മാനന്തവാടി നഗരസഭയിലേക്ക് ഡിവൈഎഫ്ഐ മാർച്ച്
Mail This Article
മാനന്തവാടി ∙നഗരസഭാ അധികൃതരുടെ അഴിമതിയും കെടുകാര്യസ്ഥതയ്ക്കും സ്വജന പക്ഷപാതത്തിനുമെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നഗരസഭയിലേക്കു പ്രതിഷേധ മാർച്ച് നടത്തി. ലാപ്ടോപ് വാങ്ങിയതിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തിയതെന്നും വിപണിയിൽ 30,000 രൂപയുള്ള ലാപ്ടോപ് 56,890 നൽകി വാങ്ങിയതിൽ 25 ലക്ഷം രൂപയിലധികം രൂപയുടെ അഴിമതി നടത്തിയെന്ന് ഡിവൈഎഫ്ഐ നേതാക്കൾ കുറ്റപ്പെടുത്തി. ചട്ടങ്ങൾ കാറ്റിൽ പറത്തി ബന്ധു നിയമനങ്ങൾ തകൃതിയായി നടക്കുകയാണ്. എസ്ടി വിഭാഗക്കാർക്ക് നൽകിയ കട്ടിൽ, വനിതകൾക്ക് നൽകിയ തയ്യൽ യന്ത്രം എന്നിവ സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു മാർച്ച്.
പ്രകടനം നഗരസഭ ഓഫിസിന് മുന്നിൽ മാനന്തവാടി എസ്‌ഐ കെ.കെ. സോബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ് മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.ബി. ബബീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ. ജിതിൻ, കെ. വിപിൻ, കെ. അഖിൽ, കെ.എം. അബ്ദുൽ ആസിഫ്, നിരഞ്ജന അജയകുമാർ, കെ.കെ. എന്നിവർ പ്രസംഗിച്ചു.