പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു; തിരിഞ്ഞുനോക്കാതെ അധികൃതർ

Mail This Article
നടവയൽ ∙ ശുദ്ധജലവിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി മാസങ്ങളായി ജലം പാഴാകുന്നുണ്ടെങ്കിലും ചോർച്ച പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. നടവയൽ - വേലിയമ്പം റോഡിൽ 3 ഇടങ്ങളിലായാണ് പൈപ്പ് പൊട്ടി ദിനംപ്രതി ലീറ്റർകണക്കിന് ശുദ്ധജലം ആർക്കും ഉപകാരപ്പെടാതെ പാഴാകുന്നത്. പിവിസി പൈപ്പിന് പുറമേ നെയ്ക്കുപ്പ പാലത്തിന് മുകളിൽ കൂടി പോകുന്ന ഇരുമ്പു പൈപ്പും പൊട്ടി ജലം പാഴാകുന്നുണ്ട്.
ചോർച്ച സംഭവിച്ചു ജലം പാഴാകുന്നതു പല തവണ അധികൃതരെ അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഇരുമ്പ് പൈപ്പ് പൊട്ടിയ ഭാഗത്തെ ഉയരത്തിലുള്ള ജലപ്രവാഹം മൂലം റോഡിലൂടെ സഞ്ചരിക്കുന്നവരുടെ ശരീരത്തിലേക്കു വെള്ളം തെറിക്കുന്നതും പതിവാണെങ്കിലും നരസി പുഴയിലേക്കാണ് ഈ വെള്ളം അത്രയും ഒഴുകി പോകുന്നത്.
നടവയൽ ടൗണിൽ പൈപ്പ് പൊട്ടിയ ഭാഗത്തുനിന്നുള്ള വെള്ളം അരക്കിലോ മീറ്ററോളം ദൂരത്തിൽ പാതയോരത്തു കൂടി ഒഴുകി പാഴാകുന്നുണ്ട്. കൂടാതെ ഭൂമിക്കടിയിലൂടെ ഒഴുകിയെത്തുന്ന വെള്ളം പലരുടെയും വീട്ടുമുറ്റത്തേക്കാണു ഒഴുകുന്നത്. സ്ഥിരമായി വെള്ളം ഒഴുകിയെത്തുന്നതിനാൽ മുറ്റം തകരുന്ന അവസ്ഥയുമുണ്ട്.
വേനൽ കനത്ത് കുടിവെള്ളത്തിനായി ജനങ്ങൾ പരക്കം പായുമ്പോൾ ലക്ഷക്കണക്കിന് ലീറ്റർ ജലം പാഴാകുന്നതു കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്നു പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ അറ്റകുറ്റപ്പണികൾ കാര്യക്ഷമമായി നടത്താത്ത ഉദ്യോഗസ്ഥ അനാസ്ഥയ്ക്കെതിരെ സമരവുമായി രംഗത്തിറങ്ങാനാണു നാട്ടുകാരുടെ തീരുമാനം.