ഒപ്പമുണ്ട്; നമുക്ക് ഒരുമിച്ച് അതിജീവിക്കാം

Mail This Article
കൽപറ്റ ∙ മലയാളികൾ എക്കാലവും ദുരന്തബാധിതർക്കൊപ്പം നിലനിൽക്കുമെന്ന പ്രഖ്യാപനമായി മലയാള മനോരമയുടെ മുണ്ടക്കൈ–ചൂരൽമല അതിജീവനസംഗമം. മഹാദുരന്തത്തെ നേരിട്ട് ജീവിതം തിരിച്ചുപിടിച്ചവർക്കു പുതുജീവനത്തിൽ കൈത്താങ്ങാകാൻ സമൂഹത്തിന്റെ പിന്തുണയും ഉറപ്പാക്കുമെന്നു സംഗമം ഒന്നിച്ചുറക്കെ പ്രഖ്യാപിച്ചു. പുനരധിവാസ ടൗൺഷിപ് തറക്കല്ലിടൽ ചടങ്ങിനു മുന്നോടിയായി മലയാള മനോരമ സംഘടിപ്പിച്ച അതിജീവനസംഗമം ദുരന്തബാധിതരുടെ ഭാവി ശോഭനമാകുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുന്നതായി.
താജ് വയനാട് റിസോർട്ട് ആൻഡ് സ്പായുടെ സഹകരണത്തോടെയായിരുന്നു ചടങ്ങ്. 10 കൊല്ലം കഴിയുമ്പോൾ ലോകത്തിനു മുന്നിൽ എഴുന്നേറ്റു നിൽക്കാൻ മുണ്ടക്കൈ–ചൂരൽമല നിവാസികൾക്കു കഴിയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടി. സിദ്ദീഖ് എംഎൽഎ ഓർമിപ്പിച്ചു.എല്ലാം തകർന്നിട്ടും വീണ്ടും ഉയിർത്തെഴുന്നേറ്റ ജപ്പാനിലെ ജനതയെ ദുരന്തബാധിതർ മാതൃകയാക്കണം. ബോംബാക്രമണത്തിൽ തകർന്നുപോയ ജപ്പാനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സാങ്കേതിക വിദഗ്ധരുള്ള രാജ്യം. ദുരന്തത്തെ അതിജീവിച്ചു ജപ്പാൻലോകത്തിനു മുന്നിൽ എഴുന്നേറ്റുനിന്നു.
ചൂരൽമല–മുണ്ടക്കൈ പ്രദേശവാസികൾക്കും അതു സാധിക്കണം. ദുരന്തമുണ്ടായപ്പോൾ മാധ്യമങ്ങളും സംഘടനകളും സർക്കാരുകളും ഒപ്പം നിൽക്കുന്നു. ആർക്കും രാഷ്ട്രീയമില്ല, മതമില്ല. എല്ലാ മതത്തിന്റെയും സങ്കീർത്തനങ്ങൾ പാടിയാണു മരിച്ചവരെ യാത്രയാക്കിയത്. എല്ലാറ്റിനും അതീതമായ ഒരുമയാണ് ഇവിടെയുള്ളവർക്ക്. പുനരധിവാസവുമായി ബന്ധപ്പെട്ടു ചില പോരായ്മകൾ വന്നിട്ടുണ്ട്. അത് പൂർണമായും പരിഹരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനായി എല്ലാ സമ്മർദവും ചെലുത്തുന്നുണ്ട്. ചൂരൽമലയിലുണ്ടായ ദുരന്തം ലോകത്തെ അറിയിക്കാൻ മാധ്യമങ്ങൾ രംഗത്തെത്തി. മാധ്യമ പ്രവർത്തനത്തിന്റെ ധർമം അവർ നിർവഹിച്ചു.
വാർത്തകൾ അറിയിക്കുക മാത്രമല്ല, ദുരന്തബാധിതരുടെ പ്രയാണത്തിൽ ഞങ്ങളും ഒപ്പമുണ്ടെന്ന് പ്രഖ്യാപിക്കുകയാണു മലയാള മനോരമ ചെയ്യുന്നതെന്നും എംഎൽഎ പറഞ്ഞു. ദുരന്തബാധിതർക്കായുള്ള നല്ലപാഠം പദ്ധതി പ്രഖ്യാപനവും ചടങ്ങിൽ നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ഭാരതിയാർ സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ.റാഷിദ് ഗസാലി പ്രചോദനാത്മക പ്രഭാഷണം നടത്തി. കൽപറ്റ നഗരസഭാധ്യക്ഷൻ ടി.ജെ.ഐസക്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു,
മലയാള മനോരമ സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, താജ് മലബാർ റിസോർട്ട് ആൻഡ് സ്പാ ലേണിങ് ആൻഡ് ഡവലപ്മെന്റ് മാനേജർ ആർ. മഹേഷ്, താജ് വയനാട് റിസോർട്ട് ആൻഡ് സ്പാ എച്ച്ആർ മാനേജർ മുരളീകൃഷ്ണൻ, മലയാള മനോരമ വയനാട് സീനിയർ റിപ്പോർട്ടർ ഷിന്റോ ജോസഫ്, മേപ്പാടി പഞ്ചായത്ത് അംഗം എൻ.കെ.സുകുമാരൻ, ജനശബ്ദം കർമസമിതി കൺവീനർ നസീർ ആലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാൻ ഉരുൾപൊട്ടൽ ബാധിതർക്കായി നല്ലപാഠം ക്ലബ്ബുകൾ വഴി മലയാള മനോരമ നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം നടത്തി.
ഒരു മനമായി അതിജീവന ഗാനം
കൽപറ്റ ∙ മലയിടിച്ചെത്തിയ മഹാദുരന്തത്തിൽ നാടൊന്നാകെ ഒലിച്ചുപോയപ്പോഴും ഏറെ പണിപ്പെട്ടു സ്വജീവിതം തിരിച്ചുപിടിച്ചവർ ഒരുമനമായി ഒത്തുചേർന്നപ്പോൾ മുഴങ്ങിയതു പ്രത്യാശയുടെ അതിജീവനഗാനം. മലയാള മനോരമ താജ് വയനാട് റിസോർട്ട് ആൻഡ് സ്പായുടെ സഹകരണത്തോടെ സംഘടിപ്പിച്ച അതിജീവനസംഗമത്തിൽ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ നൂറുകണക്കിനുപേർ ഒന്നിച്ചണിനിരന്നു. ഉരുൾപൊട്ടൽ ദുരന്തത്തെ നാടൊന്നിച്ചു മറികടക്കുമെന്ന പ്രഖ്യാപനം സംഗമത്തിലുയർന്നു. കൽപറ്റയിൽ ടൗൺഷിപ്പിനു തറക്കല്ലിടാൻ ബാക്കിയുള്ളതു കുറച്ചു ദിവസങ്ങൾ മാത്രം.
അതിജീവന സ്വപ്നത്തിന്റെ പ്രതീകമെന്ന പോലെ അത് ഉയരട്ടേയെന്ന പ്രതീക്ഷ അവർ പങ്കുവച്ചു. ദുരന്തമുഖങ്ങൾ നീന്തിക്കടക്കാനുള്ള കരുത്തു മുണ്ടക്കൈ– ചൂരൽമലക്കാരുടെ രക്തത്തിലലിഞ്ഞതാണ്. അവരോരുത്തും സ്വയം അതിജീവനമാതൃകകളാണ്. പരിമിതികളും പരാതികളും നിലനിൽക്കുമ്പോഴും ഐക്യം കൈവിടാതെ പുതുജീവനം എന്ന ലക്ഷ്യത്തിനായി ഒന്നിച്ചണിനിരക്കുമെന്ന് അവർ പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് കൽപറ്റയിലായിരുന്നു മലയാള മനോരമ സംഘടിപ്പിച്ച അതിജീവനസംഗമം. ഒരു നാട്ടിൽ ജനിച്ചുവളർന്നു വയനാടിന്റെ പലദിക്കിലേക്കു ചിതറിക്കപ്പെട്ടവരെല്ലാം ഒരുമനമായി കൽപറ്റയിലെത്തി.
ജനപ്രതിനിധികൾക്കൊപ്പം മുണ്ടക്കൈ–ചൂരൽമല ജനകീയ സമിതി, ജനശബ്ദം ആക്‌ഷൻ കമ്മിറ്റി എന്നിവയുടെ ഭാരവാഹികളും പ്രവർത്തകരും സംഗമത്തിനെത്തിയിരുന്നു. മലയാള മനോരമയ്ക്കായി ബി.കെ.ഹരിനാരായണൻ എഴുതി തേജ് മെർവിൻ സംഗീതസംവിധാനം നിർവഹിച്ച മുണ്ടക്കൈ–ചൂരൽമല അതിജീവനഗാനം ചടങ്ങിൽ അവതരിപ്പിച്ചു. ദുരന്തബാധിതരുടെ ഓരോ ദിനവും അക്ഷരാർഥത്തിൽ വിവരിച്ച അതീജീവനഗാനം സദസ്സാകെ മനസ്സേറ്റുവാങ്ങി. പ്രാർഥനയായി നിറഞ്ഞ പുതുജീവിതമെന്ന പ്രതീക്ഷയുമായാണു സംഗമത്തിനെത്തിയവർ മടങ്ങിയത്.