ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോ സർജന്റെ സേവനം ഉറപ്പാക്കും: മന്ത്രി

Mail This Article
വൈത്തിരി ∙ ആരോഗ്യ മേഖലയിൽ ജില്ലയെ സ്വയംപര്യാപ്തമാക്കുമെന്നും സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ ആധുനിക ചികിത്സാ സംവിധാനങ്ങൾ ഉറപ്പാക്കുകയാണു സർക്കാർ ലക്ഷ്യമെന്നും മന്ത്രി വീണാ ജോർജ്. വൈത്തിരി താലൂക്ക് ആശുപത്രിയിലെ നവീകരിച്ച പിപി യൂണിറ്റ്, സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, ലാബ്, ഒപി ട്രാൻസ്ഫർമേഷൻ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോ സർജന്റെ സേവനം ഉറപ്പാക്കും. വന്യമൃഗ ആക്രമണത്തെ തുടർന്ന് ചികിത്സയ്ക്ക് എത്തുന്നവർക്ക് ചികിത്സാ സൗകര്യവും ശസ്ത്രക്രിയയും ഉറപ്പാക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ ഗവ.മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം ആരംഭിക്കാൻ ദേശീയ ആരോഗ്യ കമ്മിഷനോട് ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കൽപറ്റയിൽ 23 കോടി രൂപ വകയിരുത്തി ക്രിട്ടിക്കൽ കെയർ ബ്ലോക്ക് ആരംഭിക്കും. ആശുപത്രിയിൽ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 14 ലക്ഷം രൂപയും ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച 131.87 ലക്ഷം രൂപയും ഉൾപ്പെടെ 1.45 കോടി ചെലവിൽ 8 ഒപി മുറികളുടെയും മേൽക്കൂരകളുടെയും പ്രവൃത്തി പൂർത്തീകരിച്ചു. 20 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ലാബിൽ ഉപകരണങ്ങൾ വയ്ക്കാനുള്ള ടേബിളുകൾ ഇലക്ട്രിക്കൽ - പ്ലമിങ് പ്രവൃത്തികൾ, പാർട്ടീഷൻ പ്രവൃത്തികൾ എന്നിവ പൂർത്തിയാക്കി.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച പിപി യൂണിറ്റിൽ കുത്തിവയ്പ് മുറി, ഐഎൽആർ, ഡീപ് ഫ്രീസർ സ്റ്റോർ റൂം സൗകര്യങ്ങളുണ്ട്. ടി.സിദ്ദീഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ബഷീർ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ടി.മോഹൻദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സമീഹ സെയ്തലവി, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആയിഷാബി, ഡോ. ഷിജിൻ ജോൺ ആളൂർ തുടങ്ങിയവർ പങ്കെടുത്തു.

അത്യാഹിത വിഭാഗത്തിനു മുൻപിൽ പടക്കം പൊട്ടിക്കലും ചെണ്ട മേളവും
വൈത്തിരി ∙ മന്ത്രി വീണാ ജോർജ് ഉദ്ഘാടനത്തിനെത്തിയ, വൈത്തിരി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുൻപിൽ പടക്കം പൊട്ടിക്കലും ചെണ്ട മേളവും. ആശുപത്രിയിലെ നവീകരിച്ച പിപി യൂണിറ്റ്, സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, ലാബ്, ഒപി ട്രാൻസ്ഫർമേഷൻ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. രാവിലെ പത്തോടെയാണ് മന്ത്രി ആശുപത്രിയിലെത്തിയത്. പടക്കം പൊട്ടിച്ചാണ് മന്ത്രിയെ സംഘാടകർ വരവേറ്റത്.
പിന്നാലെ 20 മിനിറ്റിലധികം നീണ്ട ചെണ്ടമേളം. ഗർഭിണികളും കുട്ടികളുമടക്കം ഒട്ടേറെ രോഗികൾ ഈ സമയം ആശുപത്രിയിലുണ്ടായിരുന്നു. വലിയ ശബ്ദം ഉയർന്നതോടെ എല്ലാവരും ചെവിപൊത്തി. സംഭവം വാർത്തയായതോടെ, സാധാരണ ഗതിയിൽ ആശുപത്രിയിൽ വെടിക്കെട്ടും ചെണ്ടമേളവും പാടില്ലാത്തതാണെന്നും ആശുപത്രി ജീവനക്കാരും വൈത്തിരിക്കാരും ചേർന്നൊരുക്കിയ സന്തോഷപ്രകടനമാണിതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വീണാ ജോർജ് വിശദീകരിച്ചു.