അത് അമ്മയെത്തിരഞ്ഞു വന്നതല്ലേ, ഇങ്ങനെ ക്രൂരത കാണിക്കണോ ?

Mail This Article
അതിരപ്പിള്ളി ∙ കുഴിയിൽ വീണ് അമ്മയാനയുടെ സംരക്ഷണത്തിൽനിന്ന് ഒറ്റപ്പെട്ട, പാലുകുടി മാറാത്ത കാട്ടാനക്കുട്ടിയെ സംരക്ഷിക്കാതെ വനപാലകർ കാട്ടിൽ ഉപേക്ഷിച്ചതായി പരാതി. വാഴച്ചാൽ വനം ഡിവിഷനിലെ ഷോളയാർ റേഞ്ചിലാണു സംഭവം. ഞായറാഴ്ച വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസികളാണ് അടവര വനത്തിൽ കുഴിയിൽ കുടുങ്ങിക്കിടന്ന മൂന്നു മാസം പ്രായമുള്ള കാട്ടാനക്കുട്ടിയെ കണ്ടെത്തിയത്. ഷോളയാർ ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ വനപാലകരെത്തി കുഴിയിൽനിന്നു പുറത്തെത്തിച്ചു കാട്ടിൽ വിട്ടു. എന്നാൽ കൂട്ടത്തിൽ ചേരാൻ കഴിയാതെ കാട്ടിൽ അലഞ്ഞ ആനക്കുട്ടി അടുത്തദിവസം തവളക്കുഴിപ്പാറ ആദിവാസി ഗ്രാമത്തിലെത്തി.
ഇതോടെ വീണ്ടും ജീവനക്കാരെത്തി കാട്ടിൽ കയറ്റി വിട്ടെങ്കിലും ആനക്കുട്ടി പിറ്റേദിവസം തിരിച്ചുവന്നു. തീറ്റയെടുക്കാൻ പ്രായമായിട്ടില്ലാത്ത ആനക്കുട്ടി ആ ദിവസങ്ങളിൽ ഗ്രാമവാസികൾ നൽകിയ വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. രാത്രിയിലും അവിടെത്തങ്ങിയ ആനക്കുട്ടിയുടെ സംരക്ഷണത്തിന് കമ്പുകൾ കുത്തിനിർത്തിയുണ്ടാക്കിയ കൂടാണ് ഒരുക്കിയത്. അടുത്ത ദിവസമെത്തിയ വനപാലകർ ആനക്കുട്ടിയെ തിരിച്ചെത്താൻ കഴിയാത്ത വിധം കിലോമീറ്ററുകൾ അകലെയുള്ള ഊളശേരി വനത്തിൽ കൊണ്ടുവിടുകയായിരുന്നു.
കൂട്ടത്തിൽനിന്നു വേർപെടുന്ന ആനക്കുട്ടികളെ സാധാരണ ആനപരിപാലന കേന്ദ്രത്തിലെത്തിച്ചാണു സംരക്ഷിക്കുക. വളർച്ചയുടെ ആദ്യഘട്ടത്തിൽ തള്ളയാനയുടെ പാലു കുടിച്ചാണു കുട്ടിയാനകൾ കഴിയുന്നത്. തീറ്റയെടുക്കാൻ പ്രായമാകാത്ത ആനക്കുട്ടിയെ ഉൾക്കാട്ടിലുപേക്ഷിച്ചത് അതിന്റെ അതിജീവനം പ്രതിസന്ധിയിലാക്കുമോ എന്ന് ആദിവാസികൾ സംശയമുന്നയിക്കുന്നു. കടുവയുള്ള പറമ്പിക്കുളം ടൈഗർ റിസർവിനോടു ചേർന്നാണ് ഊളശേരി വനം. ആനക്കുട്ടിയെ കണ്ടെത്തിയ വനമേഖലയിൽ കഴിഞ്ഞ ദിവസം പിടിയാനയുടെ ഒരുമാസം പഴക്കമുള്ള ജഡം കണ്ടെത്തിയതിൽ ദുരൂഹത നിലനിൽക്കുന്നുമുണ്ട്.