ബെംഗളൂരു കേന്ദ്രമായി വിദേശജോലി തട്ടിപ്പ്; മലയാളി കോടികളുമായി മുങ്ങിയതായി പരാതി

Mail This Article
പുൽപള്ളി ∙ ചെറിയ മുതൽമുടക്കിൽ വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയെന്നാരോപിച്ച് ഒട്ടേറെ പരാതികൾ. ബെംഗളൂരു രാമമൂർത്തിനഗറിൽ മലയാളികൾ നടത്തുന്ന ജസ്റ്റ് സെറ്റ് ജേണി എന്ന സ്ഥാപന നടത്തിപ്പുകാർക്കെതിരെയാണ് പരാതി. കേരളത്തിനകത്തും പുറത്തുമായി 350ൽ ഏറെ പേർ തട്ടിപ്പിനിരയായെന്നു പറയുന്നു. സ്ഥാപനവുമായി ബന്ധമുണ്ടെന്നു പറയുന്ന പുൽപള്ളി സ്വദേശിനിയെ തിരഞ്ഞ് ഇന്നലെ മുപ്പത്തഞ്ചോളം പേരെത്തി. ഭൂദാനത്ത് അവരുടെ വീടിനു സമീപത്തു റോഡിലിരുന്നു പ്രതിഷേധിച്ചവരെ പൊലീസെത്തി മടക്കിയയച്ചു. എറണാകുളത്തുനിന്നെത്തിയവരാണിവർ.
കൈക്കുഞ്ഞുള്ള യുവതികളും സംഘത്തിലുണ്ടായിരുന്നു. ഓസ്ട്രിയ, ലക്സംബർഗ്, ജർമനി എന്നീ രാജ്യങ്ങളിലേക്കാണ് ജോലി വാഗ്ദാനമുണ്ടായത്. അൺ സ്കിൽഡ് വിഭാഗത്തിൽ ജോലിക്കുള്ള വീസയ്ക്കും മറ്റുമായി 3.5 ലക്ഷം രൂപയാണ് നിരക്ക്.പണം വാങ്ങിയതിനുള്ള രേഖകളും ഉദ്യോഗാർഥികൾക്കു നൽകിയിരുന്നു. എന്നാൽ അവധി കഴിഞ്ഞിട്ടും ആർക്കും വീസയോ, വർക് പെർമിറ്റോ, എംബസികളുടെ അറിയിപ്പോ ലഭിച്ചില്ല. വഞ്ചിതരായവർ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു പുറത്തായത്. കബളിപ്പിക്കപ്പെട്ടവർ കൂട്ടത്തോടെ ബെംഗളൂരു രാമമൂർത്തിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.