൂരത്തിന്റെ എഴുന്നള്ളിപ്പുകളും കൂട്ടി എഴുന്നള്ളിപ്പും ഭക്തർക്കു സമ്മാനിച്ചത്.കുടമാറ്റത്തിന്റെ മനോഹാരിത കണ്ടു മതിമറന്നു ജനം നിന്നു. 

ആലവട്ട വെഞ്ചാമരങ്ങൾ ആനപ്പുറത്ത് ഉയർന്നതിനൊപ്പം ആവേശപ്പുറത്തു കാഴ്ചക്കാരുടെ കൈകൾ ഉയർന്നു. വടക്കാഞ്ചേരി, കുമരനെല്ലൂർ, എങ്കക്കാട് ദേശങ്ങളുടെ 11 വീതം കരിവീരന്മാർ അണിനിരന്നപ്പോൾ തന്നെ പൂരം ചന്തം തികഞ്ഞു. തിരുവമ്പാടി ചന്ദ്രശേഖരൻ, പാമ്പാടി രാജൻ, പുതുപ്പള്ളി കേശവൻ എന്നീ ആനകൾ അടുത്തടുത്തു നിന്ന് 3 ദേശങ്ങൾക്കും വേണ്ടി തിടമ്പേന്തി.

കോലവെളിച്ചത്തിൽ തിടമ്പുകളിൽ ഭഗവതി തെളിഞ്ഞു നിന്ന കാഴ്ചയിൽ ഭക്തരുടെ ഉള്ളു നിറഞ്ഞു. കുമരനെല്ലൂർ ദേശത്തിന്റെ വെടിക്കെട്ടുമായപ്പോൾ പൂരവിരുന്നു അവിസ്മരണീയമായി.   എങ്കക്കാട് ദേശത്തിന്റെ പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളിപ്പോടെയായിരുന്നു പൂരം ദിവസത്തെ കാഴ്ചകൾക്കു തുടക്കം. കുനിശേരി അനിയൻ മാരാരായിരുന്നു പഞ്ചവാദ്യ പ്രമാണം. പരയ്ക്കാട് തങ്കപ്പ മാരാരുടെ പ്രമാണത്തിൽ കരുമരക്കാട് ശിവക്ഷേത്രത്തിലെ നടപ്പുര പഞ്ചവാദ്യത്തോടെ 12ന് വടക്കാഞ്ചേരി ദേശത്തിന്റെ എഴുന്നള്ളിപ്പ് ആരംഭിച്ചു. 

3 മണിയോടെ വടക്കാഞ്ചേരി പൂരം ഊത്രാളിക്കാവിനു മുൻപിലെത്തി എഴുന്നള്ളിപ്പു തുടർന്നു. കുമരനെല്ലൂർ ദേശത്തിന്റെ പഞ്ചവാദ്യവും എഴുന്നള്ളിപ്പും ഊത്രാളിക്കാവിൽ 2ന് ആരംഭിച്ചു. ചോറ്റാനിക്കര വിജയനും ചെർപ്പുളശേരി ശിവനും പഞ്ചവാദ്യത്തിനു നേതൃത്വം നൽകി. 3 ദേശങ്ങളും മുഖാമുഖം നിന്നു മേളത്തിന്റെ അകമ്പടിയിൽ നടത്തിയ കുടമാറ്റം കാഴ്ച കൊണ്ടും നാദം കൊണ്ടും പൂരപ്രേമികൾക്കു വിരുന്നായി.

പെരുവനം കുട്ടൻ മാരാർ‌ വടക്കാഞ്ചേരി ദേശത്തിന്റേയും കിഴക്കൂട്ട് അനിയൻ മാരാർ എങ്കക്കാട് ദേശത്തിന്റേയും വെള്ളിത്തിരുത്തി ഉണ്ണിനായർ കുമരനെല്ലൂർ ദേശത്തിന്റേയും  മേളത്തിനു പ്രമാണം വഹിച്ചു. തുടർന്നു കാവിലെ ഭഗവതിക്ക് അഭിമുഖമായി ഒന്നിച്ച് അണിനിരന്ന് പാണ്ടിമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഭഗവതിപ്പൂരവും കൂട്ടിയെഴുന്നള്ളിപ്പും. തുടർന്ന് കുമരനെല്ലൂരിന്റെ വെടിക്കെട്ട്. 

വെടിക്കെട്ടിനു ശേഷം ഊത്രാളിക്കാവിൽ എങ്കക്കാട് ദേശം തായമ്പക, കേളി, കൊമ്പുപറ്റ്, നാഗസ്വരം എന്നിവയും നടന്നു.  രാത്രിയിൽ പൂരം ആവർത്തിച്ചു. ഇന്നു പുലർച്ചെ വടക്കാഞ്ചേരി ദേശം വെടിക്കെട്ടു നടത്തും. തുടർന്ന് മേളം, ഭഗവതിപ്പൂരം, കൂട്ടിയെഴുന്നള്ളിപ്പ്. 9.30ന്  പൊങ്ങലിടി. തുടർന്ന് ഊത്രാളിക്കാവ്, കൊടുമ്പുക്കാവ്, മങ്ങാട്ടുകാവ്, കർക്കടകത്തുകാവ് കോമരങ്ങളുടെ കൽപനയ്ക്കു ശേഷം 3 ദേശങ്ങളും ഉപചാരം ചൊല്ലി പിരിയും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com