കൃഷിയിടങ്ങളിൽ ആധിപത്യം സ്ഥാപിച്ച് മാൻകൂട്ടങ്ങൾ

Mail This Article
പുൽപള്ളി ∙ കേരള–കർണാടക അതിർത്തിവനപ്രദേശമാകെ വരണ്ടുണങ്ങുകയും തീറ്റയൊന്നുമില്ലാതാവുകയും ചെയ്തതോടെ വന്യമൃഗങ്ങളുടെ കൂട്ടപ്പലായനം നാട്ടിലേക്ക്. വണ്ടിക്കടവ്, മാടപ്പള്ളിക്കുന്ന്, കന്നാരംപുഴ, ചാമപ്പാറ ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ വനത്തിലെന്ന പോലെ മാൻകൂട്ടങ്ങൾ മേഞ്ഞുനടക്കുന്നു. വനാതിർത്തിയിലെ കന്നാരംപുഴയാണ് വെള്ളത്തിനുള്ള ആശ്രയം. വനയോരപ്രദേശത്തെ ഏക്കറുകണക്കിനു തോട്ടങ്ങളിൽ മാനുകൾ രാപകൽ കഴിയുന്നു. ഇവയുടെ റോഡിനു കുറുകെയുള്ള ഓട്ടം പലപ്പോഴും യാത്രക്കാരെ അപകടത്തിലാക്കുന്നു. കർഷകർ പാടുപെട്ട് നട്ടുനനയ്ക്കുന്ന സകലനാമ്പുകളും മാനുകൾ കടിച്ചുമുറിക്കുന്നു.
മാവ്, പ്ലാവ്, മുരിക്ക് അടക്കമുള്ള മരങ്ങളുടെ തോലും തിന്നുതീർക്കുന്നു. പച്ചക്കറിയോ, കിഴങ്ങുവിളകളോ നടാനാവില്ല. വൻതോതിൽ ചേന, കപ്പ, ചേമ്പ് തുടങ്ങിയവ വിളഞ്ഞിരുന്ന ഗ്രാമങ്ങളിൽ ഇപ്പോഴൊന്നുമില്ല. അടുത്തിടെ നട്ടുപിടിപ്പിച്ച വാഴ, കമുക്, കാപ്പിച്ചെടികൾ എന്നിവയും മാനുകൾ നശിപ്പിക്കുന്നു. മൃഗശല്യം തടയാൻ വൻതുക മുടക്കി സ്ഥലത്തിനുചുറ്റും വലയും വേലിയും കെട്ടിയവർക്കും രക്ഷയില്ല. കൊമ്പുകൊണ്ട് കുത്തിക്കീറിയും തള്ളിനീക്കിയും നശിപ്പിക്കുന്നു. തോട്ടങ്ങളിൽ സ്ഥാപിച്ച പൈപ്പുലൈനുകളും ശരിപ്പെടുത്തുന്നു. രാത്രി വീട്ടുമുറ്റത്താണ് ഇവയുടെ കിടപ്പെന്നു വണ്ടിക്കടവുകാർ പറയുന്നു.
മാനുകളെ തേടി കടുവയെത്തുമെന്നതാണ് മറ്റൊരുഭീഷണി.നാണ്യവിളകൾ നശിച്ച സ്ഥലം വെട്ടിയൊരുക്കി വാഴയടക്കമുള്ള കൃഷികൾ നടത്തിയ കർഷകർക്കുണ്ടായ നഷ്ടം ചില്ലറയല്ല. മാനുകളെക്കാൾ അപകടം കാട്ടുപന്നികളാണെന്നു കർഷകർ പറയുന്നു. മാനുകൾ വിളകളുടെ കൂമ്പെടുക്കുമ്പോൾ കാട്ടുപന്നികൾ ചുവടെ കുത്തിമറിക്കുന്നു. കൃഷിയിടത്തിന്റെ വേലികളുംമറ്റും തകർത്താണിവയുടെ താണ്ഡവം. കന്നുകാലികൾക്കുവേണ്ടി നട്ടുവളർത്തുന്ന പുല്ലും ചോളവും മാനുകൾ തിന്നുതീർക്കുന്നു.പറമ്പിലെ പുൽനാമ്പുകളടക്കം നക്കിതുടയ്ക്കുന്നതിനാൽ കന്നുകാലികൾക്ക് നൽകാൻ വൈക്കോലും സൈലേജും മറ്റും വാങ്ങേണ്ട അവസ്ഥ. അതാവട്ടെ മാനുകൾ എത്താത്തവിധം ഉയരത്തിൽ സൂക്ഷിക്കുകയും വേണം.
മാനുകളുടെ എണ്ണം വൻതോതിൽ വർധിക്കുന്നതും വനത്തിൽ തീറ്റയില്ലാത്തതുമാണ് അവ കൃഷിയിടങ്ങൾ കയ്യടക്കാൻ കാരണം. വനാതിർത്തിയിൽ 12 അടി ഉയരത്തിൽ ടൈഗർനെറ്റും വൈദ്യുതവേലിയും നിർമിച്ചാൽ മൃഗശല്യത്തിനു പരിഹാരമാകും. എന്നാൽ ഇത്തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങളൊരുക്കാൻ വനംവകുപ്പ് തയാറായിട്ടില്ല. ആധുനിക സാങ്കേതികവിദ്യയും എ.ഐ.സംവിധാനങ്ങളുമുപയോഗിച്ച് വന്യമൃഗങ്ങളെ തുരത്താനുള്ള പദ്ധതികളുടെ പിന്നാലെയോടുന്ന വനംവകുപ്പ് പ്രായോഗിക സംവിധാനങ്ങളിലൂടെ കാടും നാടും വേർതിരിക്കാൻ ശ്രമിക്കണമെന്ന് കർഷകർ പറയുന്നു.