ADVERTISEMENT

ജീവിതപരാജങ്ങൾക്ക് മുന്നിൽ മുട്ടു കുത്തുമ്പോൾ നാം ചിലപ്പോഴൊക്കെ സാഹചര്യങ്ങളെ പഴിചാരാറില്ലേ? എനിക്ക് കാര്യങ്ങൾ അറിയില്ലായിരുന്നു, വഴികാട്ടുവാൻ ആരും ഇല്ലായിരുന്നു എന്നൊക്കെ. അത്തരക്കാര്‍ തീർച്ചയായും രഞ്ജിത് ആർ പാണത്തൂർ എന്ന ചെറുപ്പക്കാരന്റെ ജീവിതകഥ അറിഞ്ഞിരിക്കണം. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് പ്ലസ്ടു കഴിഞ്ഞപ്പോൾ പഠനം അവസാനിപ്പിക്കണമെന്ന് കരുതിയ പയ്യൻ പ്രതിസന്ധികളോട് പടവെട്ടി റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രഫസറായിരിക്കുന്നു. ‘‘ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്’’ എന്ന ആമുഖത്തോടെ രഞ്ജിത് പങ്കുവെച്ച കുറിപ്പ് പതിനായിരങ്ങളാണ് ഹൃദയത്തോട് ചേർത്തത്.

 

തന്റെ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് തന്റെ വിജയം എന്ന് കരുതുന്ന രഞ്ജിത് പറയുന്നു–

 

രാത്രി സെക്യൂരിറ്റി ജോലി, പകൽ പഠനം

ഒന്നാം ക്ലാസ് മുതൽ അഞ്ചു വരെ പഠിച്ചത് പാണത്തൂർ ഗവൺമെന്റ് സ്‌കൂളിലായിരുന്നു. അഞ്ചു മുതൽ പത്തു വരെ പഠനം കാസർഗോഡ് എംആർഎസ്സിലായിരുന്നു. പ്ലസ് വൺ, പ്ലസ് ടു പഠിച്ചത് വളാന്തോട് ഹയർ സെക്കൻഡറി സ്കൂളിലാണ്. ക്ലാസ്സുകളിൽ ടോപ്പൊന്നുമല്ലെങ്കിലും മോശമല്ലാത്ത രീതിയിൽ പഠിക്കുമായിരുന്നു. ഹയർ സെക്കൻഡറിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്നു. എന്നാലും എന്റെ ചുറ്റുപ്പാടിന്റെ സമർദ്ദം മൂലം പഠനം നിർത്താമെന്നു കരുതി. ആ സമയത്ത് നല്ല ഒരു വീടുണ്ടായിരുന്നില്ല. തയ്യൽ പണിയാണെങ്കിലും ഞങ്ങൾ മൂന്നു പേരെയും അച്ഛൻ നന്നായി പഠിപ്പിച്ചു. അപ്പോൾ എനിക്ക് തോന്നി ഞാൻ അധികം പഠിച്ച്  സമയം കളയണ്ട ഒരു ജോലി നോക്കാൻ സമയമായി എന്ന്. എന്തോ ഭാഗ്യം കൊണ്ട് അതെ സമയം പാണത്തൂർ ടെലി‍ഫോൺ എക്സ്ചേഞ്ചിൽ രാത്രിക്കാല സെക്യൂരിറ്റി ആയി ജോലി കിട്ടി, പകൽ പഠിക്കാനുള്ള സമയവും. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു...

 

ഡിഗ്രി പഠിക്കുമ്പോഴും പിജി ചെയ്യുമ്പോഴും സെക്യൂരിറ്റി ആയി ജോലി നോക്കിയിരുന്നു. അതുകൊണ്ട് എന്റെ ചെലവിനുള്ള പൈസ കിട്ടിയിരുന്നു. ബി.എ എക്കണോമിക്സ് പഠിച്ചത് രാജപുരം സെന്റ് പയസ് കോളജിലായിരുന്നു. കാസർഗോഡ് കേന്ദ്രസർവകലാശാലയിലാണ് പിജി ചെയ്തത്. ദിവസവും 60 കിലോമീറ്ററിലധികം യാത്രയുണ്ടായിരുന്നു കോളജിലേക്ക്. എങ്കിലും പൈസ കളയണ്ടല്ലോ എന്ന് കരുതി ദിവസവും പോയി വന്നാണ് പഠിച്ചത്. സെന്റ് പയസ് കോളജ് എന്നെ വേദികളിൽ സംസാരിക്കാൻ പഠിപ്പിച്ചു, കാസർകോടിന് പുറത്തൊരു ലോകമുണ്ടെന്നു കേന്ദ്ര സർവകലാശാല പറഞ്ഞു തന്നു. അങ്ങനെയാണ് ഐഐടി മദ്രാസിന്റെ വല്ല്യ ലോകത്തു എത്തിയത്.

 

ശ്യാം പ്രസാദ് എന്ന വഴികാട്ടി

പിജി ചെയ്യുന്ന സമയത്തു തന്നെ റിസേർച്ചിനോട് ഒരു താൽപര്യം തോന്നിയിരുന്നു. പിജി ക്ക് പഠിക്കുമ്പോൾ ശ്യാം പ്രസാദ് എന്നൊരു അധ്യാപകൻ ഉണ്ടായിരുന്നു. ഓട്ടിസം ഉള്ള ആളാണ്. സാർ എന്നെ ഭയങ്കരമായി മോട്ടിവേറ്റ് ചെയ്‌തിരുന്നു. റിസേർച്ചിനോട് താൽപര്യം തോന്നാൻ കാരണം തന്നെ ശ്യാം സാറാണ്.

 

പിജി കഴിഞ്ഞ് നാലുമാസത്തോളം കണ്ണൂർ കൃഷ്ണമേനോൻ ഗവണ്മെന്റ് കോളേജീൽ ഗസ്റ്റ് ലക്‌ചറർ ആയി ജോലി ചെയ്‌തു. പിജി കഴിഞ്ഞപ്പോൾ വന്ന ആദ്യത്തെ പിഎച്ചഡി ആപ്ലിക്കേഷനുകളിൽ ഒന്ന് ഐഐടി മദ്രാസിന്റേത് ആയിരുന്നു. അത് കിട്ടിയതുകൊണ്ടും ബെസ്റ്റ് ഓപ്‌ഷൻ ആയതുകൊണ്ടും അത് തിരഞ്ഞെടുത്തു.  ഐഐടി യിൽ അഡ്‌മിഷൻ സമയത്ത് എന്റെ ഫീസ് അടച്ചത് ശ്യാം സാറാണ്. 

 

ഐഐടി മദ്രാസ്

അതൊരു വിചിത്ര ലോകമായിരുന്നു. ആദ്യമായിട്ട് ആൾക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി, ഇവിടെ പിടിച്ചു നിൽക്കാൻ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. ഞാൻ പഠിച്ചത് കാസർഗോഡ് തന്നെയായിരുന്നു. പുറത്തേക്ക് ഒന്നും അധികം പോയിട്ടുണ്ടായിരുന്നില്ല. സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ആണ് പി ജി ചെയ്‌തതെങ്കിലും അവിടെ എല്ലാവരും കാസർഗോഡ് നിന്നും കണ്ണൂരിൽ നിന്നും ഉള്ളവരായിരുന്നു. അവിടെ ഞങ്ങളുടെ കമ്മ്യൂണിക്കേഷനെല്ലാം മലയാളത്തിൽ തന്നെയായിരുന്നു. ഇംഗ്ലീഷിൽ അത്ര ഫ്ലുവൻസി ഉണ്ടായിരുന്നില്ല. ഞാൻ അധികം ആരോടും മിണ്ടാറുണ്ടായിരുന്നില്ല. എനിക്ക് കുറച്ചു അറിയാവുന്ന മലയാളി കൂട്ടുകാരുമായി സംസാരിക്കും അല്ലാതെ ആരുമായും സംസാരിക്കില്ലായിരുന്നു.

 

ഐഐടി എന്റെ വഴിയല്ല എന്നു തോന്നി പാതിയിൽ ഉപേക്ഷിക്കാൻ വരെ തീരുമാനിച്ചു. പക്ഷെ എന്റെ ഗൈഡ് ഡോ.സുഭാഷ്ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി. അദ്ദേഹവും ഭാര്യ ഡോ.വൈദേഹിയും കൂടി നന്നായി മോട്ടിവേറ്റ് ചെയ്‌തു. അവർ അഞ്ചാറു ദിവസം തുടർച്ചയായി എന്നെ ഭക്ഷണം കഴിക്കാൻ കൊണ്ട് പോയി കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു. ഡ്രോപ്  ചെയ്യരുത് എന്ന് പറഞ്ഞു. അത് കഴിഞ്ഞ് എനിക്ക് ഒരു വാശി വന്നു. എന്തായാലും ഡ്രോപ്പ് ചെയ്യില്ല എന്ന് തീരുമാനിച്ചു. എന്റെ ആദ്യ സെമിനാർ  നന്നായി നടന്നു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. ആ പേപ്പർ ജർമനിയിൽ പോയി പ്രസന്റ് ചെയ്തു. രണ്ടാമത്തെ പേപ്പർ ജപ്പാനിൽ പോയി പ്രസന്റ് ചെയ്തു. അതൊടെ എന്റെ കോൺഫിഡൻസും കൂടി. കഴിഞ്ഞ വർഷമാണ് പിഎച്ച്ഡി തീർന്നത്. 

 

അഞ്ചു വർഷമാണ് പിഎച്ച്ഡിയുടെ കാലാവധി. നാലരവർഷത്തിനുള്ളിൽ പിഎച്ച്ഡി പൂർത്തിയാക്കുകയാണ് എങ്കിൽ നമുക്ക് ഒരു പ്രീ ഡോക്ടറൽ ഫെലോഷിപ്പ് കിട്ടും ആറു മാസത്തേക്ക് കൂടി. ഡിസംബർ വരെ അതുണ്ടായിരുന്നു. അതിനു ശേഷം ജനുവരിയിൽ ബെംഗലൂരുവിലെ  ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്‌തു. ജനുവരിയിൽ തന്നെയാണ് ഐഐമ്മിന്റെ ഇന്റർവ്യൂ നടന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അതിന്റെ റിസൾട്ട് വന്നത്. 

 

കൂട്ടുകാർ

ഐഐടി യിൽ എത്തിയ സമയത്ത് അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. പിന്നീട് ഫുട്ബോൾ കളിക്കാൻ തുടങ്ങി. ഞങ്ങളുടെ ഫുട്ബോൾ ടീലുള്ളവർക്കു മാത്രമേ എന്റെ വീട് ഇങ്ങനെയാണ് എന്നൊക്കെ അറിയൂ. പക്ഷെ അവര് ആ ഒരു സിംപതിയുടെ പുറത്തൊന്നും എന്നോട് പെരുമാറിയിട്ടില്ല. എന്നെ സപ്പോർട്ട് ചെയ്തിട്ടേ ഉള്ളൂ. എന്റെ കരിയറിൽ അവർക്ക് ഒരു വലിയ റോൾ ഉണ്ട്. 

 

കുടുംബം

അച്ഛൻ– രാമചന്ദ്രൻ, അമ്മ– ബേബി. അനിയത്തി രഞ്ജിത എം.എ. ബിഎഡ് കഴിഞ്ഞു. അനിയൻ രാഹുൽ ഹോട്ടൽ മാനേജ്‌മന്റ് കഴിഞ്ഞു ഷെഫ് ആയി കോട്ടയത്ത് ഒരു റിസോർട്ടിൽ ജോലി നോക്കുന്നു. 

 

ആകാശത്തോളം സ്വപ്നം കാണുക

ഈ കുടിലിൽ (സ്വർഗത്തിൽ) നിന്നും റാഞ്ചി ഐഐമ്മിലെ അസിസ്റ്റന്റ് പ്രഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു.

 

എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടി പോയ ഒരുപാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷത്ക്കാരത്തിന്റെ കഥകൾ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളിൽ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക...ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരാത്തെത്താം.

English Summary: Success Story Of Ranjith R Panathur; Assistant Professor IIM Ranchi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com